വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ പരിശുദ്ധമറിയത്തോടുള്ള പ്രാർത്ഥന
മറിയമേ, നിത്യ പിതാവിന്റെ പ്രിയപുത്രീ സ്വസ്തി! പുത്രൻ തമ്പുരാന്റെ ഏറ്റവും പ്രശംസനീയയായ അമ്മേ സ്വസ്തി!പരിശുദ്ധാത്മാവിന്റെ ഏറ്റവും വിശ്വസ്തയായ മണവാട്ടിയേ സ്വസ്തി!
എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, എന്റെ സ്നേഹനാഥേ, എന്റെ അതിശക്തയായ രാജ്ഞീ, എന്റെ സന്തോഷമേ, എന്റെ മഹത്വമേ, എന്റെ ഹൃദയമേ, എന്റെ ആത്മാവേ, അങ്ങേയ്ക്ക് സ്വസ്തി!
അങ്ങ് മുഴുവനും എന്റേതായതു കാരുണ്യത്താലാണല്ലോ. ഞാൻ പൂർണമായും അങ്ങയുടേതായതോ
നീതി മൂലമത്രേ.
പക്ഷേ ഇപ്പോഴും ഞാൻ പൂർണമായി അങ്ങയുടേതായി മാറിയിട്ടില്ല. എനിക്കോ മറ്റുള്ളവർക്കോ ആയി ഒന്നും മാറ്റിവയ്ക്കാതെ, ഞാൻ, എന്നെ തന്നെ പൂർണമായി അമ്മയ്ക്ക് ഇപ്പോൾ തരുന്നു. അങ്ങയുടേതല്ലാതെ എന്തെങ്കിലും ഇപ്പോഴും എന്നിൽ കാണുന്നുവെങ്കിൽ, അങ്ങ് അവയെ എന്നിൽ നിന്ന് എടുത്തു മാറ്റണമേ.
എന്റേതായ എല്ലാറ്റിന്റെയും പരമാധികാരിയായ നാഥ അങ്ങ് മാത്രമാകണമേ. ദൈവത്തിനു അഹിതകരമായി എന്നിലുള്ളവയെ നശിപ്പിക്കണമേ. വേരോടെ പിഴുതെറിഞ്ഞു ഇല്ലാതാക്കണമേ. അങ്ങേക്ക് സന്തോഷം നൽകുന്നവയെ എന്നിൽ നിക്ഷേപിക്കുകയും വളർത്തുകയും ചെയ്യണമെ.
അങ്ങയുടെ വിശ്വാസത്തിന്റെ വെളിച്ചം എന്റെ മനസ്സിന്റെ അന്ധകാരത്തെ തൂത്തെറിയട്ടെ. അങ്ങയുടെ അഗാധമായ എളിമ എന്റെ അഹങ്കാരത്തെ നിർമ്മാർജ്ജനം ചെയ്യട്ടെ. എന്റെ അലഞ്ഞു നടക്കുന്ന ഭാവനയെ അങ്ങയുടെ ധ്യാനനിർലീനത നിയന്ത്രിക്കട്ടെ. അങ്ങയുടെ നിരന്തരമായ ദൈവദർശനം എന്റെ ഓർമ്മയെ ദൈവസാന്നിദ്ധ്യം കൊണ്ട് നിറയ്ക്കട്ടെ. എന്റെ മന്ദോഷ്ണാവസ്ഥയെ അങ്ങയുടെ ആളിക്കത്തുന്ന സ്നേഹം ജ്വലിപ്പിക്കട്ടെ. എന്റെ പാപത്തിന്റെ ഇടങ്ങളിൽ അങ്ങയുടെ പുണ്യങ്ങൾ സ്ഥാനം പിടിക്കട്ടെ. അങ്ങയുടെ പുണ്യങ്ങൾ മാത്രമായിരിക്കട്ടെ എന്റെ എല്ലാം കുറവുകളും പരിഹരിച്ചു ദൈവതിരുമുമ്പിലുള്ള എന്റെ അലങ്കാരങ്ങൾ.
അവസാനമായി ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങേയ്ക്ക് സാധ്യമെങ്കിൽ യേശുവിനെയും അവിടുത്തെ തിരുഹിതത്തെയും അറിയുവാൻ അങ്ങയുടെ അരൂപിയല്ലാതെ മറ്റൊന്നും എനിക്കുണ്ടാകാതെയിരിക്കട്ടെ. ദൈവത്തെ സ്തുതിക്കുവാനും മഹത്ത്വപ്പെടുത്തുവാനും എനിക്ക് അങ്ങയുടെ ആത്മാവല്ലാതെ മറ്റൊരാത്മാവുണ്ടാകാതിരിക്കട്ടെ. പരിശുദ്ധവും ഊഷ്മളവുമായ സ്നേഹം കൊണ്ട് നിറഞ്ഞ അങ്ങയുടെ ഹൃദയമല്ലാതെ മറ്റൊരു ഹൃദയം ദൈവത്തെ സ്നേഹിക്കാൻ എനിക്കുണ്ടാകാതിരിക്കട്ടെ.
ദർശനങ്ങളോ, വെളിപാടുകളോ, ഇന്ദ്രിയപരമായ ഭക്തിയോ ആത്മീയാനന്ദങ്ങൾ പോലുമോ ഞാൻ ചോദിക്കുന്നില്ല. ദൈവത്തെ മുഖാമുഖം കാണുകയും സ്വർഗീയാനന്ദം അനുഭവിക്കുകയും ചെയ്യുക അങ്ങയുടെ അവകാശമാണല്ലോ.
പുത്രന്റെ വലതുഭാഗത്ത് മഹത്ത്വപൂർണ്ണയായി എഴുന്നള്ളി ഇരുന്നു കൊണ്ട് മാലാഖാമാരുടെയും മനുഷ്യരുടെയും പിശാചിന്റെയും മേൽ പരിപൂർണ്ണമായ ആധിപത്യം ഉറപ്പിക്കുക. അതും അങ്ങയുടെ അവകാശമാണ്.
അങ്ങയുടെ ഇഷ്ടം പോലെ ദൈവത്തിന്റെ എല്ലാം ദാനങ്ങളും വിതരണം ചെയ്യുകയും അമ്മയുടെ അവകാശം തന്നെ. ഇവയത്രേ ദൈവം അങ്ങേക്ക് തന്ന “നല്ല ഭാഗം”. അത് ഓ! സ്വർഗ്ഗീയ മാതാവേ അങ്ങിൽ നിന്ന് ഒരിക്കലും എടുത്തു മാറ്റപ്പെടുകയില്ല. ഈ ചിന്തയാൽ എന്റെ ഹൃദയം ആനന്ദം കൊണ്ട് നിറയുന്നു.
ഐഹിക ജീവിതത്തിൽ അങ്ങയിൽ പ്രശോഭിച്ചവ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ആത്മീയ സന്തോഷം കൂടാതെയുള്ള ആത്മാർത്ഥമായ വിശ്വാസം, മാനുഷിക സമാശ്വാസം തേടാതെ സന്തോഷപൂർവം സഹനങ്ങൾ ഏറ്റെടുക്കുക. വിശ്രമമെന്യേ തന്നോട് തന്നെ മരിക്കുക. അങ്ങേക്ക് വേണ്ടി മരണം വരെ ഒരു വിനീത അടിമയെ പോലെ നിസ്വാർത്ഥമായും തീക്ഷ്ണമായും അദ്ധ്വാനിക്കുക.
ഇവ മാത്രമേ ഞാൻ അങ്ങയോടു യാചിക്കുന്നുള്ളു. ഒരേ ഒരു അനുഗ്രഹമേ എനിക്ക് വേണ്ടൂ. അവിടുന്ന് ലോകത്തിലായിരുന്നപ്പോൾ ചെയ്തവയെല്ലാറ്റിനും ആമേൻ- അങ്ങനെ തന്നെയാകട്ടെ ആമേൻ- അങ്ങനെ തന്നെയാകട്ടെ എന്നും, അവിടുന്നു ഇപ്പോൾ സ്വർഗത്തിൽ ചെയ്യുന്നവയ്ക്കെല്ലാം ആമേൻ – അങ്ങനെ തന്നെയാകട്ടെ എന്നും, പറയുവാനും അങ്ങനെ ജീവിതകാലത്തിലും നിത്യത്വത്തിലും അങ്ങ് മാത്രം എന്നിൽ യേശുവിനെ പൂർണ്ണമായി മഹത്ത്വപ്പെടുത്തുവാനും ഇടയാകട്ടെ.
ആമേൻ


Leave a comment