“നിങ്ങൾ മികച്ച ഒരു അധ്യാപകനായിരിക്കാം. പക്ഷേ നിങ്ങളുടെ പഠിപ്പിക്കലുകളിൽ ഞാൻ ക്രിസ്തുവിനെ കാണുന്നില്ല”!!
ക്രിസ്തുശിഷ്യനാകാനുള്ള വിളി ക്രിസ്ത്വനുകരണത്തിലേക്കുള്ള വിളിയാണ്!!
ഒരു ക്രിസ്തുശിഷ്യന്റെ രൂപീകരണം വചനത്തിലുള്ള വിശ്വാസത്തിന്റെ ഉണർവ്വോടെ ആരംഭിക്കുന്നു, പരിശുദ്ധാത്മശക്തിയാൽ നടക്കുന്ന നവീകരണത്താലും രൂപാന്തരീകരണത്താലും അത് തുടർന്നുകൊണ്ടേയിരിക്കുന്നു, അയാളുടെ ഫലം ചൂടുന്ന ശുശ്രൂഷയാലും വ്യക്തിപരമായ സാക്ഷ്യത്താലും അത് പ്രകടമാകുന്നു.
യേശു തന്നെയും അവന്റെ പരസ്യശുശ്രൂഷ തുടങ്ങിയത് തിരുവചനങ്ങളിൽ നിന്ന് വായിച്ചുകൊണ്ടായിരുന്നു, ജനങ്ങളെ വിസ്മയിപ്പിച്ച വായന.. അതിൽ നിന്ന് അവൻ അവരെ പഠിപ്പിച്ചത് അന്നുവരെ അവർ കേട്ടിരുന്നതിൽ നിന്ന് വ്യത്യസ്തവും പുതുമയാർന്നതുമായ രീതിയിലായിരുന്നു. പിശാചുക്കളെ പുറത്താക്കാൻ പോലും ശക്തിയാർന്ന വചനം. ക്രിസ്തീയ ശിഷ്യത്വവും, സഭാപാരമ്പര്യത്തോടും അവളുടെ പ്രബോധന അധികാരത്തോടും ചേർന്നുനിന്നുകൊണ്ട് വചനത്തെ തൊട്ടറിഞ്ഞുകൊണ്ട് ആരംഭിക്കണം. ‘അപ്പസ്‌തോലപ്രവർത്തനങ്ങൾ’ ബെറോയായിലെ ജനങ്ങളെ പുകഴ്ത്തുന്നത് കാണാം, കാരണം ‘ഇവർ അതീവതാല്പര്യത്തോടെ വചനം സ്വീകരിച്ചു. അവർ പറഞ്ഞത് സത്യമാണോ എന്നറിയാൻ വിശുദ്ധഗ്രന്ഥങ്ങൾ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു(അപ്പ.17:11).
പക്ഷെ ബൈബിൾ വാക്യങ്ങളിലും സഭാപ്രബോധനങ്ങളിലുമുള്ള അറിവ് മാത്രം പോരാ. ഈശോയുടെ കൂടെ മൂന്ന് വർഷത്തോളം വചനം ശ്രവിച്ചു നടക്കാനുള്ള മഹാഭാഗ്യം ലഭിച്ചെങ്കിലും അവരുടെ ജീവിതങ്ങൾ മാറ്റിമറിക്കാൻ അത് മാത്രം മതിയായില്ല. പന്തക്കുസ്തായിലൂടെ സത്യാത്മാവിനെ ലഭിച്ചതിനുശേഷം മാത്രമാണ് അവർ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കപ്പെട്ടത്. ആത്മാവ് അവരെ അപ്പോഴത്തെ ഓരോ അവസ്ഥക്കും ചേരും വിധം, യേശു പഠിപ്പിച്ചതെല്ലാം കൂടെക്കൂടെ ഓർമ്മിപ്പിച്ചു, അവർ ഓരോ വെല്ലുവിളികളെയും അഭിമുഖീകരിക്കുമ്പോൾ അവരിലൂടെ സംസാരിച്ചു. വിശുദ്ധലിഖിതങ്ങളിൽ അവഗാഹമുണ്ടായിരുന്ന അപ്പോളോസ് നല്ല വാഗ്മിയും കൂടിയായിരുന്നു. യേശുവിനെകുറിച്ചുള്ള കാര്യങ്ങൾ തെറ്റുകൂടാതെ പഠിപ്പിച്ചിരുന്നു. എങ്കിലും പ്രിഷില്ലയും അക്വീലായും ദൈവത്തിന്റെ മാർഗ്ഗം കൂടുതൽ വ്യക്തമായി അവന് പറഞ്ഞുകൊടുക്കേണ്ടി വന്നു. അങ്ങനെ, അതേ തിരുവചനങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് യേശു തന്നെയാണ് മിശിഹാ ആണെന്ന് സ്ഥാപിക്കാൻ അവന് കഴിഞ്ഞു (അപ്പ.18 : 24-28)
എന്ത് തന്നെയായാലും തിരുവചനങ്ങളെക്കുറിച്ചുള്ള അറിവ് നമ്മളെ, വചനമായ ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിലേക്ക് നയിക്കണം. വിശുദ്ധ ജെറോമിന്റെ വാക്കുകൾ ഇത്തരുണത്തിൽ ഓർക്കാം. അതുപോലെ, വിശുദ്ധ അഗസ്റ്റിൻ പറഞ്ഞു, മറിയം യേശുവിനെ അവളുടെ ഗർഭപാത്രത്തിൽ വഹിക്കുന്നതിനു മുൻപേ തന്നെ അവളുടെ മനസ്സിലും ഹൃദയത്തിലും അവനെ വഹിച്ചു കഴിഞ്ഞിരുന്നു എന്ന്.
ഞാൻ Catholic Charismatic Bible Institute ന്റെ ഡയറക്ടർ ആയിരുന്നപ്പോൾ അവിടത്തെ ഒരു വിദ്യാർത്ഥി ധൈര്യപൂർവ്വം അവിടത്തെ scripture പ്രൊഫസറിനോട് പറഞ്ഞു, “നിങ്ങൾ മികച്ച ഒരു അധ്യാപകനായിരിക്കാം. പക്ഷേ നിങ്ങളുടെ പഠിപ്പിക്കലുകളിൽ ഞാൻ ക്രിസ്തുവിനെ കാണുന്നില്ല”! പ്രകോപനപരമായ ആ വെല്ലുവിളി തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ആയിരുന്നെന്ന് ആ അദ്ധ്യാപകൻ പിന്നീട് സാക്ഷ്യപ്പെടുത്തി. കാരണം, തന്നെ മികച്ച ഒരു ബൈബിൾ പണ്ഡിതനായി എല്ലാവരും കരുതുന്നെങ്കിലും ക്രിസ്തുവിനെപറ്റി തനിക്ക് ‘എല്ലാം അറിയാമെങ്കിലും’ യഥാർത്ഥത്തിൽ തനിക്ക് ക്രിസ്തുവിനെ വ്യക്തിപരമായ വിധത്തിൽ അറിയില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തലയിൽ ഒതുങ്ങി നിൽക്കുന്ന അറിവേ നൽകുന്നുള്ളു എങ്കിൽ , ഹൃദയത്തിൽ കരകവിയുന്ന ഒരനുഭവത്തിലേക്ക് നയിക്കുന്നില്ലെങ്കിൽ, ഏറ്റവും മികച്ച ബൈബിൾ സ്റ്റഡി കോഴ്സ് പോലും പ്രയോജനമില്ലാത്തതും ഫലരഹിതവും ആകും.
തുടരും..
Written by Fr. Rufus Pereira
Translated by Jilsa Joy