എന്റെ ഈശോയെ, ഒരു മനുഷ്യനും വേർപെടുത്താനാവാത്ത വിധം ദിവ്യകാരുണ്യത്തിൽ വസിച്ചു കൊണ്ട് ഒരു ശക്തിയ്ക്കും എടുത്തു മാറ്റാനാവാത്ത വിധം ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ചു കൊണ്ട് ഈശോയിൽ ജീവിക്കുന്ന, ഈശോയ്ക്കായി മാത്രം ജീവിക്കുന്ന ഞങ്ങളുടെ ഓരോ സമർപ്പിതരെയും അങ്ങ് പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളാൽ നിരന്തരം നിറയ്ക്കേണമേ.
ഈശോയെ, ഓരോ സമർപ്പിതരുടെയും ഹൃദയങ്ങളെ ദൈവസ്നേഹത്തിന്റെ തീക്ഷ്ണമായ അഗ്നിയാൽ ജ്വലിപ്പിക്കേണമേ. അവരോടു ഒരിക്കൽ എങ്കിലും സംസാരിക്കുന്നവരുടെ ഹൃദയത്തിൽ ദൈവവചനത്തിന്റെ വിത്തുകൾ വീഴാനും യഥാകാലം അവ മുള പൊട്ടി നൂറു മേനി ഫലം പുറപ്പെടുവിക്കാനും ഇടയാക്കേണമേ.
ഓരോ സമർപ്പിതരുടെയും കുടുംബങ്ങളെയും അവർ ആയിരുന്ന സ്ഥലങ്ങളെയും അവരെ കണ്ടവരും കേട്ടവരും അവരോടു സംസാരിച്ചവരും അവരുടെ സേവനം പ്രത്യക്ഷമായോ പരോക്ഷമായോ ഒരിക്കലെങ്കിലും സ്വീകരിച്ചവരുമായ ഓരോ മനുഷ്യരെയും അനുഗ്രഹിക്കേണമേ.
ദൈവഹിതപ്രകാരം അവർ അയയ്ക്കപ്പെട്ട് ഇപ്പോൾ ആയിരിക്കുന്ന ഓരോ ദേശങ്ങളെയും സമൂഹങ്ങളെയും സേവന മേഖലകളെയും ഇടങ്ങളെയും സാഹചര്യങ്ങളെയും അവരെ പ്രതി അനുഗ്രഹിക്കേണമേ.
അവർ ആയിരിക്കുന്ന ഇടങ്ങളിൽ ഓരോ ദിവസവും ദൈവഹിതപ്രകാരം കടന്നു പോകുന്ന പ്രതിസന്ധികളും പ്രയാസങ്ങളും കണ്ണുനീരും വേദനയും സഹനങ്ങളും ഈശോയുടെ നാമ മഹത്വത്തിനും വിശ്വാസപരിശീലനത്തിനും ദൈവിക ശരണത്തിലുള്ള ആഴപ്പെടലിനും ആത്മവിശുദ്ധീകരണത്തിനും ഇഹത്തിലും പരത്തിലും വലിയ സ്വർഗീയ പ്രതിഫലത്തിനും ദൈവമഹത്വത്തിലുള്ള പങ്കിനും കാരണമായി തീരട്ടെ.
ഈശോയുടെ നാമത്തിൽ വിളിച്ചു വേർതിരിക്കപ്പെട്ടു വിശുദ്ധീകരിക്കപ്പെട്ട ഓരോ സമർപ്പിതരുടെയും ഹൃദയത്തിൽ നിന്നുയരുന്ന ഓരോ പ്രാർത്ഥനയ്ക്കും അവ ഉയരും മുൻപേ ഉത്തരമേകുന്ന ഈശോയെ, അങ്ങയുടെ മഹത്വത്തിനായി അവർ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളെയും അവരുടെ മുഴുജീവിതത്തെയും ഫലദായകമാക്കേണമേ.
ദിവ്യകാരുണ്യ ഈശോയിലുള്ള അവരുടെ നോട്ടം അവർക്കും ലോകത്തിനും നേട്ടമാകട്ടെ. ജപമാലയേന്തുന്ന അവരുടെ കരങ്ങളെ സുഗന്ധപൂരിതമാക്കേണമേ. ഈശോയിലുള്ള വിശ്വാസവും പൂർണമായ ശരണവും നൽകുന്ന പ്രത്യാശയിൽ ഓരോ സമർപ്പിതരുടെയും അനുദിനജീവിതം നയിക്കപ്പെടട്ടെ.
അവരുടെ സഹോദരങ്ങളായ ഞങ്ങളുടെ ഈ പ്രാർത്ഥനകളൊക്കെയും തിരുസഭയുടെയും യൗസേപ്പിതാവിന്റെയും സകല വിശുദ്ധരുടെയും മാലാഖാമാരുടെയും പ്രാർത്ഥനകളോടു ചേർത്ത് വച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ എത്രയും ആരാധ്യമായ സ്നേഹൈക്യത്തിന് സമർപ്പിക്കുന്നു.
ആമേൻ


Leave a comment