വിശുദ്ധവാരത്തിൽ ഈശോയെ ധരിക്കാം

ഓശാന ഞായറാഴ്ച വിശുദ്ധ കുർബാന കഴിഞ്ഞു കുരുത്തോല ഏന്തി സന്തോഷഭരിതമായ ഹൃദയത്തോടെ ദൈവാലയത്തിൽ നിന്നും വരുന്ന വഴിയിൽ ഞാൻ ഓർത്തത് ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ എന്നോടൊന്നായി മാറിയ രാജാധിരാജനായ ഈശോയെ തന്നെയാണ്.

ഓശാന ദിവസം അവിടുത്തേയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്നേഹം ആവുന്നത്ര യോഗ്യതയോടെ ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുക എന്നത് തന്നെയാണല്ലോ എന്ന് ഞാൻ ഓർത്തു.

ഓശാന ദിവസം മാത്രമല്ല ദിവ്യകാരുണ്യസ്വീകരണം നടത്തുന്ന ഓരോ പ്രാവശ്യവും എന്റെ ഹൃദയത്തിൽ എന്റെ ഹൃദയത്തിന്റെ രാജാവായ ഈശോയ്ക്ക് ഓശാനവിളികൾ തന്നെയാണല്ലോ ഉയരുന്നത്.

എന്റെ ഹൃദയത്തിൽ നടക്കുന്ന ഉന്നതമായ സ്വർഗീയ കാര്യങ്ങൾ ഞാനറിയുന്നത് പോലുമില്ല, ഒരർത്ഥത്തിൽ അതൊക്കെ നിത്യതയിൽ മാത്രം ഞാൻ അറിയാൻ വേണ്ടി ഈശോ എന്നോടുള്ള സ്നേഹത്താൽ അവയൊക്കെയും മറച്ചു വച്ചിരിക്കുന്നു.

ഈശോ പറഞ്ഞു :

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.”
(മര്‍ക്കോസ്‌ 10 : 15)

ഒരു ശിശുവിനെ പോലെ ഈശോയെകുറിച്ച് അധികം ഒന്നും അറിയാതെ തന്നെ അവിടുത്തെ നാം സ്നേഹിക്കുന്നു. അവിടുന്ന് പറയുന്നതൊക്കെയും നാം അതേപടി വിശ്വസിക്കുന്നു. അവിടുന്ന് ജീവനുള്ള ദൈവമാണെന്നും എന്നാൽ നമ്മുടെ വ്യക്തിത്വത്തിനും ബലഹീനതകൾക്കും കുറവുകൾക്കും അനുരൂപനായി നമ്മോടു സമനായി കാണപ്പെട്ടു നമ്മോടുള്ള വ്യക്തിപരമായ സ്നേഹത്തിൽ നമ്മോടു ഇടപെടുന്ന ആളാണെന്ന് പൂർണമായി വിശ്വസിക്കുന്നു.

ഈശോയ്ക്കല്ലാതെ നമ്മെ വേറേ ആർക്കു മനസിലാകും.

ഈശോ അല്ലാതെ വേറേ ആര് ഇത് പോലെ നമ്മെ സ്നേഹിക്കും.

നമ്മുടെ കുറവൊന്നും അവിടുത്തേയ്ക്ക് പ്രശ്നമില്ല, കാരണം നാമായിരിക്കുന്ന വിധത്തിൽ അവിടുത്തെ കണ്ണിൽ പൂർണതയോടെ നമ്മെ സൃഷ്ടിച്ചത് അവിടുന്ന് തന്നെയാണ്. നാമായിരിക്കുന്ന അവസ്ഥയിൽ ആയിരിക്കുന്നത് ഈശോയുടെ അറിവോടെയാണ്. ഒരു കാര്യം മാത്രം ഞാൻ ഓർത്താൽ മതി. അമ്മയുടെ മാറിൽ കുഞ്ഞെന്നത് പോലെ ഈശോയുടെ തിരു ഹൃദയത്തിൽ ഞാൻ മാറാതെ ചേർന്നിരിക്കണം. അവിടുന്നിൽ പൂർണമായും ആശ്രയിച്ചു ഹൃദയത്തിൽ വാഴുന്ന അവിടുത്തെ മാത്രം ശ്രദ്ധിച്ചു ജീവിക്കണം.

ഇടയ്ക്ക് നോട്ടം മാറിയേക്കാം. ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ ദൈവഹിതപ്രകാരം ജീവിതത്തിലെ വിശ്വാസവഞ്ചി മറിയാൻ തുടങ്ങുമ്പോൾ ശിഷ്യന്മാർ വേവലാതിപ്പെട്ടത് പോലെ ആകുലപ്പെട്ടെന്ന് വരാം എന്നാലും ഹൃദയത്തിൽ വസിക്കുന്ന ഈശോയുടെ അടുത്ത് തന്നെ ഓടിചെല്ലണം. അവിടുന്നിൽ ശരണപ്പെടണം.ഏതു പ്രശ്നത്തിന്റെ ഇടയിലും അമ്മയെ കാണുമ്പോൾ സന്തോഷിക്കുന്ന ചെറുകുഞ്ഞുങ്ങളെ പോലെ സമാധാനപ്പെടണം. നാം ഏല്പിക്കുന്ന എല്ലാക്കാര്യങ്ങളും ഈശോ നോക്കിക്കോളും. അത് കൊണ്ട് ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അപ്പോഴപ്പോൾ ഈശോയെ ഏല്പിച്ചു കൊടുത്തു കൊണ്ടിരിക്കണം. ലോകത്തിൽ വേറേ ഒരു മനുഷ്യനും ഇല്ല എന്ന രീതിയിൽ ആണ് ഈശോ പൂർണമായ വിധത്തിൽ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്നത്.

ദിവ്യകാരുണ്യ സ്വീകരണ നിമിഷത്തിൽ മനുഷ്യാത്മാവ് ബുദ്ധിയ്ക്ക് അഗ്രാഹ്യമായ വിധത്തിൽ പിതാവായ ദൈവത്തിന്റെ ഏകജാതനും ത്രിത്വത്തിലെ രണ്ടാമത്തെ ആളും ഏറ്റവും ബലവാനും ദൈവവചനവും ആയ ഈശോ മിശിഹായുമായി ഒന്നാകുന്നു.

നമ്മുടെ മാനുഷിക ബലഹീനതകളോ മനുഷ്യ ശരീരത്തിന്റെ പരിമിതികളോ അതിനു തടസമാകാതിരിക്കുവാൻ ഏറ്റവും ലളിതമായ വിധത്തിൽ വിശുദ്ധ കുർബാനയായി രൂപാന്തരപ്പെട്ട് അവിടുന്ന് നമ്മിലേയ്ക്ക് വരുന്നു. ആ നിമിഷം നമ്മിൽ ഒന്നായി മാറുന്നു.

ദൈവമനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ നിമിഷങ്ങളല്ലേ അത്.
ഈശോയിൽ ജീവിച്ചു തുടങ്ങുന്ന നിമിഷങ്ങൾ…

ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ദൈവകൃപയാൽ ഒരു ചെറുകുഞ്ഞിനെപോലെ എപ്പോഴും ഈശോയെ കണ്ണും പൂട്ടി വിശ്വസിച്ചു അവിടുന്നിൽ സന്തോഷമായി ജീവിച്ചു മരിച്ചു നിത്യതയിൽ ചെല്ലുമ്പോൾ കാണാതെ വിശ്വസിച്ചതൊക്കെയും പൂർണമായും സത്യമാണെന്നു കണ്ടറിയുമ്പോൾ ഉണ്ടാകുന്ന ആനന്ദം എത്ര വലുതായിരിക്കും എന്നു ഞാനോർക്കാറുണ്ട്.

ഞാൻ എപ്പോഴും ഓർക്കുമായിരുന്നു ഒരു ജീവനുള്ള സക്രാരി പോലെ ഈശോയെ ഹൃദയത്തിൽ വഹിക്കുന്ന കാര്യത്തിനെ പറ്റി..

എന്നാൽ ഇന്നത്തെ വിശുദ്ധ കുർബാനയിൽ എനിക്ക് വേറൊരു ചിന്തയാണ് വന്നത്.

“പ്രത്യുത, കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍.” (റോമാ 13 : 14)

ദിവ്യകാരുണ്യ സ്വീകരണം വഴിയല്ലേ ഞൊടിയിടയിൽ ഈശോയെ സത്യമായും ധരിക്കുവാൻ സാധിക്കുന്നത് എന്നു ഞാനോർത്തു.

വിശുദ്ധ കുർബാനസ്വീകരണത്തിലൂടെ ഈശോ നമ്മോട് ഒന്നാകുമ്പോൾ നാം ഈശോയുടെ തിരു ഹൃദയത്തിലേയ്ക്ക് അവിടുത്തെ സ്നേഹത്തിന്റെ ജ്വാലകളുടെ മദ്ധ്യത്തിലേയ്ക്ക് നാമറിയാതെ സംവഹിക്കപ്പെടുന്നു.

വിശുദ്ധകുർബാന സ്വീകരണത്തിനു ഞാൻ ചെല്ലുന്നത് സാധാരണ പോലെയാണെങ്കിലും ഈശോയെ ദിവ്യകാരുണ്യരൂപനായി സ്വീകരിച്ചു തിരിച്ചു പോകുന്നത് മറ്റൊരു ക്രിസ്തു ആയിട്ടാണ്

ഒരേ സമയം നാം ഈശോയെ ഹൃദയത്തിൽ വഹിക്കുകയും അവിടുന്ന് നമ്മെ ഹൃദയത്തിൽ ചേർത്ത് പിടിക്കുകയും ചെയ്യുന്നു

തീരെ ചെറിയ ആത്മാക്കളെ ഈശോ വിളിക്കുമ്പോൾ അവർ ചെയ്യേണ്ട ദൗത്യത്തിന്റെ ആഴമോ വ്യാപ്തിയോ അവർക്കു പലപ്പോഴും മനസിലാകാറില്ല.

എന്നാലും ഈശോ വിളിക്കുമ്പോൾ അനുസരണയോടെ അവർ ജീവിതത്തിലേക്ക് ചെല്ലുന്നു. സർവ മഹത്വത്തിനും യോഗ്യനായ ഈശോയോടൊപ്പം അവിടുന്നിൽ വലിയ ശരണത്തോടെ അവർ ജീവിതകാലം മുഴുവനും നടക്കുന്നു. നിശ്ചിത കാലം കഴിയുമ്പോൾ അവിടുത്തോടൊപ്പം നിത്യതയുടെ സന്തോഷത്തിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നു.

ചെറിയവരുടെ മുൻപിൽ ചെറുതായ വലിയവനായ ദൈവം

എന്നിൽ ഈശോ എഴുന്നള്ളി വന്നുകഴിയുന്ന നിമിഷങ്ങളിൽ എന്റേതായ എല്ലാ കാര്യങ്ങളും ഈശോയുടേതാണ്.

എന്റെ ആകുലതകളും വിഷമങ്ങളും രോഗങ്ങളും ആരുമറിയാത്ത നൊമ്പരങ്ങളും ഭൗതികവും ആത്മീയവുമായ വിഷമതകളും എല്ലാം ഈശോയുടേതുമാണ്.

ഈശോയുടെ കാര്യങ്ങളും അവിടുത്തേയ്ക്ക് സ്വന്തമായതൊക്കെയും എന്റെ സ്വന്തവും.

ഒരു കാര്യത്തിനെ കുറിച്ചും ഞാൻ ഭയപ്പെടേണ്ടതില്ല, ഭാരപ്പെടേണ്ടതില്ല.

എന്റെ സൃഷ്ടാവും രക്ഷകനും നാഥനുമായ ഈശോ അവിടുത്തെ വലിയ സ്നേഹത്താൽ എന്നിൽ വസിക്കുമ്പോൾ അതിൽ കവിഞ്ഞ സംരക്ഷണവും ആശ്വാസവും എനിക്ക് വേറേ എന്തിനു!

ഓരോരോ നിമിഷവും ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ ക്രൂശിതനായ ഈശോയെ ഞാൻ ധരിച്ചിരിക്കുന്നതിനാൽ ഓരോ ആത്മാവിന്റെയും വില ഞാൻ അറിയണം.

എല്ലാവർക്കും വേണ്ടി ഇനിയും കൂടുതൽ പ്രാർത്ഥിക്കണം

മനുഷ്യാത്മാവിന്റെ വിലയായി ഈശോ പകരം കൊടുത്തത് ജീവരക്തമാണ്..

അത് അവിടുത്തെ കരുണ കൊണ്ട് മാത്രമാണ്.

ഈ ദൈവകരുണ ഓരോരുത്തർക്കും പ്രാപ്യമാണ്.

ഈശോയിലേയ്ക്ക് നോക്കിയാൽ മതി…

ഈശോയെ ഞാൻ ഒരു പാപി, എന്നാലും അവിടുന്ന് എന്റെ പാപങ്ങൾ ഒക്കെയും ഏറ്റെടുത്തു കുരിശിൽ മരിച്ചുയർത്തുവല്ലോ. അങ്ങയുടെ സ്നേഹത്തിൽ ഞാൻ ശരണപ്പെടുന്നു.

ഈ വിശുദ്ധ വാരത്തിൽ ഈശോയെ ധരിക്കാം. ഈശോ കടന്നു പോയ ഓശാന അനുഭവത്തിലൂടെയും ആ സ്തുതിയുടെ നിമിഷങ്ങളിലും അവിടുത്തെ ജ്ഞാനത്തിൽ നേരത്തെ അറിവായിരുന്ന മാറുന്ന മനുഷ്യ പ്രകൃതിയുടെയും അടുത്ത സമയത്ത് തന്നെ അനുഭവിക്കാനിരുന്ന അവസാന അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെ ആദ്യനിമിഷങ്ങളിൽ പോലും യോഗ്യതയില്ലാതെ ദിവ്യകാരുണ്യം സ്വീകരിച്ച യൂദാസിന്റെയും അത് കഴിഞ്ഞു ഒറ്റികൊടുക്കപ്പെട്ട ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട, സ്വന്തം ആളുകളാൽ വിധിക്കപ്പെട്ട, ലോകത്തിന്റെ ഭരണാധികാരികളാൽ നീതി നിഷേധിക്കപ്പെട്ട അവസ്ഥകളിലൂടെയും രഹസ്യവും പരസ്യവുമായ ദാരുണപീഡാനുഭവങ്ങളുടെയും കുരിശ് മരണത്തിലൂടെയും ഒക്കെ കടന്നു പോയ ഈശോയുടെ ഹൃദയത്തോട് ആത്മീയമായി നമുക്ക് വ്യക്തിപരമായി ചേർന്നിരിക്കാം.

ഈ പ്രാവശ്യത്തെ വിശുദ്ധവാരത്തിൽ ഈശോയെ ധരിച്ചു കൊണ്ടു നമുക്ക് നടക്കാം.

വിശുദ്ധ ഫൗസ്റ്റീനയോടു ഈശോ ചെയ്ത വാഗ്ദാനപ്രകാരം ദുഃഖവെള്ളിയാഴ്ച മുതൽ പുതു ഞായറാഴ്ച വരെ ചൊല്ലാവുന്ന ദൈവകരുണയുടെ മഹാനൊവേന ഏറ്റവും ഭക്തിയോടും ഈശോയിലുള്ള വലിയ ശരണത്തോടും കൂടി പൂർത്തിയാക്കി ആത്മാവിന് മാമോദീസയ്ക്കടുത്ത വിശുദ്ധി നേടാം.

ഈ ദിവസങ്ങളിൽ ഈശോയുടെ അനന്തമായ കരുണയെ കുറിച്ച് ആഴത്തിൽ ധ്യാനിക്കാം.

മനുഷ്യകുലം മുഴുവനും വേണ്ടി കരുണയ്ക്കായി പ്രാർത്ഥിക്കാം

പരിശുദ്ധ ദൈവമാതാവേ അവിടുത്തെ തിരുക്കുമാരന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഞങ്ങളുടെ സഹായകനായ പരിശുദ്ധാത്മാവേ, ഈ ദിവസങ്ങളിൽ ദൈവഹിതമനുസരിച്ചു ജീവിക്കുവാനും പ്രാർത്ഥിക്കുവാനും പരിഹാരം ചെയ്യുവാനും ഈശോയെ കൂടുതൽ കൂടുതൽ സ്നേഹിക്കുവാനും അങ്ങനെ ദൈവപിതാവിനെ മഹത്വപ്പെടുത്തുവാനും ഞങ്ങളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെ.

ആമേൻ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment