യൗസേപ്പിതാവും മത്തായി ശ്ലീഹായും

ജോസഫ് ചിന്തകൾ 287
യൗസേപ്പിതാവും മത്തായി ശ്ലീഹായും
 
സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി മത്തായി ശ്ലീഹായുടെ തിരുനാൾ ആണ്. ഈശോയുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരുവനായിരുന്ന മത്തായി ഹല്പൈയുടെ പുത്രനായിരുന്നു. ചുങ്കം പിരിക്കലായിരുന്നു അവൻ്റെ ജോലി, അവൻ്റെ ആദ്യത്തെ നാമം ലേവി എന്നായിരുന്നു. (മര്ക്കോസ്‌ 2 : 14)
 
ശിഷ്യനാകാനുള്ള അവൻ്റെ വിളിയെപ്പറ്റി മത്തായി സുവിശേഷം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
 
“യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള് ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന് എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു. (മത്തായി 9 : 9) എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ഒറ്റ ആഹ്വാനത്താൽ സകലതും ഉപേക്ഷച്ച് ഈശോയെ അനുഗമിച്ച വ്യക്തിയാണ് മത്തായി.
 
“ആരോഗ്യമുള്ളവര്ക്കല്ല, രോഗികള്ക്കാണു വൈദ്യനെക്കൊണ്ട്‌ ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന് വന്നത്‌.” (മര്ക്കോസ്‌ 2 : 17 ) എന്ന തൻ്റെ ദൗത്യം ഈശോ വ്യക്തമാക്കുന്നത് ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോഴാണ് .
 
വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് നല്ല ഒരു വിവരണം മത്തായിയുടെ സുവിശേഷത്തിലൂടെ നമുക്കു ലഭിക്കുന്നു. ഒന്നാം അധ്യായത്തിൽ യൗസേപ്പിതാവിനെ അഞ്ചു തവണ പേരെടെത്തു പരാമർശിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്ന യൗസേപ്പിതാവിൻ്റെ സ്വഭാവത്തെക്കുറിച്ചു പരാമർശിക്കുന്ന ഏകഭാഗം മത്തായി സുവിശേഷത്തിലാണ്. “അവളുടെ ഭര്ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന് തീരുമാനിച്ചു. ” (മത്തായി 1 : 19 )
 
എന്നെ അനുഗമിക്കുക എന്ന ഒറ്റ ആഹ്വാനത്തെ തുടർന് ഈശോയെ മത്തായി ശ്ലീഹാ അനുഗമിച്ചുവെങ്കിൽ കര്ത്താവിന്റെ ദൂതൻ്റെ ഒരു സ്വപ്‌ന ദർശനത്തോടെ (മത്തായി 1 : 20) ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയാകാൻ യൗസേപ്പിതാവു സമ്മതം അരുളി. രണ്ടു പേരും തങ്ങളുടെ വിളിയോടു വിശ്വസ്തരായിരുന്നു കൊണ്ട് ജീവിതം സമ്പൂർണ്ണമാക്കി. നമ്മുടെ വിളിയും ദൗത്യയും പൂർത്തിയാക്കാൻ യൗസേപ്പിതാവും മത്തായി ശ്ലീഹായും നമ്മെ സഹായിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment