June 1 | വിശുദ്ധ ജസ്റ്റിൻ

അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന ജസ്റ്റിൻ മുപ്പതാമത്തെ വയസ്സിലാണ് സത്യദൈവത്തെ മനസ്സിലാക്കി ജ്ഞാനസ്‌നാനം സ്വീകരിച്ചത്.

ജസ്റ്റിന്റെ മരണവിധിയുടെ രംഗം :

ജസ്റ്റിനെയും കൂടെയുണ്ടായിരുന്ന 6 പേരെയും റോമിലെ വിജാതീയദൈവങ്ങളെ ആരാധിക്കുന്നില്ലെന്ന കാരണത്താൽ വിചാരണക്ക് ഹാജരാക്കി.

“ഏത് പ്രബോധനമാണ് നിങ്ങളുടേത് ?” റോമൻ പ്രീഫെക്ട് റസ്റ്റിക്കസ് വിചാരണക്കിടയിൽ ചോദിച്ചു.

ജസ്റ്റിൻ പറഞ്ഞു,”എല്ലാത്തരത്തിലുമുള്ള പ്രബോധനങ്ങളും ഞാൻ പരിശോധിച്ചുനോക്കിയിട്ടുണ്ട്, പക്ഷെ ഞാൻ സ്വീകരിച്ചത് ക്രിസ്ത്യാനികളുടെ സത്യപ്രബോധനത്തെ മാത്രം , തെറ്റായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവർ പക്ഷെ അതിനെ തള്ളിക്കളയുന്നു “

“അപ്പോൾ നിങ്ങളൊരു ക്രിസ്ത്യാനിയാണ് “?

“അതേ, ഞാനൊരു ക്രിസ്ത്യാനിയാണ്”

“ഇനി ഞാൻ പറയുന്നത് ശ്രദ്ധിക്കു” പ്രീഫെക്ട് തുടർന്നു,” നിങ്ങൾ വളരെ അറിവുള്ളയാളാണെന്ന് പറയപ്പെടുന്നു, ഏത് വിശ്വാസമാണ് സത്യമായതെന്ന് അറിയാമെന്ന് നിങ്ങളും സാക്ഷ്യപ്പെടുത്തുന്നു. നിങ്ങൾക്ക് ചാട്ടവാറടി തന്ന് വധശിക്ഷക്ക് വിധേയരാക്കിയാൽ നിങ്ങൾ സ്വർഗ്ഗത്തിൽ പോകുമെന്നുറപ്പുണ്ടോ ?”

“ഈ പീഡനങ്ങൾ അവനെപ്രതി ഞാൻ അനുഭവിച്ചാൽ ദൈവം പ്രതിസമ്മാനം തരുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു”

“അപ്പോൾ നിങ്ങൾ സ്വർഗ്ഗത്തിലേക്ക് പോകുമെന്നും അർഹതപ്പെട്ട സമ്മാനം ലഭിക്കുമെന്നും നിങ്ങൾ സങ്കൽപ്പിക്കുന്നു”.

” അത് വെറും സങ്കൽപം അല്ല , എനിക്കറിയാം , എനിക്കുറപ്പുണ്ട്”.

റസ്റ്റിക്കസ് പറഞ്ഞു,” ഞാൻ കാര്യത്തിലേക്ക് വരാം, നിങ്ങൾ എന്ത് ചെയ്യേണ്ടി വരുമെന്ന് പറയാം.നിങ്ങളൊന്നിച്ച് ദൈവങ്ങൾക്ക് ( റോമൻ ) ബലിയർപ്പിക്കണം.

ജസ്റ്റിൻ പറഞ്ഞു,” ശരിയായ ബോധത്തിൽ ഉള്ള ആരും സത്യദൈവത്തെ ആരാധിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞ് വ്യാജദേവന്മാരെ ആരാധിക്കുന്നതല്ല”

പ്രീഫെക്ട് ഭീഷണി മുഴക്കി,” ഞാൻ പറഞ്ഞ പോലെ നിങ്ങൾ ചെയ്തില്ലെങ്കിൽ ഒരു ദയയുമില്ലാതെ നിങ്ങൾ പീഡിപ്പിക്കപ്പെടും”.

ജസ്റ്റിൻ പറഞ്ഞു,”കർത്താവായ യേശുക്രിസ്തുവിനെ പ്രതി സഹിക്കാനും അതിലൂടെ രക്ഷ പ്രാപിക്കാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” . മറ്റു ആറുപേരും അത് തന്നെ പറഞ്ഞു,” നിങ്ങൾക്കിഷ്ടമുള്ള പോലെ ഞങ്ങളോട് ചെയ്തോളു. ഞങ്ങൾ ക്രിസ്ത്യാനികളാണ് , ഞങ്ങൾ വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കില്ല”.

പ്രീഫെക്ട് വിധി പ്രസ്താവിച്ചു : “ഈ വ്യക്തികൾ ദേവന്മാർക്ക് ബലിയർപ്പിക്കാനും ചക്രവർത്തിയുടെ കൽപ്പന അനുസരിക്കാനും തയ്യാറല്ല. ഇവരെ കൊണ്ടുപോയി ചാട്ടവാറിനടിക്കൂ അതുകഴിഞ്ഞ് നിയമം അനുശാസിക്കുന്ന രീതിയിൽ വധിക്കുക”.

AD 105ൽ സമരിയായിലാണ് വിജാതീയനായിരുന്ന ജസ്റ്റിൻ ജനിച്ചത് .സമ്പന്നരായിരുന്ന മാതാപിതാക്കൾ ഗ്രീസിൽ അയച്ച് അദ്ദേഹത്തെ പഠിപ്പിച്ചപ്പോൾ തത്വശാസ്ത്രത്തിലാണ് അദ്ദേഹത്തിന്റെ മനസ്സ് കൂടുതൽ ഉടക്കിയത്.സത്യദൈവത്തെ അറിയാനുള്ള ആഗ്രഹത്തിൽ ജസ്റ്റിൻ എല്ലാ തരം തത്വശാസ്ത്രങ്ങളും പരിശോധിച്ചു, പല പ്രശസ്തരായ ഗ്രീക്ക് തത്വചിന്തകരെയും മാറി മാറി സമീപിച്ചു. മരുഭൂമികളിൽ അലഞ്ഞു തിരിഞ്ഞ അദ്ദേഹം ഒരു കടൽത്തീരത്ത് ഒരിക്കൽ ഒരു വയോധികനെ കണ്ടുമുട്ടി. തൻറെ അന്വേഷണത്വരയും അലച്ചിലും വിവരിച്ച ജസ്റ്റിനോട് അവൻ ഇന്നോളം പഠിച്ചിട്ടുള്ളതിൽ വെച്ച് ശ്രേഷ്ഠമായ ഒന്ന് ആ വൃദ്ധൻ പരിചയപ്പെടുത്തി. പ്രവാചകന്മാരാൽ യഹൂദർക്ക് വെളിപ്പെടുത്തപ്പെട്ടതും യേശുക്രിസ്തുവിലൂടെ പൂർത്തീകരിക്കപ്പെട്ടതുമായ കാര്യങ്ങൾ. അറിവിലൂടെ മാത്രം വിശ്വാസം ലഭിക്കണമെന്നില്ല എന്നതിനാൽ യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കാനും അയാൾ പറഞ്ഞുകൊടുത്തു.

യുവാവായ ജസ്റ്റിന് കുറേശ്ശെയായി തിരിച്ചറിവുകൾ ലഭിച്ചു തുടങ്ങി. ക്രിസ്ത്യാനികൾക്ക് , അവരുടെ കർത്താവിനെപ്രതി ക്രൂരമായ പീഡനമുറകൾ സഹിക്കാനും മരണം വരിക്കാനും വരെ സാധിക്കുന്നതെങ്ങനെയെന്ന് അത്ഭുതം കൂറുകയും രക്തസാക്ഷികളെയും വിശുദ്ധരെയും ആരാധനയോടെ നോക്കിക്കാണുകയും ചെയ്തിരുന്ന ജസ്റ്റിന് ഈ ഒരു വിശ്വാസത്തിന്റെ മനോഹാരിത വെളിപ്പെട്ടു കിട്ടാൻ തുടങ്ങി.

സോക്രട്ടീസിന്‌ വേണ്ടി മരിക്കാൻ മാത്രം ഒരാളും അവനിൽ ആഴമായി വിശ്വസിച്ചിട്ടില്ല…. പക്ഷെ ക്രിസ്‌തുവിനുവേണ്ടി , തത്വചിന്തകന്മാരും പ്രഗത്ഭരായ എഴുത്തുകാരും മാത്രമല്ല , കൈത്തൊഴിൽ ചെയ്യുന്നവരും വിദ്യാഭ്യാസമില്ലാത്തവരും പോലും മരണം തിരഞ്ഞെടുക്കുന്നത് കണ്ട് അമ്പരന്നെന്ന് അദ്ദേഹം എഴുതിയിരുന്നു. മുപ്പതാമത്തെ വയസ്സിൽ എഫേസൂസിൽ വെച്ചായിരിക്കണം ജസ്റ്റിൻ ജ്ഞാനസ്‌നാനം സ്വീകരിച്ചത്.

സത്യത്തെ അന്വേഷിച്ചു കണ്ടെത്തിയ ജസ്റ്റിൻ അത് ബുദ്ധിയുടെ തലത്തിൽ മാത്രമല്ല സ്വീകരിച്ചത്. അതിന്റെ പൂർണ്ണതയിൽ ജീവിക്കാനും ശ്രമിച്ചു.അതുവഴി അഗാധമായ ആനന്ദം അദ്ദേഹം അനുഭവിച്ചു.

“പെട്ടെന്ന് എന്റെ ആത്മാവിൽ തീ ആളുന്നതുപോലെ തോന്നി. പ്രവാചകന്മാരോടും ക്രിസ്തുവിനെ സ്നേഹിച്ച ഇവരോടുമെല്ലാം പെട്ടെന്നെനിക്ക് വലിയ സ്നേഹം തോന്നി. ഇതിലെ വാക്കുകളെല്ലാം ഞാൻ ധ്യാനിച്ചുകൊണ്ടിരുന്നു. ഈ തത്വശാസ്ത്രം മാത്രമാണ് സത്യമായതും പ്രയോജനപ്രദമായതും എന്നുറപ്പിച്ചു”.

ആ സമയത്തൊക്കെ ആദിമക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തെ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത് . തിരുക്കർമ്മങ്ങൾക്ക് എവിടെയാണ് കൂടുന്നതെന്നോ അവർ അവിടെ എന്തുചെയ്യുന്നെന്നോ , കളിയാക്കലും പീഡനവും ഭയന്ന്‌ അവർ പുറമെയുള്ളവർക്ക് വെളിപ്പെത്തിയിരുന്നില്ല . ജസ്റ്റിനാവട്ടെ അവരുടെ വിശ്വാസത്തെക്കുറിച്ചും ആരാധനാരീതികളെക്കുറിച്ചും ദിവ്യകാരുണ്യ ആരാധനയെക്കുറിച്ചുമൊക്കെ തുറന്നുസംസാരിക്കാൻ ആരംഭിച്ചു. അദ്ദേഹം സഭയിലെ ആദ്യ അപ്പോളജിസ്റ് ആണെന്ന് കരുതപ്പെടുന്നു അതായത് സത്യവിശ്വാസത്തെ എഴുത്തിലൂടെയും സംവാദങ്ങളിലൂടെയും ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നവരിലൊരാൾ.

ജസ്റ്റിന്റെ എഴുത്തുകളുടെ 3 വാല്യങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടായില്ല . ഒന്നാമത്തെയും രണ്ടാമത്തെയും സമർത്ഥിക്കലുകൾ ചക്രവർത്തിമാർക്കു വേണ്ടി എഴുതിയതും മൂന്നാമത്തേതിലുള്ളത് ഒരു യഹൂദനായ സുഹൃത്തിനോട് ക്രിസ്ത്യൻ മതത്തെപ്പറ്റി വിവരിക്കുന്നതുമാണ്. മാമോദീസയെപ്പറ്റിയും പരിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നവർക്കുണ്ടായിരിക്കേണ്ട യോഗ്യതയെക്കുറിച്ചും ആദിമസഭാസമ്മേളനങ്ങള്‍ നടത്തേണ്ട രീതിയെക്കുറിച്ചുമൊക്കെ അതിൽ പ്രതിപാദിക്കുന്നു.

എഫേസൂസിൽ പഠിപ്പിച്ചതിനുശേഷം ജസ്റ്റിൻ റോമിലേക്ക് പോയി അവിടെ ഒരു സ്‌കൂൾ തുറന്നു. റോമിൽ വെച്ചു ക്രിസ്തുമതത്തോട് വിരോധമുള്ളവരോട് സംവാദങ്ങളിലേർപ്പെട്ടു വിജയിച്ചെങ്കിലും അവരുടെ വെറുപ്പിനിരയായത്‌ ചക്രവർത്തിയുടെ അടുക്കൽ വരെ പരാതിയെത്താൻ കാരണമായി.പിന്നീടാണ് വിചാരണ നടന്നതും വധശിക്ഷക്ക് വിധിക്കപ്പെട്ടതും .

ആ വിശുദ്ധരക്തസാക്ഷികൾ വധശിക്ഷ നടക്കുന്ന സ്ഥലത്തേക്ക് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പോയി. അവിടെവെച്ച് അവരുടെ തലവെട്ടി. അവരുടെ രക്ഷകനോടുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവർ വിജയികളായി രക്തസാക്ഷികിരീടം ചൂടി.A.D 165ൽ ആയിരുന്നു അത്.

Happy Feast of St. Justin, the martyr

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment