ദിവ്യ കാരുണ്യ ഈശോയെ, എന്റെ ആത്മാവിൽ അങ്ങ് ഇപ്പോൾ അരൂപിയായി എഴുന്നള്ളി വരേണമെ. എന്നിൽ എന്നേരവും വസിക്കേണമേ. അങ്ങയുടെ തിരുരക്തത്താൽ എന്നെ പൊതിയണമേ. അങ്ങയുടെ ജ്വലിക്കുന്ന സ്നേഹത്താൽ എന്റെ മനസിനെ നിറയ്ക്കണമേ. അങ്ങയുടെ നിത്യസമാധാനത്തിൽ എന്റെ ഹൃദയത്തെ പൂരിതമാക്കണമേ. ഈശോയെ, അങ്ങയുടെ നാമത്തിന്റെ തണലിൽ എന്നെ മറയ്ക്കേണമേ. ഈശോയെ, അങ്ങയുടെ വചനങ്ങളാൽ എന്റെ ഹൃദയത്തെ നിറയ്ക്കേണമേ.
ഇന്നേ ദിവസത്തിൽ എന്റെ ജീവിതവ്യാപാരങ്ങളെ അങ്ങു തന്നെ കാത്തു കൊള്ളേണമേ. എന്നെയും എനിക്കുള്ളവരെയും ഇന്ന് എന്നോട് ഇടപെടുന്നവരെയും ഇന്ന് ഞാൻ ആയിരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും എല്ലാ മനുഷ്യരെയും ലോകം മുഴുവനെ തന്നെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. എനിക്കു ജ്ഞാനവും വിവേകവും നൽകേണമേ.
ഇന്ന് ഞാൻ അഭിമുഖീകരിക്കുന്നതെന്തും ഈശോയെ അങ്ങിലൂടെ എന്നിലേയ്ക്ക് കടന്നു വരട്ടെ. അത് വഴി ഇന്ന് ദൈവപിതാവിന്റെ ഹിതം മാത്രം ചെയ്യുന്നവളായും ഈശോയെ അങ്ങേ കരുണയുടെ പരിമളം പരത്തുന്നവളായും പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്തു എളിമയോടെ അവയ്ക്ക് ഉടൻ പ്രത്യുത്തരം നൽകുന്നവളായും ത്രിത്വൈക ദൈവത്തെ അനവരതം മഹത്വപ്പെടുത്തുന്നവളായും ഞാൻ പരിണമിക്കട്ടെ.
ഏറ്റവും പരിശുദ്ധ ത്രിത്വത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
ആമേൻ


Leave a comment