Pularvettom 184 Fr Bobby Jose Kattikadu

*പുലർവെട്ടം 184*

എല്ലാ സത്രങ്ങളും കൊട്ടിയടയ്ക്കപ്പെട്ട രാത്രിയിൽ ഒരു തൊഴുത്ത് എത്ര പെട്ടെന്നാണ് എല്ലാവർക്കും ഇടമുള്ള വിരിവാർന്ന ഭൂമിയായത്. എവിടെ വാതിലുകൾ കൊട്ടിയടച്ചാലും വല്ലാത്തൊരു മുഴക്കം ഉണ്ടാവുന്നുണ്ട്, പാവവീടിനൊടുവിൽ നോറ കൊട്ടിയടച്ച വാതിലിലെന്നപോലെ.

ഈ ശാന്തരാത്രിയിൽ അത്തരം മുഴക്കങ്ങളും ലോകമെമ്പാടു നിന്നും കേൾക്കുന്നുണ്ട്. ഭൂമിക്കു മീതെ കൊടിയൊരു ഭയത്തിന്റെ കാറ്റു വീശുന്നു. നിങ്ങളുടെ പേര്, വർണ്ണം, ദേശം ഒക്കെ കമ്പോടുകമ്പ് പരിശോധിക്കപ്പെടുമ്പോൾ ആ പരമചൈതന്യത്തിനുവേണ്ടി ഈ ദേശം കരുതിവച്ചിരുന്ന ബ്രഹ്മം എന്ന വാക്കിനാണ് പരിക്കേൽക്കുന്നത്. ബൃഹത്താവുന്നതാണ് ബ്രഹ്മം. വിശാലതയ്ക്ക് നിരക്കാത്തതെല്ലാം ഈശ്വരനിഷേധമാണെന്ന ഓർമ്മപ്പെടുത്തലിന് അവന്റെ പിറവിയോളം പഴക്കമുണ്ട്.

ഉദാരരാവുക- generous – എന്ന വാക്കിന് കുലീനതയുമായാണ് ബന്ധം. അതിന്റെ ലത്തീൻ എറ്റിമോളജി പരിശോധിച്ച് സ്വയം ബോധ്യപ്പെടാവുന്നതാണ്. ജെന്റിലും ജെൻഡറുമൊക്കെ അതേ പദത്തിന്റെ വേരുകളിൽ നിന്നാണ്. ചക്രവർത്തിമാർക്കും പ്രഭുക്കന്മാർക്കും നിരക്കുന്ന ആ വിശേഷണം ഉദാരജീവിതത്തിലൂടെ എത്ര പെട്ടെന്നാണ് നിങ്ങൾക്കു സ്വന്തമായത്!

ഉള്ളിന്റെ ഉള്ളിൽ ധനവാനല്ലാത്ത ഒരാൾക്കും ഉദാരമതിയാവുക എളുപ്പമല്ല. ചങ്ങാതിയുടെ ഒറ്റമുറി വീട്ടിൽ ഏതാനും രാവുകൾ ചെലവഴിച്ച ഓർമ്മയുണ്ട്. രാത്രി ചായാനുള്ള നേരമാകുമ്പോൾ അവന്റെ അമ്മയും പെങ്ങളും കൂടി കുറച്ചു ദൂരെയുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ പോയി ഉറങ്ങിക്കൊള്ളാമെന്നു പറഞ്ഞ് പായ ചുരുട്ടി പുറത്തേക്കു പോകുന്നു. തെല്ലു നേരത്തെ എഴുന്നേറ്റ പുലരിയിൽ പിടുത്തം കിട്ടി അവരെങ്ങോട്ടും പോയിട്ടില്ല; മറിച്ച് കെട്ടിമറച്ചിട്ടില്ലാത്ത വീടിന്റെ ചായ്പ്പിൽ ശീതക്കാറ്റേറ്റ് ചുരുണ്ടുറങ്ങുന്നുവെന്ന്. ആ പൂഴിമണ്ണും പുൽപ്പായയും ഏതോ അറേബ്യൻ മിനാരങ്ങളിലെ സ്നേഹതല്പമാകുന്നു.

ദരിദ്രരെ ചക്രവർത്തികളാക്കുന്ന ആൽക്കെമിയുടെ കഥയാണിത്. അതിനകത്ത് നിഗൂഢമായ ആഹ്ലാദമുണ്ട്. കടൽക്കരയിൽ എത്തിയതുപോലെ; ആദ്യമൊക്കെ തിരയിൽ ചവിട്ടാനുള്ള മടിയും പേടിയുമുണ്ടായെന്നിരിക്കും. എന്നാൽ കാല്പാദമൊന്നു നനഞ്ഞുകഴിയുമ്പോൾ ഓരോരോ തിരകൾ വന്ന് നിങ്ങളെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഇടയന്മാരെപ്പോലെ ശേഖരിക്കുന്നതിലല്ല, അളവില്ലാതെ കൊടുക്കുന്നതിലാണ് ജീവിതാനന്ദത്തിന്റെ താക്കോൽ മറഞ്ഞുകിടക്കുന്നതെന്ന് വെളിപ്പെട്ടു കിട്ടുകയും ചെയ്യും.

പാതിരാത്രി 101-ലേക്ക് വിളി വരുന്നു, “കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന പൂന്തോട്ടമാണെന്റേത്. തയ്‌വാനിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ഓർക്കിഡുകൾ, നൂറു വർഷം പഴക്കമുള്ള ബോൺസായ്, ഊട്ടി പുഷ്പമേളയ്ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന റോസാപ്പൂക്കൾ…”
അയാൾ ക്ഷുഭിതനായി, “കഥ കേട്ടു നിൽക്കാൻ നേരമില്ല. പെട്ടെന്ന് കാര്യം പറയൂ.”
“അയൽവക്കത്തെ വീടിനു തീ പിടിച്ചു. ഹോസും വലിച്ച് ഓടുമ്പോൾ ഒന്ന് സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലത്.” 😀

*ബോബി ജോസ് കട്ടികാട്*

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment