കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി 

ജോസഫ് ചിന്തകൾ 312
യൗസേപ്പ് കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തി
 
“അന്യൻ്റെ വിശപ്പിൽ അപ്പമാകുമ്പോൾ
കുർബാനായ് നീ ഗണിക്കപ്പെടും
കുർബാനായ് നീ ഉയിർത്തപ്പെടും.
ദൈവം ചെയ്യുന്ന കർമ്മത്തിൽ ചേരവേ കൂദാശയാകും മനുഷ്യനാകും.”
 
പ്രസിദ്ധ ഭക്തിഗാന രചിതാവായ മിഖാസ് കൂട്ടുങ്കൽ mcbs അച്ചൻ്റെ “സമൃദ്ധി “എന്ന ആൽബത്തിലെ “പാടെ തകർന്നപ്പോൾ കുർബാനയായെന്ന്… ” എന്നു തുടങ്ങുന്ന ഗാനത്തിലെ നാലുവരികളാണിവ. ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയവും ഇതുതന്നെയാണ്.
 
ഈശോ ദിവ്യകാരുണ്യം സ്ഥാപിക്കുന്നതിനു മുമ്പേ കുർബാന അനുഭവം സ്വന്തമാക്കിയ വ്യക്തിയായിരുന്നു ഈശോയുടെ വളർത്തപ്പൻ യൗസേപ്പിതാവ്. അന്യൻ്റെ വിശപ്പിൽ അപ്പമാകുന്നവരെല്ലാം കുർബാനയായി മാറും എന്നാണ് കവി ഭാവന. അപ്പം സംതൃപ്തി, തൃപ്തി നൽകുന്ന യാഥാർത്ഥ്യമാണ് . തിരു കുടുംബത്തിൻ്റെ സംതൃപ്തിക്കുവേണ്ടി ജീവിതം വ്യയം ചെയ്ത യൗസേപ്പിതാവ് സ്വയം അപ്പമായി പരിണമിക്കുകയായിരുന്നു. ഉയിർത്തപ്പെടുകയായിരുന്നു.
 
ദൈവപിതാവിൻ്റെ കർമ്മത്തിൽ സഹകാരിയായി ചേർന്നു കൊണ്ട് ഭൂമിയിൽ ജീവിച്ചപ്പോൾ യൗസേപ്പിതാവ് ദൈവത്തിൻ്റെ ഒരു കൂദാശയായി ഭൂമിയിൽ പരിണമിക്കുകയായിരുന്നു.
 
വിശുദ്ധീകരിക്കുന്നത്’ എന്നാണു കൂദാശ എന്ന സുറിയാനി പദത്തിന്റെ അർത്ഥം.എല്ലാ കൂദാശകളുടെയും ലക്ഷ്യം വിശുദ്ധീകരണമാണല്ലോ. ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി എന്ന നിലയിൽ യൗസേപ്പിതാവ് നിലകൊണ്ടത് മനുഷ്യവംശത്തിൻ്റെ വിശുദ്ധികരണത്തിനും രക്ഷയ്ക്കും വേണ്ടിയായിരുന്നല്ലോ?.
 
കുർബാന അനുഭവം സ്വന്തമാക്കാനും വിശുദ്ധികരണത്തിൻ്റെ പാതയിൽ മുന്നേറാനും യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം നമുക്കു തേടാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment