എന്റെ ഈശോയെ, ഇന്നേ ദിവസം പ്രഭാതത്തിൽ എന്നെ തന്നെ ഏറ്റവും കരുതലോടെ നോക്കിയിരിക്കുന്ന അങ്ങയുടെ മുഖത്തേയ്ക്ക് എന്റെ മിഴികൾ ഞാൻ തുറക്കുമ്പോൾ എന്നെ മുഴുവനായും അങ്ങേയ്ക്ക് സമർപ്പിക്കുന്നു.
ഇന്നു കൂടി അങ്ങയെ ഈ ഭൂമിയിൽ സ്നേഹിച്ചു ജീവിക്കാൻ അങ്ങെനിക്ക് ദാനമായി തന്ന ഈ ദിവസം എന്റെ ജീവനെയും അങ്ങെന്നിൽ നിശ്വസിച്ച ശ്വാസത്തെയും എന്നിൽ ഇന്നു ഉരുവാകുന്ന ചിന്തകളെയും എന്റെ അധരങ്ങൾ പറയാൻ പോകുന്ന വാക്കുകളെയും ഞാൻ ചെയ്യാൻ പോകുന്ന പ്രവൃത്തികളെയും അങ്ങേ ഹിതമനുസരിച്ചു ഇന്നു ഞാൻ ജീവിക്കുവാൻ വേണ്ടി ഇപ്പോഴേ അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു.
ഈശോയെ അങ്ങേ അളവറ്റ ദൈവസ്നേഹത്താൽ എന്റെ ഹൃദയം പൂരിതമാക്കേണമേ. ദിവ്യകാരുണ്യമേ, അരൂപിയിൽ എന്റെ ആത്മാവിൽ എഴുന്നള്ളി വരേണമേ. അങ്ങയുടെ, എനിക്ക് ജീവൻ പകരുന്ന, എന്നെ ശുദ്ധീകരിക്കുന്ന തിരുരക്തം എന്റെ സിരകളിലൊഴുകുകയും എന്നെ പൂർണമായും പൊതിഞ്ഞു സംരക്ഷിക്കുകയും ചെയ്യട്ടെ.
ഇന്നേ ദിവസം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്ന ദൈവവചനങ്ങളുടെ സ്നേഹമാധുരിയാൽ എന്റെ ആത്മാവ് സൗഖ്യം പ്രാപിക്കുകയും അത്യുന്നതദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യട്ടെ.
ദൈവപിതാവിന്റെ സ്നേഹവും ഈശോയുടെ കാരുണ്യവും പരിശുദ്ധാത്മാവിന്റെ കരുതലും എന്റെ ഇന്നേ ദിവസത്തെ ദീപ്തമാക്കട്ടെ.
ഒരു ചെറു ശിശു അതിന്റെ അമ്മയുടെ ചാരെ ഇരിക്കുന്നത് പോലെ ഈശോയെ ഇന്നേ ദിവസം ഞാൻ അങ്ങയുടെ മാറിൽ ഭയമേതുമില്ലാതെ വിശ്രമിക്കുകയും അങ്ങയുടെ വിസ്മയനീയമായ പ്രവൃത്തികൾ കണ്ടു അങ്ങയെ ആത്മാവിൽ ആരാധിക്കുകയും ചെയ്യട്ടെ.
ഈശോയെ, ഇന്നേ ദിവസം അങ്ങ് എന്നിൽ വസിച്ചു കൊണ്ട്, ഒന്നും വേണ്ടത് പോലെ ചിന്തിക്കാനോ സംസാരിക്കാനോ പ്രവർത്തിക്കാനോ കഴിവേതുമില്ലാത്ത എന്റെ പകരക്കാരനാകേണമേ. എന്നിൽ ആയിരുന്നു കൊണ്ട് എനിക്കായി ചിന്തിക്കണമേ, എനിക്കായി എന്റെ അധരങ്ങളിലൂടെ സംസാരിക്കണമെ. എന്റെ കരങ്ങളിലൂടെ അങ്ങ് പ്രവർത്തിക്കണമേ. അങ്ങനെ അങ്ങയുടെ ചിന്തയും വാക്കുകളും പ്രവൃത്തിയും എന്നിൽ കണ്ടു ഞാൻ അങ്ങയെ സ്തുതിക്കട്ടെ.
ഈശോയെ ഇന്നേ ദിവസം ഏതെങ്കിലും വിധത്തിൽ ഞാൻ അങ്ങയെ വിഷമിപ്പിക്കുവാൻ ഇടയായാൽ അതെനിക്ക് സദയം പറഞ്ഞു തന്ന് തിരുത്തുകയും എന്നിൽ രക്ഷാകരമായ അനുതാപം ഉരുവാക്കുകയും ചെയ്യേണമേ. ഹൃദയപൂർവ്വം ക്ഷമിക്കുവാൻ എന്നെ പഠിപ്പിക്കേണമേ. നന്മ ചെയ്യുവാനും കരുണ കാണിക്കുവാനും എന്നെ പരിശീലിപ്പിക്കണമേ.
ഇന്നേ ദിവസം പല തവണ അങ്ങ് എനിക്ക് പ്രദാനം ചെയ്ത ഏറ്റവും മഹത്തായതും സൗജന്യവും മൂല്യമുള്ളതുമായ നിത്യരക്ഷയെകുറിച്ചും അതെനിക്ക് നേടിത്തരാൻ അങ്ങ് സഹിച്ച പീഡകളെയും കുരിശു മരണത്തിനെയും ഉയിർപ്പിനെയും കുറിച്ചും ധ്യാനിക്കുവാൻ എനിക്കിടയാക്കണമേ.
ഈശോയെ, അങ്ങയുടെ നാമത്തിൽ പൂർണമായും ആശ്രയിക്കുവാൻ ഇന്നെന്നെ സഹായിക്കേണമേ.
ഈശോയെ ഇന്നേ ദിവസം എന്റെ നിസാരസ്നേഹത്താലും അങ്ങിലുള്ള എളിയ വിശ്വാസത്താലും അങ്ങയെ കുറച്ചെങ്കിലും ആശ്വസിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഇന്ന് എന്നെ അലട്ടുന്ന എല്ലാ ആകുലതകളും ഉത്തരമില്ലാത്ത പ്രശ്നങ്ങളും എന്നെക്കൊണ്ട് പരിഹരിക്കാനാവാത്ത എന്റെ ജീവിതപ്രതിസന്ധികളും അപ്പോഴപ്പോൾ അങ്ങയെ ഏല്പിക്കാനും അങ്ങ് അവയോരൊന്നും സമയത്തിന്റെ പൂർണതയിൽ പരിഹരിക്കുന്നത് ശാന്തതയോടെ കണ്ടു എന്നിൽ വസിക്കുന്ന അങ്ങേ ചാരെ സ്വസ്ഥമായി ഇന്ന് ചെലവഴിക്കുവാനും ഞാനാഗ്രഹിക്കുന്നു. എന്നെ സൃഷ്ടിച്ചു രക്ഷിച്ചു പരിപാലിക്കുന്ന എന്റെ ദിവ്യരക്ഷിതാവേ, എന്റെ ഈശോയെ, എന്റെ സർവശക്തിയുമെടുത്തു അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്ന് പറയുവാൻ ഞാൻ ഇന്നേ ദിവസം ആഗ്രഹിക്കുന്നു.
ഈശോയെ, ഇന്നേ ദിവസം എന്റെ ഹൃദയത്തിൽ അങ്ങയുടെ സാന്നിധ്യസ്മരണ ഉണ്ടായിരിക്കട്ടെ. അങ്ങയുടെ സാന്നിധ്യത്താൽ എന്റെ ഹൃദയത്തിൽ പകരപ്പെട്ട തീക്ഷ്ണമായ സ്നേഹജ്വാല എന്റെ ഹൃദയത്തിന്റെ ഓരോ തുടിപ്പിലും വീണ്ടും വീണ്ടും ജ്വലിക്കുകയും ക്രമേണ എന്റെ ഹൃദയത്തിൽ യാതൊരു ഭയത്തിനും ഇടമില്ലാത്ത വിധത്തിൽ ഈശോയുടെ സ്നേഹം പൂർണമാവുകയും ചെയ്യട്ടെ.
എന്റെ ഈശോയെ, എന്റെ നല്ല അമ്മയായ പരിശുദ്ധ മറിയത്തോടും എന്റെ യൗസേപ്പിതാവിനോടും എന്റെ കാവൽ മാലാഖയോടും സകല വിശുദ്ധരോടും സകല മാലാഖമാരോടും സൃഷ്ടപ്രപഞ്ചത്തോടും ആത്മനാ ചേർന്ന് കൊണ്ട് കൃതജ്ഞതാ ഭരിതമായ ഹൃദയത്തോടെ ഇന്നേ ദിവസം അങ്ങയെ ആരാധിച്ചു വാഴ്ത്തി പുകഴ്ത്തി അങ്ങേയ്ക്ക് സർവമഹത്വവും നൽകാൻ എനിക്കിടയാകട്ടെ.
ആമേൻ


Leave a comment