Fr. Rufus Pereira യുടെ The call to Christian Discipleship is a call to the imitation of Christ എന്ന ലേഖനത്തിന്റെ വിവർത്തനം തുടരുന്നു…
പേരിന് മാത്രം കത്തോലിക്കരായിരിക്കുകയും എന്നാൽ ക്രിസ്ത്യാനി ആയിരിക്കുന്നതിൽ നിന്ന് ഏറെ അകലെയുമായ എത്രയോ പേരാണ് ഇന്നുള്ളത്. ‘ അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും’ ( 2 തിമോ. 3:5). ശരിയാണ്, ക്രിസ്തീയ ശിഷ്യത്വത്തിന്റെ ലക്ഷ്യമായി പെട്ടെന്ന് നമുക്ക് തോന്നാറുള്ളത് ക്രിസ്തുവിലുള്ള വിശ്വാസത്തിൽ വളരുക എന്നത് തന്നെയാണ്..വ്യക്തി എന്ന നിലക്കും സന്ദേശം എന്ന നിലക്കും. എന്നാൽ, അതിന്റെ ആത്യന്തികമായ ലക്ഷ്യം എന്ന് പറയുന്നത്, ക്രിസ്തുവിന്റേതായ പൂർണ്ണതയോടു കൂടിയ, പക്വതയോടുകൂടിയ, തികഞ്ഞ മനുഷ്യൻ ആകുന്നതുവരെ ‘ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും വളരുക ‘ എന്നുള്ളതാണ്, അതായത് മറ്റൊരു ക്രിസ്തുവാകുക ( എഫേ 4.12-15), വിശുദ്ധ പൗലോസിനൊപ്പം പറയാൻ കഴിയുന്ന പോലെ ,’ ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് ‘( ഗലാ. 2:20). ഗലാത്തിയായിലെ ക്രിസ്ത്യാനികളെക്കുറിച്ച് പൗലോസ് ശ്ലീഹക്കുണ്ടായിരുന്ന തീക്ഷ്‌ണമായ ആഗ്രഹവും ശ്രമവും അത് തന്നെയായിരുന്നു, ‘ എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നത് വരെ വീണ്ടും ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു’ ( ഗലാ. 4: 19).
‘പൊരുത്തപ്പെടാൻ കഴിയാത്ത’ (ലോകത്തോട് ) ആളും കൂടെ ആയിരിക്കും ഒരു യഥാർത്ഥ ശിഷ്യൻ , കാരണം ക്രിസ്ത്യാനി എന്നാൽ അർത്ഥമാക്കുന്നത് അതാണ് – ലോകത്തിലായിരിക്കുമ്പോഴും ‘ലോകത്തിന്റെതല്ലാത്ത’ അവസ്ഥ. പൗലോസ് ശ്ലീഹ റോമാക്കാർക്ക് മുന്നറിയിപ്പ് കൊടുക്കുന്നു ‘ നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത് ‘ അതായത് നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തിന്റെ പെരുമാറ്റരീതികൾ നിങ്ങൾ മാതൃകയാക്കരുത്…
മറ്റുള്ളവരെല്ലാം ചെയ്യുന്നത് ചെയ്ത്, പാരമ്പര്യങ്ങളും ആചാരങ്ങളും മാത്രം പിന്തുടർന്ന്, എല്ലാറ്റിലും നിഷ്‌ക്രിയരായവരുടെ കൂട്ടത്തിൽ കൂടി, എന്ത് തന്നെ വില ആയി കൊടുക്കേണ്ടി വന്നാലും ഓരോന്നും പരമാവധി മുതലാക്കുന്നവരായി അങ്ങനെ.. വിജാതീയരുടേതിൽ നിന്നും ഏറെ മുന്നിട്ടു നിൽക്കുന്ന, സ്വർഗ്ഗസ്ഥനായ പിതാവിനെ അടുത്തനുകരിക്കുന്ന, നിലവാരമുള്ള നീതിബോധം പിഞ്ചെല്ലാനാണ് യേശു തന്റെ ശിഷ്യരോട് പറഞ്ഞത്. തന്നെതന്നെ പരിത്യജിക്കുന്ന, അനുദിനം തന്റെ കുരിശുകൾ വഹിക്കുന്ന , എല്ലാവരുടെയും ദാസരും അടിമയും ആവാൻ സന്നദ്ധതയുള്ള, മറ്റുള്ളവർക്കു വേണ്ടി ജീവൻ വെടിയാൻ പോലും മടിയില്ലാത്ത മനുഷ്യരാകാൻ.
പൗലോസ് ശ്ലീഹ റോമാക്കാർക്ക് ഒരു വെല്ലുവിളി തന്നെ കൊടുക്കുന്നുണ്ട്, ക്രിസ്തുവിന് അനുരൂപരായിതീരാൻ പറഞ്ഞുകൊണ്ട്. ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മക്കായി തീർക്കാനായി അവിടുന്ന് എല്ലായ്പോഴും ബദ്ധശ്രദ്ധനാണ് എന്ന് അവർക്ക് ഉറപ്പുകൊടുത്തതിന് തൊട്ടു പിന്നാലെയായിരുന്നു അത്. അങ്ങനെ സകലതും നന്മക്കായി പരിണമിപ്പിക്കുന്ന ദൈവം വിസ്മയജനകമായ ഒരു കാര്യത്തിന് വേണ്ടിയാണ് അവരെ തിരഞ്ഞെടുത്തിരിക്കുന്നത്, ‘ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ!’..’ഇത് തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകുന്നതിന് വേണ്ടിയാണ്’ (റോമാ 8. 28-29). പക്ഷേ അവനോട് അനുരൂപരാകുക, അവനെപ്പോലെയാകുക എന്ന് പറയുന്നത്, ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ മാത്രം അവനെ അറിയുന്നതല്ല അർത്ഥമാക്കുന്നത്, അവന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവിച്ചറിയുന്നതു പോലുമല്ല, പിന്നെയോ അവന്റെ സഹനത്തിൽ പങ്കുചേരുന്നതും അവന്റെ ‘മരണത്തോട് താദാത്മ്യപ്പെടുന്നതും’ കൂടിയാണ്. പൗലോസ് ശ്ലീഹ യേശുവിനെപ്പോലെ സഹിക്കാനും മരിക്കാനും ആഗ്രഹിച്ചു, അപ്രകാരം മരിച്ചവരിൽ നിന്ന് ഉയിർപ്പ് പ്രാപിക്കാമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു (ഫിലി.3:10-11)
തുടരും
Translated by Jilsa Joy