എന്റെ നിത്യസഹായകനായ ദൈവാരൂപിയെ, എന്നിൽ അങ്ങയുടെ സ്നേഹാഗ്നി ഇപ്പോൾ ദയവോടെ പകരേണമേ. എന്നിൽ ആവസിച്ചു എന്നെ രൂപാന്തരപ്പെടുത്തേണമേ. എന്നെ ഈശോയ്ക്കായി ചെറിയ കാര്യങ്ങൾ ചെയ്യുന്ന ഒരു എളിയ ഉപകരണമാക്കേണമേ. അങ്ങ് എന്റെ മന്ദോഷ്ണമായ ആത്മാവിനെ നിരന്തരം എരിയിക്കണമേ. എപ്പോഴും എവിടെയും നന്മ ചെയ്യുവാൻ എന്നെ സന്നദ്ധയാക്കേണമേ. പരിശുദ്ധാത്മാവെ, അറിവില്ലാത്ത എന്നെ അവിടുന്ന് ക്ഷമയോടെ പഠിപ്പിക്കേണമേ.
എന്റെ പരിശുദ്ധാത്മാവെ, മാമോദീസ വഴി സാർവത്രികസഭയുടേതായി മാറിയ എന്റെ ഭൗതിക ജീവിതത്തിലെ ചിന്തകളും വാക്കുകളും പ്രവൃത്തികളും അങ്ങേ സഹായത്താൽ ദൈവഹിതമനുസരിച്ചു ഏറ്റവും ഫലദായകമാകുകയും ആത്മാക്കളുടെ രക്ഷയ്ക്ക് കാരണമാകുകയും അത് വഴി ലോകത്തിനു മുൻപിൽ ദൈവത്തിനു മഹത്വം ലഭിയ്ക്കാൻ ഇടയാക്കുകയും ചെയ്യട്ടെ.
പരിശുദ്ധാത്മാവെ, നിരന്തരം പ്രാർത്ഥിക്കുവാൻ എനിക്ക് കൃപ നൽകണമേ. എനിക്കും സകല മനുഷ്യർക്കായുമുള്ള മിശിഹാ രഹസ്യങ്ങളെ കുറിച്ചുള്ള ഓർമയും എന്റെ ഹൃദയത്തിൽ അങ്ങ് സംഗ്രഹിച്ചു തന്ന ദൈവവചനങ്ങളും എന്റെ ജീവിതപാതയിൽ വെളിച്ചമേകട്ടെ.
പിതാവായ ദൈവത്തിൽ നിന്നും ഈശോ വഴി എന്നിലേക്ക് എഴുന്നള്ളിയ നല്ല പരിശുദ്ധാത്മാവെ, അങ്ങേ കൃപയാൽ ഈശോയുടെ നാമത്തിൽ എപ്പോഴും ഞാൻ ശരണപ്പെട്ടു കൊണ്ട് എന്നിൽ സദയം വസിച്ചു വാഴുന്ന ഈശോയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും ആത്മാവിന്റെയും ദൈവത്വത്തിന്റെയും സത്തയായ ദിവ്യകാരുണ്യത്തെ ഞാൻ ആത്മാവിൽ ഓർക്കുകയും സ്തുതിയുടെയും കൃതജ്‌ഞതയുടെയും ജീവിതം അവിടുത്തോടൊപ്പം നയിക്കുകയും ചെയ്യട്ടെ.
ആമേൻ


Leave a comment