{പുലർവെട്ടം 370}
രാമായണം കാലികമാകുന്നത് താവളമില്ലാത്ത മനുഷ്യരുടെ നിലയ്ക്കാത്ത സംഘഗാനമെന്ന നിലയിലാണെന്നു തോന്നുന്നു. എല്ലാവരും ദുഃഖിതരാണ്. അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിൽ ഒരു ഭരതൻ പോലും സ്വസ്ഥനല്ല. ഭൂമിയല്ലാതെ ഒരു അഭയസ്ഥാനം ഇനിയും മനുഷ്യന് കല്പിച്ചുകിട്ടിയിട്ടില്ലെന്നാണ് അതു പറയാതെ പറയുന്നത്. ഭൂമിയിലേക്കു മടങ്ങിപ്പോകുന്ന സീത, സരയുവിലേക്ക് ഇറങ്ങിപ്പോകുന്ന രാമൻ. അവിടേക്ക് എത്താതെയാണ് കർക്കടകത്തിലെ പാരായണം നമ്മൾ അവസാനിപ്പിക്കുന്നതെങ്കിൽപ്പോലും.
നോർമ ജീന്റെ കവിത കൗതുകപ്പെടുത്തിയത് ആ തൂലികാനാമത്തിന്റെ പ്രത്യേകത കൊണ്ടാണ്. മർലിൻ മൺറോയുടെ പഴയ പേരായിരുന്നു അത്. അശാന്തപർവത്തിന്റെ തലവരയിലൂടെ കടന്നുപോയ ഒരു സ്ത്രീയുടെ, അവൾ പോലും ഉരിഞ്ഞുകളഞ്ഞ പഴയ പേര് തന്റേതാക്കുമ്പോൾ ഒരു എഴുത്തുകാരി എന്തായിരിക്കും പറയാൻ ആഗ്രഹിക്കുന്നത്? നമുക്കു പരിചയമുള്ള ഒരു പെൺകുട്ടിയാണ് അവളെന്ന് മനസിലായത് പിന്നീടാണ്. ജാക്വിലിനെ പരിചയപ്പെടുത്തിക്കൊണ്ട് കുറച്ചു വർഷങ്ങൾക്കു മുൻപ് ചങ്ങാതിമാർ പറഞ്ഞത് ‘കുറച്ച് കവിതയുടെ അസുഖമൊഴിച്ചാൽ നല്ല കുട്ടിയാണ്’ എന്നാണ്. ‘അസുഖം’ കാലം കൊണ്ടു ഭേദപ്പെടേണ്ടതാണ്.
അങ്ങനെയല്ലാത്തതുകൊണ്ടാണ് ഇന്നവൾ നമ്മുടെ ഉള്ളിനെ തൊടുന്നത്.
“തകർക്കപ്പെട്ട കൂടിന്റെ ഓർമയിൽ
പറന്നു കൊണ്ടേയിരിക്കുന്ന പക്ഷിക്ക്
ഒരു ചില്ലയും അഭയമാകുന്നില്ല”
സ്ത്രീകളുടെ കവിത അവർക്കെഴുതാൻ താല്പര്യമില്ലാത്ത ആത്മകഥയിലെ പൂർത്തിയാക്കാത്ത അധ്യായങ്ങളാണെന്ന നിരീക്ഷണമുണ്ട്.
ഖേദിക്കാൻ കാരണങ്ങൾ ഏറെയുള്ളവർക്ക് ജീവിക്കാനായി എന്തെങ്കിലും ചില പ്രകാശം കണ്ടെത്തിയേ തീരൂ. പുണ്യഗ്രന്ഥങ്ങൾ നമ്മളെ സഹായിക്കുന്നത് അതിനാണ്. കൂട് മനുഷ്യനുമായി ബന്ധപ്പെട്ടുള്ള ഏറ്റവും ഹൃദ്യമായ രൂപകമാണ്. തന്റെ ഒടുവിലത്തെ ഗീതത്തിൽ മോശ ആ രൂപകം ഉപയോഗിക്കുന്നുണ്ട്. ഓർമിക്കണം, അയാൾക്ക് നിലക്കണ്ണാടിയിൽ നോക്കി മേനി പറയുവാൻ എന്താണുണ്ടായിരുന്നത്! ചെറുപ്പത്തിലേ പുഴയിലേക്ക് ഒഴുക്കിവിട്ട കുട്ടി; ‘വെള്ളത്തിൽ നിന്ന് എടുക്കപ്പെട്ടവൻ’ എന്ന ഹീബ്രു പേരിന്റെ അർത്ഥം പോലും. കൊട്ടാരത്തിന്റെ ദത്തുപുത്രനായി നാല്പതു വർഷങ്ങൾ. അവിടെനിന്ന് ജീവരക്ഷാർത്ഥം ഓടി മറ്റൊരു നാല്പതു വർഷം മരുഭൂമിയിൽ. പിന്നെ, വിമോചകന്റെ വിളി സ്വീകരിച്ച് ഒറ്റയാനേപ്പോലെ നാല്പതു സംവത്സരങ്ങളുടെ യാത്ര.
എല്ലാ അർത്ഥത്തിലും കൂടില്ലാത്ത ഒരാൾ. എന്നിട്ടും ഹൃദ്യമായാണ് അതിനെ അയാൾ അടയാളപ്പെടുത്തുന്നത്. “അവിടുന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാരിപ്പുണർന്നു, താത്പര്യപൂർവം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു; കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും വിരിച്ച ചിറകുകളിൽ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ.” കൃത്യമായ ജീവിതനിരീക്ഷണത്തിൽ നിന്നാണ് ഈ ആത്മഗതം പൊടിച്ചത്. കുഞ്ഞുങ്ങളോട് അസാധാരണമായ ശ്രദ്ധയും കരുതലും പുലർത്തുന്ന പക്ഷിയാണ് കഴുകൻ. എന്നാൽ ഒരു ഘട്ടത്തിൽ, ഇര തേടി കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന രീതി അതവസാനിപ്പിക്കുന്നു. കൂടിനുള്ളിൽ നിന്നു മൃദുവായതെല്ലാം കൊത്തി പുറത്തുകളയുന്നു. പിന്നെ, കൂടിനെ ഉലയ്ക്കുന്നു. വിശപ്പും നൈരാശ്യവും ക്ലേശവും കൊണ്ട് മനസു മടുത്ത കുഞ്ഞുങ്ങൾ ആദ്യമായി കൂടുപേക്ഷിച്ച് പുറത്തേക്ക് ഇറങ്ങുകയാണ്. ഇളംചിറകുകൾ വീശി നോക്കുമ്പോൾ തെല്ലു പറക്കാനും പറ്റുന്നുണ്ട്. കുഞ്ഞ് അറിയുന്നില്ല, ബോധപൂർവം സൃഷ്ടിക്കപ്പെട്ട അസൗകര്യങ്ങളാണ് ഇതെന്നും അതുവഴിയാണ് തങ്ങളുടെ ചിറകുകൾ ദൃഢമായതെന്നും കൂടല്ല, ആകാശമാണ് തങ്ങളുടെ അഭയമെന്നും.
നോർമാ ജീനും അതു ബോധ്യപ്പെടും.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Fr Bobby Jose Kattikadu OFM Cap.


Leave a comment