വട്ടൻ പ്രാർത്ഥന – സൈമൺ വെയിൽ
പിതാവേ, ക്രിസ്തുവിൻ്റെ നാമത്തിൽ, ഇത് എനിക്ക് നൽകാൻ കനിവുണ്ടാവണമേ .
പൂർണ്ണമായും ശരീരം തളർന്നവനെപ്പോലെ, ശരീരം ഒന്നനക്കുന്നതിന് ആശിക്കാൻ പോലും എനിക്ക് കഴിയാതെ വന്നേക്കാം. പൂർണ്ണമായി അന്ധനോ ബധിരനോ ആയവനെപ്പോലെയോ, സംവേദനക്ഷമത നഷ്ടപ്പെട്ടവനെപ്പോലെയോ, ഒന്നും എനിക്ക് അറിയാൻ കഴിയാതെ വന്നേക്കാം. വായിക്കാനോ എണ്ണാനോ കഴിയില്ലെന്ന് മാത്രമല്ല, സംസാരിക്കാൻ പോലും പഠിക്കാത്ത പടുവിഡ്ഢിയെപ്പോലെ, രണ്ട് ചിന്തകളെ ചെറുതായി ബന്ധിപ്പിക്കാൻ പോലും എനിക്ക് കഴിയാതെ വന്നേക്കാം. ആരെയും ഒന്നിനേയും എന്നെത്തന്നെയും സ്നേഹിക്കാൻ കഴിവില്ലാതെ, അവശതയുടെ അങ്ങേയറ്റമെത്തിയ വൃദ്ധനെപ്പോലെ, എല്ലാത്തരം സങ്കടങ്ങളോടും സന്തോഷത്തോടും ഞാൻ നിർവ്വികാരനായേക്കാം.
പിതാവേ, ക്രിസ്തുവിൻ്റെ നാമത്തിൽ, ഇതെല്ലാം നേരായും എനിക്ക് നൽകണമേ.
തികഞ്ഞ വഴക്കത്തോടെയോ മുറുക്കത്തോടെയോ, അങ്ങയുടെ ഹിതത്തിന് അനുരൂപപ്പെട്ടുകൊണ്ട് ഈ ശരീരം ചലിക്കുകയോ നിശ്ചലമാവുകയോ ചെയ്യട്ടെ. കേൾവി, കാഴ്ച, രുചി, മണം, സ്പർശനം എന്നിവക്കുള്ള എന്റെ കഴിവുകൾ അങ്ങയുടെ സൃഷ്ടിയുടെ പൂർണ്ണത കൈവരിക്കട്ടെ. ഈ മനസ്സ് മതിയായ വ്യക്തതയോടു കൂടി എല്ലാ ആശയങ്ങളെയും അങ്ങയുടെ സത്യവുമായി പൂർണ്ണമായി അനുരൂപപ്പെട്ട് ഒന്നിപ്പിക്കട്ടെ. ഈ സംവേദനക്ഷമത, സാധ്യമാകുന്നതിൽ ഏറ്റവും വലിയ അനുഭവത്തിലും ഏറ്റവും കടുത്ത തീവ്രതയിലും, എല്ലാ പരിശുദ്ധിയിലും, ദുഃഖത്തിൻ്റെയും സന്തോഷത്തിൻ്റെയും എല്ലാ സൂക്ഷ്മാംശങ്ങളിലും അനുഭവപ്പെടട്ടെ.
ഈ സ്നേഹമെല്ലാം ദൈവത്തോടുള്ള, തീർത്തും ദഹിപ്പിക്കുന്ന, ദൈവസ്നേഹാഗ്നി ജ്വാലയാകട്ടെ. ഇവയെല്ലാം എന്നിൽ നിന്ന് ഉരിഞ്ഞെടുക്കപ്പെട്ട്, ദൈവത്താൽ നശിപ്പിക്കപ്പെട്ട്, ക്രിസ്തുവിനുള്ളതായി രൂപാന്തരപ്പെടുകയും, ശരീരത്തിലും ആത്മാവിലും എല്ലാ വിധത്തിലും പോഷണക്കുറവുള്ള പീഡിതരായ മക്കൾക്ക് ഭക്ഷണത്തിനായി നൽകുകയും ചെയ്യട്ടെ. ഞാനോ, തളർവാതരോഗിയും, അന്ധനും ബധിരനും ബുദ്ധിഹീനനും തീർത്തും അവശനുമായിരിക്കട്ടെ.
പിതാവേ, യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ഇപ്പോൾ ഈ രൂപാന്തരീകരണം സാധ്യമാക്കുക, അപൂർണ്ണമായ വിശ്വാസത്തോടെയാണ് ഞാൻ ആവശ്യപ്പെടുന്നതെങ്കിലും ഉറച്ച വിശ്വാസത്തോടെയാണത് അപേക്ഷിക്കുന്നതെന്ന പോലെ അനുവദിക്കുക. പിതാവേ, നീ നല്ലവനും ഞാൻ മന്ദോഷ്ണനുമാകയാൽ ഈ ശരീരത്തെയും ആത്മാവിനെയും എന്നിൽ നിന്ന് കീറിക്കളഞ്ഞ് , അവിടുത്തെ ഉപയോഗത്തിനുതകുന്ന വസ്‌തുക്കളാക്കി അവയെ മാറ്റുക, ഈ കീറൽ അല്ലെങ്കിൽ ഒന്നുമില്ലായ്മയല്ലാതെ മറ്റൊന്നും എന്നേക്കും എന്നിൽ അവശേഷിക്കാതിരിക്കട്ടെ.
Translated by: Jilsa Joy


Leave a comment