Pularvettom 183 Fr Bobby Jose Kattikadu

*പുലർവെട്ടം 183*

ദേവദൂതർ സ്വർഗ്ഗത്തിന്റെ ഗോവണിയിറങ്ങി ഭൂമിയിലേക്കു വരുന്ന കാഴ്ച യാക്കോബ് സ്വപ്നം കണ്ടിരുന്നു. ആയിടത്തിന് ബഥേൽ എന്നയാൾ പേരിട്ടു.
പുതിയ നിയമത്തിൽ മാലാഖമാർ ആ അദൃശ്യഗോവണിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്ത ഇടത്തിന് ബെത്‌ലഹേം എന്നു പേര്.
മാലാഖമാർ നിരന്തരസഞ്ചാരങ്ങളിൽ ഏർപ്പെടുന്ന ബഥേലോ ബത്‌ലഹേമോ ആയി മാറുകയാണ് ഏതൊരു ജീവിതത്തിനും ഉണർന്നിരുന്നു കാണാവുന്ന കിനാവ്. ‘ബീറ്റിൽസി’ലെ ജോൺ ലെനൻ തിരിച്ചറിയുന്നതുപോലെ, “I believe in everything until it’s disproved. So I believe in fairies, the myths, dragons. It all exists, even if it’s in your mind.” അമ്മൂമ്മക്കഥകളിൽ യക്ഷികളിലും വ്യാളികളിലുമൊക്കെ അഭിരമിക്കുന്ന മനസ്സിന് എന്തുകൊണ്ട് പ്രസാദമധുരമായ സങ്കല്പങ്ങളെ തിടപ്പെടുത്തിക്കൂടാ?

യേശുവിന്റെ ജീവിതത്തിൽ ഉടനീളം അവരുണ്ടായിരുന്നു, പിറവിയിലും പലായനത്തിലും പ്രലോഭനത്തിലും വ്യഥയിലും ഉത്ഥാനത്തിലും. എന്നിട്ടും ഒരു ബാക്ക്ഡ്രോപ്പെന്ന നിലയിൽ മാത്രം നമ്മുടെ ഭാവനയിൽ അവർ ചുരുങ്ങിപ്പോയി. മാലാഖവൃത്താന്തങ്ങൾ കുറേക്കൂടി ഉയിരും മിഴിവും ധരിച്ച് പ്രാണനെ അഴകുള്ളതാക്കട്ടെ. പരുക്കൻ യാഥാർത്ഥ്യങ്ങളേക്കാൾ കവിതയുടെ പൂഞ്ചിറകുകളായിരിക്കും വാഴ്വിന് സമാശ്വാസം പകരാൻ പോകുന്നത്.

ക്ലാസ് മുറിയിൽ അധ്യാപകൻ ഇസഹാക്കിന്റെ ബലിയെ ഭീകര നാടകീയതയിൽ ചൊല്ലിയാടുകയായിരുന്നു.
അബ്രഹാം കുഞ്ഞിന്റെ ഇളം കഴുത്തിലേക്ക് കൊടുവാളുയർത്തിയ അതേ മുഹൂർത്തത്തിൽ ഒരു മാലാഖ വന്നു തടഞ്ഞു, “അരുത്!”
പെട്ടെന്ന് ഒരു ചെറിയ മകൾ വാവിട്ടു കരഞ്ഞു.
“കരയാനെന്താണിത്ര? മാലാഖ വന്നില്ലേ? കുഞ്ഞിന്റെ പ്രാണൻ രക്ഷിച്ചില്ലേ?”
കരച്ചിലിനിടയിൽ കുട്ടി പറഞ്ഞു, “മാലാഖ വരാൻ വൈകിയിരുന്നെങ്കിലോ?”
അധ്യാപകൻ സമാശ്വസിപ്പിച്ചു, “മാലാഖമാർ വരാൻ വൈകില്ല. അതുകൊണ്ടാണവർ മാലാഖമാരെന്നു വിളിക്കപ്പെടുന്നത്.”
Tiimely intervention. ഓരോരോ നിർണ്ണായകഘട്ടങ്ങളിൽ അഭയമായി മാറിയ എല്ലാ ദേവദൂതർക്കും സ്തുതിയായിരിക്കട്ടെ.

ഒന്നോർത്താൽ നിങ്ങളും മാലാഖ തന്നെയാണ്. ജിബ്രാനോട് അമ്മ പറഞ്ഞതുപോലെ, ഭുജങ്ങളിൽ തടവി നോക്കൂ, ഒടിഞ്ഞ ചിറകിന്റെ പാടുകൾ ഇപ്പോഴും കാണാം- broken wings.


*ബോബി ജോസ് കട്ടികാട്*

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment