കുറെയധികം പാപങ്ങൾ ചെയ്തതുമൂലം തന്റെ ഹൃദയം തുറക്കാൻ ധൈര്യമില്ലാതിരുന്ന ഒരു യുവാവ് ഒരിക്കൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ അടുത്ത് കുമ്പസാരിക്കാൻ വന്നു. “വരൂ” വിശുദ്ധൻ പറഞ്ഞു, “താങ്കൾക്ക് പെട്ടെന്ന് തന്നെ വലിയ ആശ്വാസം ലഭിക്കും”.
” പക്ഷേ ഫാദർ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് “
” അതെല്ലാം പൊറുക്കപ്പെടും “.
“വലിയ പ്രായശ്ചിത്തം ചെയ്യേണ്ടി വരുമല്ലേ, അതിനായി?”
” ഇത്ര മാത്രം. താങ്കൾ ഓരോ വട്ടം വീഴുമ്പോഴും വേഗം തിരിച്ചു വരിക, എത്രയും പെട്ടെന്ന് കൃപ വീണ്ടെടുക്കുക “.
ആ യുവാവ് സമാധാനത്തിൽ കുമ്പസാരിച്ചു, ഓരോ പ്രാവശ്യം പാപത്തിൽ വീഴുമ്പോഴും വേഗം വന്ന് കുമ്പസാരിച്ചു. വീഴ്ചകൾ കുറഞ്ഞു കുറഞ്ഞു വന്നു. അവസാനം കൃപ വിജയം ചൂടി.പാപജീവിതം ഉപേക്ഷിച്ചു.
Saint of a joyous heart – ഹൃദയങ്ങളെ പെട്ടെന്ന് പിടിച്ചെടുക്കാൻ കഴിവുള്ള ഒരാൾ. അതായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി.
വിശുദ്ധ ഫിലിപ്പ് നേരി ജീവിതാദർശമായി സ്വീകരിച്ചത് “ക്രിസ്തുവിന്റെ സ്നേഹത്തിനപ്പുറം മറ്റൊന്നും ആഗ്രഹിക്കാതിരിക്കുക” എന്നതാണ്. ഭൗതികസ്ഥാനമാനങ്ങളോ പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ ഈശോയുടെ സ്നേഹം മാത്രം ആഗ്രഹിക്കുക. അവിടുത്തെ പ്രീതിപ്പെടുത്താൻ മാത്രം ശ്രദ്ധിക്കുക. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി..
“ക്രിസ്തുവിനെയല്ലാതെ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നവൻ താൻ എന്താഗ്രഹിക്കുന്നു എന്നറിയുന്നില്ല, ക്രിസ്തുവിനെയല്ലാതെ മറ്റെന്തെങ്കിലും ആവശ്യപ്പെടുന്നവൻ താൻ എന്താവശ്യപ്പെടുന്നു എന്നറിയുന്നില്ല. ക്രിസ്തുവിനുവേണ്ടിയല്ലാതെ മറ്റെന്തിനെങ്കിലും വേണ്ടി അദ്ധ്വാനിക്കുന്നവൻ താനെന്തിനുവേണ്ടി അദ്ധ്വാനിക്കുന്നു എന്നറിയുന്നില്ല “
ലൗകികവസ്തുക്കൾക്ക് വേണ്ടി പ്രയത്നിക്കുന്നവൻ ഒരിക്കലും വിശുദ്ധനാകില്ല എന്നായിരുന്നു ഫിലിപ്പ് നേരി പറഞ്ഞിരുന്നത്. ഫ്രാൻസെസ്കോ നിയമശാസ്ത്രം പഠിക്കുന്ന ഒരു വിദ്യാർത്ഥി ആയിരുന്നു. കോടതിയിൽ ഉന്നതപദവിയിൽ എത്തണമെന്ന ആഗ്രഹത്തിൽ പ്രയത്‌നിച്ചു കൊണ്ടിരുന്നു. ഒരുദിവസം ഫിലിപ്പ് നേരി അവനോട് ഒരു സംഭാഷണം നടത്തി.
“നല്ല സന്തോഷത്തിലാണല്ലോ. ഇപ്പോൾ നീ പഠിക്കുവല്ലേ? അതുകഴിഞ്ഞ്?“
“ഞാൻ ബിരുദധാരിയാവും”
“അതുകഴിഞ്ഞ്?” “
“ഞാൻ പണം സമ്പാദിക്കാൻ തുടങ്ങും. കുടുംബത്തെ അഭിവൃദ്ധിപ്പെടുത്തും . ഉയർന്ന പദവിയിലെത്തും”
“അതുകഴിഞ്ഞ്?”
ആ ചോദ്യം ആ യുവാവിനെ സ്പർശിച്ചു. വീട്ടിലെത്തിയതിനു ശേഷം സ്വയം ചോദിച്ചു. ‘ഞാൻ പഠിക്കുന്നത് ഈ ലോകത്തിലെ പ്രശസ്തിക്ക് വേണ്ടിയാണ്. അതിനുശേഷം ?’ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ഹൃദയത്തിൽ നിന്ന് ആഗ്രഹങ്ങൾ മാറ്റിക്കളയാൻ കഴിയാതെ കഷ്ടപ്പെട്ടു. അവസാനം ദൈവത്തിങ്കലേക്കുതിരിഞ്ഞ് ഫ്രാൻസ്സെസ്‌കോ ഒരു സന്യാസസഭയിൽ ചേർന്ന് എല്ലാവർക്കും മാതൃകയായി ജീവിച്ചു.
എപ്പോഴും നല്ല പ്രകൃതം ആയിരുന്നതുകൊണ്ട് ഫിലിപ്പിനെ കുട്ടിയായിരിക്കുമ്പോൾ തൊട്ടേ കൂട്ടുകാർ വിളിച്ചിരുന്നത് Pippo buono എന്നായിരുന്നു. അതിനർത്ഥം നല്ലവനായ കുഞ്ഞു ഫിലിപ്പ് എന്നാണ്. ചെറുപ്പക്കാരോടും മുതിർന്നവരോടും , പോപ്പിനോടും കർദ്ദിനാൾമാരോടും ബിഷപ്പിനോടും, ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും , വിശുദ്ധരായ ചാൾസ് ബോറോമിയോ, ഇഗ്നേഷ്യസ് ലയോള, ഫ്രാൻസിസ് സേവ്യർ തുടങ്ങിയവരോട് എന്നപോലെ കുമ്പസാരകൂട്ടിൽ തന്നെ തേടിവരുന്ന ഹൃദയകാഠിന്യമുള്ള പാപികളോടും ഒരേപോലെ സൗമ്യതയോടെ പെരുമാറിയ ഫിലിപ്പ് നേരി.
And he was so cheerful !
ഏത് സന്ദർശകർക്കും കുമ്പസാരിക്കേണ്ടവർക്കും എല്ലായ്പ്പോഴും തുറന്നിരുന്ന, റോമിൽ 40 കൊല്ലത്തോളം അദ്ദേഹം ഉപയോഗിച്ച മുറിയുടെ പേര് ‘ക്രിസ്തീയോല്ലാസത്തിന്റെ ഭവനം’ എന്നായിരുന്നു. പ്രൊട്ടസ്റ്റന്റ് ആയിരുന്ന ജർമ്മൻ കവി ഗോഥെ 200 കൊല്ലം കഴിഞ്ഞ് റോം സന്ദർശിച്ചപ്പോഴും ആളുകൾ വാ തോരാതെ ഈ ഉല്ലാസവാനായ വിശുദ്ധനെക്കുറിച്ചും ആളുടെ അസാധാരണ വഴികളെക്കുറിച്ചും സംസാരിച്ചിരുന്നതുകൊണ്ട് ഫിലിപ്പ് നേരിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം ഒരു ലേഖനം എഴുതി അതിന് ‘തമാശക്കാരനായ വിശുദ്ധൻ’ എന്ന് പേരിട്ടു.
“നിങ്ങൾ കളിക്കുക, സന്തോഷമായിരിക്കുക എന്നാൽ ഒരിക്കലും പാപം ചെയ്യരുത്” ഇതായിരുന്നു തനിക്ക് ചുറ്റും കൂടിയ യുവാക്കളോട് ഫിലിപ്പ് നേരിക്ക് പറയാൻ ഉണ്ടായിരുന്നത്. ‘സന്തോഷമുള്ള ആത്മാവ് പെട്ടെന്ന് പൂർണ്ണത കൈവരിക്കുന്നു’ എന്നവരെ ഓർമ്മിപ്പിച്ചു. അവർ കളിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കുന്നത് ശല്യം ആകുന്നില്ലേ എന്ന് ചോദിച്ചവരോട് അദ്ദേഹം പറഞ്ഞത് , “അവർ പാപം ചെയ്യാതിരിക്കുന്നിടത്തോളം കാലം എന്റെ പുറത്തുവെച്ചു അവർ വിറകുവെട്ടിയാലും എനിക്ക് കുഴപ്പമില്ല” എന്നായിരുന്നു.
ഫിലിപ്പ് നേരി ജനിച്ചത് 1515ൽ ഫ്ലോറൻസിൽ ആയിരുന്നു. സമ്പന്നതയിൽ ജീവിക്കാനല്ല, പാവങ്ങളിലേക്ക്, രോഗികളിലേക്ക്, കുറ്റവാളികളിലേക്ക്, അപഥസഞ്ചാരം നടത്തുന്ന കൗമാരക്കാരിലേക്ക്, കഷ്ടപ്പെടുന്നവരിലേക്ക് ഒക്കെ സാന്ത്വനമായി ദൈവം തന്നെ വിളിക്കുന്നതായി അവന് മനസ്സിലായി. മിഷനറി ആവാൻ ആഗ്രഹിച്ചെങ്കിലും റോമിൽ തന്നെ നിൽക്കാനാണ് ദൈവേഷ്ടം എന്ന് തിരിച്ചറിഞ്ഞു.
1527ൽ ജർമൻ, സ്പാനിഷ് പട്ടാളക്കാരുടെ കൊള്ളയടിക്കലിന് ശേഷം റോം ദയനീയ അവസ്ഥയിലായിരുന്നു. ആരോരുമില്ലാത്ത അനേകം കുട്ടികൾ അലഞ്ഞു നടന്നു. സഭയിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടായി. പുരോഹിതരിൽ പോലും നിസ്സംഗതയും ധനമോഹവും നിറഞ്ഞ അവസ്ഥ. പലരും തങ്ങളുടെ പള്ളികളെയും അജഗണത്തെയും നശിക്കാൻ വിട്ടു, കുർബ്ബാന അർപ്പണം നിർത്തി. റോമിലെ ജനങ്ങളിൽ പ്രത്യാശ പകരുന്നതും നഗരത്തെ സുവിശേഷവൽക്കരിക്കുന്നതും ഫിലിപ്പിന്റെ ആയുഷ്കാലപ്രവർത്തനം ആയി.
ആരെയും അപലപിക്കാനോ കുറ്റപ്പെടുത്താനോ പോയില്ല, പകരം നന്മ ചെയ്തുകൊണ്ട്, നഗരത്തിന്റെ ഏറ്റം ദരിദ്രമായ മേഖലകളിലും അവഗണിക്കപ്പെട്ട ആശുപത്രികളിലും ഇരുണ്ട ജയിലുകളിലും സ്നേഹം നിറച്ച് ചുറ്റി നടന്നു. തെരുവീഥികളിൽ അലഞ്ഞ് ആളുകളുമായി സംസാരിക്കാൻ തുടങ്ങും. നിമിഷനേരം കൊണ്ടുതന്നെ അവരുടെ ഹൃദയത്തിൽ കയറിപ്പറ്റി, കഷ്ടപ്പെടുന്നവരെ സഹായിക്കാനായി സേവനസന്നദ്ധത അവരിൽ ഉണ്ടാക്കി എടുക്കും. ” അപ്പൊ സഹോദരരെ, നന്മ ചെയ്യാൻ നമുക്ക് എപ്പോൾ തുടങ്ങാം? ” എന്നത് അദ്ദേഹത്തിന്റെ എപ്പോഴുമുള്ള പ്രിയചോദ്യമായിരുന്നു. ഹോസ്പിറ്റലിലെ രോഗികളെ നോക്കാനും, പള്ളികളിൽ പോയി പ്രാർത്ഥനക്കും അവർ അപ്പോൾ തന്നെ ഫിലിപ്പിനെ അനുഗമിച്ചിരുന്നു.
1548ൽ തന്റെ കുമ്പസ്സാരക്കാരനായ ഫാദർ പെർസിയാനോ റോസയുടെ സഹായത്തോടെ, സാൻ സാൽവഡോറിൽ ആരാധനക്കായി സമ്മേളിച്ചിരുന്ന പാവപ്പെട്ട അൽമായരുടെ ഒരു കൂട്ടായ്മ അദ്ദേഹം രൂപീകരിച്ചു. അവരുടെ സഹകരണത്തോടെ നാല്പത് മണിക്കൂർ ആരാധന എന്നത് നടപ്പിലാക്കി.
34 വയസ്സാവുമ്പോഴേക്ക് ഏറെ ചെയ്തുകഴിഞ്ഞിരുന്നു. ശുശ്രൂഷ കൂടുതൽ അനുഗ്രഹപ്രദം ആകുമെന്ന് പറഞ്ഞ് ഫാദർ പെർസിയാനോ റോസ പൗരോഹിത്യഅഭിഷേകത്തിന് ഫിലിപ്പിനെ പ്രേരിപ്പിച്ചു. പഠനം പൂർത്തിയാക്കി മെയ് 23, 1551 ൽ വൈദികപട്ടം സ്വീകരിച്ചു.
കുമ്പസാരകൂട്ടിലേക്ക് ആളുകളെ നയിക്കുക എന്നതായി ഇപ്പോഴത്തെ പ്രധാന ദൗത്യം. അതിരാവിലെ മുതൽ കുമ്പസാരക്കൂട്ടിലിരുന്ന ഫിലിപ്പച്ചന്റെ അടുത്തേക്ക് നാനാതുറയിൽ പെട്ട ആളുകൾ ഒഴുകി. അദ്ദേഹത്തിന്റെ വാക്കുകൾ ആളുകളിൽ വലിയ പരിവർത്തനമാണ് ഉണ്ടാക്കിയത്.
“എന്ത് ഭാഗ്യവാനാണ് താങ്കൾ “, നിരാശയോടെ വന്ന ഒരു യുവാവിനോട് അദ്ദേഹം പറഞ്ഞു., ” നന്മ ചെയ്യാനായി ഇനിയും കുറേ വർഷങ്ങൾ താങ്കൾക്ക് ബാക്കിയുണ്ട്!”
മറ്റൊരാളോട്, ” കർത്താവ് അയക്കുന്ന കുരിശിൽ നിന്ന് ഓടിയൊളിക്കാൻ ഒരിക്കലും ശ്രമിക്കരുത്. ഇതിലും വലുത് ലഭിച്ചെന്നു വരും താങ്കൾക്ക് ചുമക്കാനായി”.
അക്കാലത്ത് ജനങ്ങൾക്ക് ദൈവികകാര്യങ്ങളിൽ ശുഷ്‌കാന്തി കുറവായിരുന്നു. വർഷത്തിൽ ഒന്നോ രണ്ടോ വട്ടം കുമ്പസാരിച്ചാൽ മതിയെന്നാണ് ആളുകൾ കരുതിയിരുന്നത്. അനേകം പേരുടെ ആദ്ധ്യാത്മിക നാശത്തിന് ഇത് കാരണമാകുന്നു എന്ന് മനസ്സിലാക്കി, കൂടെക്കൂടെ കൂദാശകൾ സ്വീകരിക്കാൻ ഫിലിപ്പച്ചൻ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.
ഒരിക്കൽ ഒരാൾ ചോദിച്ചു എങ്ങനെ പ്രാർത്ഥിക്കണമെന്ന്. അദ്ദേഹം പറഞ്ഞു, “ആദ്യം എളിമയും അനുസരണവും ഉള്ളവനാകുക. പരിശുദ്ധാത്മാവ് നിന്നെ പഠിപ്പിക്കും “. മറ്റൊരിക്കൽ പറഞ്ഞു, “ജീവിതം നന്നായി നയിക്കാനും കൂടുതൽ നന്നായി അവസാനിപ്പിക്കാനും രണ്ട് കാര്യങ്ങളാണ് ആവശ്യം. പരിശുദ്ധ മാതാവിനോട് ഭക്തിയുള്ളവരാകുക, ന്യായമായ തടസ്സമില്ലെങ്കിൽ എല്ലാ പ്രഭാതത്തിലും കുർബ്ബാന കാണുക”.
വേറെയും പുരോഹിതർ ഫിലിപ്പച്ചനെ സഹായിക്കാനായി വന്നു. വേഗം, Congregation of Priests of the Oratory (ഓറട്ടറി സന്യാസസഭ ) രൂപീകരിക്കപ്പെട്ടു. 1575ൽ ഗ്രിഗറി എട്ടാമൻ പാപ്പ അതിന് അംഗീകാരം നൽകി.
വലിയ എളിമയിൽ ജീവിച്ച വിശുദ്ധന്റെ എന്നുമുള്ള പ്രാർത്ഥന ഇങ്ങനെയായിരുന്നു, ” എന്റെ ഈശോയെ , ഇന്നെന്റെ മേൽ അങ്ങയുടെ കണ്ണുണ്ടായിരിക്കണേ അല്ലെങ്കിൽ ഞാൻ അങ്ങയെ വഞ്ചിച്ചെന്നുവരും”.
നിരവധി മാർപ്പാപ്പമാരാൽ സ്നേഹിക്കപ്പെട്ട, ബഹുമാനിക്കപ്പെട്ട ഫിലിപ്പ് നേരിക്ക് കർദ്ദിനാളിൻറെ തൊപ്പി പലവട്ടം നീട്ടി. അപ്പോഴൊക്കെ ഇങ്ങനെ പറഞ്ഞ് അത് നിരസിച്ചു, ” കർദ്ദിനാളോ? ആർക്കാ കർദ്ദിനാൾ ആവേണ്ടത്?സ്വർഗ്ഗം, സ്വർഗ്ഗം! അതാണ് ഞാൻ ആഗ്രഹിക്കുന്നത് “.
ദൈവസ്നേഹത്തിലാഴ്ന്ന്
ഫിലിപ്പിന്റെ ഹൃദയം ദൈവസ്നേഹത്താൽ തീ പിടിച്ചതായിരുന്നു. അടക്കാനാവാത്ത ആനന്ദത്താലും ദൈവസ്നേഹത്താലും നിറയുമ്പോൾ ഇടക്കൊക്കെ അദ്ദേഹം വിളിച്ചു പറയും, ” മതി നാഥാ , ഇത്ര മതി, ഇതിൽകൂടുതൽ സഹിക്കാൻ കഴിവില്ലെനിക്ക് “.
മെയ് 25, 1595 ന് അക്കൊല്ലത്തെ കോർപ്പസ് ക്രിസ്റ്റി തിരുന്നാളിന്റെ അന്ന് ഫിലിപ്പച്ചൻ കുമ്പസാരം കഴിഞ്ഞു കുർബ്ബാന ചൊല്ലി. വളരെ സന്തോഷവാനായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ 10 വർഷത്തിൽ ഇത്രയും സന്തോഷമുള്ളവനായി കണ്ടിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. അന്ന് മുഴുവനും കുമ്പസാരം കേട്ടു, സന്ദർശകരെ കണ്ടു. മുറിയിലേക്ക് പോകും മുൻപായി ഫിലിപ്പച്ചൻ പറഞ്ഞു, “അവസാനം നമുക്കെല്ലാം മരണമുണ്ട് “. അന്ന് രാത്രിയിൽ അദ്ദേഹത്തിന് വലിയ രക്തസ്രാവമുണ്ടായി. എല്ലാവരും കിടക്കക്കരികിൽ ചുറ്റും കൂടി. സംസാരിക്കാൻ സാധിക്കാതെ തന്റെ കയ്യുയർത്തി അവരെ ആശിർവ്വദിച്ചു. ആ രീതിയിൽ അദ്ദേഹം മരിച്ചു. 80 വയസ്സായിരുന്നു അപ്പോൾ. വെറും ആറുവർഷത്തിന് ശേഷം ഫിലിപ്പ് നേരിയെ വാഴ്ത്തപെട്ടവരുടെ ഗണത്തിലേക്കുയർത്തി. 1622ൽ ഗ്രിഗറി പതിനഞ്ചാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
മരണശേഷം, അദ്ദേഹത്തിന്റെ ഹൃദയത്തിന് സാധാരണയിൽ കവിഞ്ഞു വലിപ്പമുള്ളതായും ആ അസാധാരണപ്രതിഭാസം കാരണം ചില വാരിയെല്ലുകൾ ഒടിഞ്ഞിരിക്കുന്നതായും കണ്ടു. ഉൾക്കൊള്ളാനാവാത്തത്ര ദൈവസ്നേഹം പ്രവേശിച്ചതുമൂലം വികസിച്ചിരുന്ന ആ ഹൃദയത്തിന് സ്ഥലമുണ്ടാക്കാനായി വാരിയെല്ലുകൾ മുകളിലേക്കുന്തി അകന്നിരുന്നു.
റോമിന്റെ ദ്വിതീയ അപ്പസ്തോലൻ എന്നറിയപ്പെടുന്ന അദ്ദേഹം തൻറെ പാണ്ഡിത്യം കൊണ്ടെന്നതിനേക്കാൾ ലാളിത്യം കൊണ്ടും തമാശ കൊണ്ടും പ്രാർത്ഥന കൊണ്ടും വിശുദ്ധി കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തിയ വിശുദ്ധനാണ്. തൻറെ കോപ്രായങ്ങളാൽ മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യനായി, ‘ഒരു വിവരവുമില്ലാത്ത വട്ടൻ’ എന്ന് കേൾക്കാൻ ഇത്രമാത്രം ആഗ്രഹിച്ച വേറൊരു വിശുദ്ധൻ ഉണ്ടാവില്ല.
വിശുദ്ധ ഫിലിപ്പ് നേരിയുടെ കുറച്ചു സുകൃതജപങ്ങൾ
എന്റെ ഈശോയെ , അവിടുന്നെന്നെ സഹായിക്കുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും ?
എന്റെ ഈശോയെ , അങ്ങേ തിരുവിഷ്ടം നടപ്പാക്കാൻ ഞാനെന്താണ് ചെയ്യേണ്ടത് ?
എന്റെ ഈശോയെ, ഭയത്താലല്ല, സ്നേഹത്താൽ അങ്ങയെ ശുശ്രൂഷിക്കാനുള്ള കൃപ തരണമേ.
എന്റെ ഈശോയെ , ഞാൻ എന്നെത്തന്നെ അവിശ്വസിക്കുന്നു. എന്നാൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു.
എന്റെ ഈശോയെ, അങ്ങയുടെ സഹായമില്ലാതെ എനിക്ക് ഒരു നന്മയും ചെയ്യാൻ നിവൃത്തിയില്ല.
എന്റെ ഈശോയെ , ഞാൻ അങ്ങയെ ഇതുവരെ സ്നേഹിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഞാൻ സന്തോഷത്തോടെ സ്നേഹിക്കും.
ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹത്താൽ അത്ഭുതപ്പെടുത്തിയ വിശുദ്ധ ഫിലിപ്പ് നേരിയുടെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്
