*പുലർവെട്ടം 182*
ധനുരാവുകളിൽ കാരൾഗീതങ്ങൾ കേട്ടുതുടങ്ങി.
Silent night, holy night,
All is calm, all is bright
നിശ്ശബ്ദരാവുകൾക്കുള്ള വാഴ്ത്തു കൂടിയാണ് ഈ ഗീതം. രാത്രികൾ രാത്രികളല്ലാതെയാവുന്ന ഒരു കാലത്തിൽ റബർ മിഠായി പോലെ പകലിനെ പരമാവധി വലിച്ചുനീട്ടുകയാണ്. ഉച്ചവെയിലിനേക്കാൾ പ്രകാശമുള്ള നിയോൺ വിളക്കുകൾ, പകലിനേക്കാൾ ആരവങ്ങളുള്ള രാത്രിയാമങ്ങൾ, ദീർഘസംഭാഷണങ്ങൾ… രാത്രി ഇനി ഏതായാലും ശാന്തവും നിശ്ശബ്ദവുമല്ല.
കഴിഞ്ഞ രാത്രിയിൽ കേട്ട ആ ദീർഘമായ പ്രഭാഷണത്തിന്റെ സാരമെന്തായിരുന്നു? മണിക്കൂറുകളോളം നമ്മൾ എന്തിനേക്കുറിച്ചാണ് സംസാരിക്കുകയും തർക്കിക്കുകയും ചെയ്തത്? ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് പടർന്നു കയറി ഒടുങ്ങിയ ആ നീണ്ട പ്രാർത്ഥനയുടെ ആമേൻ ആയിരുന്നു ഏറ്റവും ഹൃദ്യമായി തോന്നിയതെന്ന് പള്ളിയിൽ നിന്നു മടങ്ങുമ്പോൾ കുഞ്ഞുമകൾ കുറുമ്പു പറഞ്ഞതെന്തിന്? ഓർമ്മയുടെ അരിപ്പയിൽ തിളങ്ങുന്ന പരലുകളൊന്നും അവശേഷിപ്പിക്കാതെ ഒരു ആരവം പോലെ, മെക്ബത്ത് നിരീക്ഷിച്ച – full of sound and fury, signifying nothing -ജീവിതം.
സ്വന്തം ആന്തരികതയേക്കുറിച്ച് എന്തെങ്കിലും ആകുലതയുള്ളവർക്ക് എന്നെങ്കിലും മൗനത്തിന്റെ തുരുത്തിൽ തങ്ങളുടെ യാനപാത്രം തുഴഞ്ഞെത്തിയേ തീരൂ. ജീവിതം കുറേക്കൂടി നിശ്ശബ്ദത അർഹിക്കുന്നുണ്ട്. രാത്രി വിരിയുന്ന പൂക്കളുടെ പരിമളമറിയാനും ചക്രവാളത്തിന്റെ അങ്ങേ ചരിവിലേക്ക് മുങ്ങിപ്പോയ കൊള്ളിമീനെ കാണാനും വില കുറഞ്ഞ ഡിറ്റർജന്റുകളുപയോഗിച്ച് അവളുടെ വിരലുകൾ പരുപരുത്തു തുടങ്ങിയെന്ന് ആശങ്കപ്പെടാനും തൊട്ടിലിലെ കുഞ്ഞിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ ‘ഒന്നിനി ശ്രുതി താഴ്ത്തൂ’ എന്ന് കുയിലിനോട് മൂളിപ്പാട്ടു പാടാനും വഴി തെറ്റി വരുന്ന ഏതോ ദേവദൂതന്റെ മൃദുമന്ത്രണം കേൾക്കാനും ഈ രാവ് ആത്മാവില്ലാത്ത ആരവങ്ങളിൽ നിന്ന് മുക്തമായേ പറ്റൂ.
ഒരു ഉദ്ദീപനത്തിനും പ്രതികരണത്തിനും ഇടയിൽ സൃഷ്ടിക്കുന്ന ഇടവേളയാണ് മൗനമായി നിർവചിക്കപ്പെടുന്നത്. അതിനു ശേഷം നിങ്ങളുടെ പ്രതികരണങ്ങൾ കുറേക്കൂടി അഗാധവും കുലീനവുമാകുന്നു.
രാത്രിയുടെ നിശ്ശബ്ദതയിൽ തളിർത്ത ആ കുഞ്ഞിനേക്കുറിച്ച് മുതിർന്നപ്പോൾ ഇങ്ങനെയാണ് അവന്റെ കാലം അടയാളപ്പെടുത്തിയത്- “അവൻ തർക്കിക്കയോ ബഹളം വയ്ക്കയോ ഇല്ല. തെരുവുകളിൽ ആരും അവന്റെ സ്വരം കേൾക്കയില്ല.”
“ഒടുവിൽ അവൻ എന്നെ ഒരു നീണ്ട മൗനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി” – കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ഈ വരികൾ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
*ബോബി ജോസ് കട്ടികാട്*
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment