ORU MASK MARGAM (ഒരു മാസ്ക് മാർഗം) || MARKAM KALI || ST. SEBASTIAN CHURCH ASOKAPURAM

മാസ്കണിഞ്ഞു നാം തൂമുഖം നന്നായി ചേലൊത്തേ മറയ്ക്കുക തെയ് തെയ്
കണ്ണും മോറും കൈയ്യാല്‍ തീണ്ടും ശീലം അമ്പേ മാറ്റുക തെയ് തെയ്
കൈയ്യകലം പാലിച്ചേ നീ വാഴ്ക വാഴ്ക ഭൂമിയില്‍ തെയ് തെയ്
വകതിരിവായി വീടകത്ത് വാഴ്ക വേണം ഭദ്രമായി തെയ് തെയ്.
കെറിവു കാട്ടാ തകത്തിരിപ്പാന്‍ നെറിവ് പേശുക മാര്‍ത്തോമ്മന്‍”

ഈണം കേട്ട് മാര്‍ഗ്ഗംകളിക്ക് താളം പിടിക്കാന്‍ തോന്നും. വരികള്‍ ശ്രദ്ധിച്ചാല്‍ കോവിഡ് രക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണെന്നും വിചാരിക്കും. എന്നാല്‍ സംഗതി ഇത് രണ്ടുമാകുന്നിടത്താണ് ഒരു മാസ്ക് മാര്‍ഗ്ഗം എന്ന യുട്യൂബ് വിഡിയോ നമ്മളെ അത്ഭുതപ്പെടുത്തുന്നത്. പരമ്പരാഗത ക്രൈസ്തവ കലാരൂപമായ മാര്‍ഗ്ഗം കളി അതിന്‍റെ തനിമയൊട്ടും ചോരാതെ ദൃശ്യാവിഷ്കരിച്ചപ്പോ പാടിയത് പഴയ കാല ക്രൈസ്തവ പാരമ്പര്യഗാഥകള്‍ അല്ല മറിച്ച് പുതിയ കാലത്ത് ജീവിക്കേണ്ട ജീവനമാര്‍ഗ്ഗങ്ങള്‍ ആണ്. പൈതൃത്തിന്‍റെ കല കൊണ്ട് വര്‍ത്തമാനത്തിനോട് സംവദിക്കലാണ്.

മാര്‍ഗ്ഗംകളിപ്പാട്ടും ആശയവും സംവിധാനവും ഒരുക്കിയത് രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ ദമ്പതികളായ ഡോ. റെന്നറ്റും, ഡോ. രമ്യയും ആണെന്ന് അറിയുമ്പോഴാണ് ഇതിന്‍റെ പ്രസക്തി ഏറുന്നത്. സമൂഹത്തോട് സംവദിക്കുമ്പോഴാണ് കല അര്‍ത്ഥപൂര്‍ണ്ണമാകുന്നതെങ്കില്‍ ഇവിടെ സംവേദനം നടത്തുന്നത് ആരോഗ്യപ്രവര്‍ത്തകരാകുമ്പോള്‍ അതിന്‍റെ ആധികാരികത കൂടി വര്‍ദ്ധിക്കുകയാണ്.

ആലുവയ്ക്കടുത്തുള്ള അശോകപുരം സെന്‍റ് സെബാസ്റ്റ്യന്‍ ഇടവകയാണ് ഈ വീഡിയോ സമൂഹ മദ്ധ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വികാരി ഫാ. ആന്‍ണി പുതിയാപറമ്പിലിന്‍റെ നേതൃത്വവും ഇടവകയുടെ പിന്തുണയും കൂടിയായപ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ പാലിക്കേണ്ട ശീലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതുമയോടെ സമൂഹത്തിന് നല്കാന്‍ ഈ വീഡിയോയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇടവകക്കാരായ കുട്ടികള്‍ തന്നെയാണ് രംഗാവതരണത്തിന് അഭിനേതാക്കളായത്.

“മാസ്കിട് ഇടു തക തെയ്…. ഇടുക ഇടുക ഇടുക തെയ്
തയ്ച്ചിടുക ഇടുകാ ഇടുകാ തെയ്”

വായ്ത്താരികളില്‍ താളമുണ്ട്. അര്‍ത്ഥവുമുണ്ട്. മാസ്കിടാനും, മാസ്ക് തയ്ക്കാനും കൈയകലം പാലിക്കാനും പറഞ്ഞു കൊടുക്കാനുള്ള ഒരു മാര്‍ഗ്ഗമായി മാര്‍ഗ്ഗം കളി മാറുന്നിടത്ത് ബോധ വത്കരണത്തിന്‍റെ പുതിയ മാര്‍ഗ്ഗങ്ങള്‍ തെളിയുന്നുമുണ്ട്.

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “ORU MASK MARGAM (ഒരു മാസ്ക് മാർഗം) || MARKAM KALI || ST. SEBASTIAN CHURCH ASOKAPURAM”

Leave a comment