{പുലർവെട്ടം 372}
യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.’ അനുദിനജീവിതത്തിന്റെ ഉത്കണ്ഠകളിൽ നിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലങ്ങളിൽ നിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമാ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയേക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു നടന്നിട്ടുണ്ട്. ‘Taxation was no better than introduction to slavery’ എന്നാണ് ‘ജൂഡസ് ദ് ഗലീലിയൻ’ എന്നു കേൾവി കേട്ട വിപ്ലവകാരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്.
യേശു ചോദിച്ചു, “നിങ്ങൾ കപ്പം കൊടുക്കുന്ന നാണയം കാണിച്ചുതരിക. അതിൽ ആരുടെ മുദ്രയാണുള്ളത്?”
“സീസറുടേത്.” അവർ ഉത്തരം നൽകി.
“അങ്ങനെയെങ്കിൽ, സീസറിന് അവകാശപ്പെട്ടത് സീസറിനു നൽകുക. ഈശ്വരന് അർഹതപ്പെട്ടത് ഈശ്വരനും.”
എന്താണ് ഇതിന്റെ അർത്ഥം? നാണയത്തിനു മീതെ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റെ മുദ്രയുണ്ട്. എന്നാൽ, നാണയം കൈവെള്ളയിലെടുത്തു നിൽക്കുന്ന നിങ്ങളിൽ ആരുടെ മുദ്രയാണുള്ളത്? യഹൂദർക്ക് ഏറ്റവും പരിചിതമായ വേദഭാഗത്തിന്റെ ഓർമപ്പെടുത്തലായിരുന്നു അത്; നരനെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് സൃഷ്ടിച്ചതെന്ന്.നാണയത്തിൽ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റേതെന്നതുപോലെ, നിങ്ങളുടെ നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന ആ ഒരേയൊരാളുടെ മുദ്രയ്ക്കു നിരക്കുന്നവരായി, അയാൾക്കു മാത്രം വിധേയപ്പെട്ടവനായി ജീവിക്കുക. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള ആ ശംഖനാദമാണ് മത-രാഷ്ട്രീയങ്ങൾക്കിടയിലെ അവിശുദ്ധബാന്ധവങ്ങളെ നീതീകരിക്കാൻ പല ദേശങ്ങളിലും പല കാലങ്ങളായി ഉപയോഗിക്കപ്പെട്ടത്.
“Take your Bible and take your newspaper, and read both. But interpret newspapers from your Bible.” എന്ന കാൾ ബാർത്തിന്റെ വിചാരം ഒരിക്കൽ വേദശാസ്ത്രക്ലാസുകളിൽ നന്നായി മുഴങ്ങിയിരുന്നു. രണ്ട് ടൈറ്റ് കംപാർട്‌മെന്റുകളല്ല മതവും രാഷ്ട്രവുമെന്ന് അടിവരയിടുകയാണ് ബാർത്. വേദപുസ്തകത്തിന്റെ കണ്ണിലൂടെ വർത്തമാനകാലം കാണാനുള്ള ക്ഷണമാണത്. സ്വാതന്ത്ര്യം ആചരിക്കുന്ന ഒരു ദിനത്തിൽ അതിനു പിന്നിലുള്ള പതിനായിരക്കണക്കിനു മനുഷ്യരുടെ ആത്മബലിയെ നമസ്കരിച്ചുകൊണ്ടുതന്നെ വാസ്തവത്തിൽ ഉത്തരം പറയേണ്ട ചോദ്യം ഇതാണ്- ‘Why so jubilant? For me Sabarmati is far off, Noakhali is near.’ ആസന്നമായ സ്വാതന്ത്ര്യത്തേക്കുറിച്ച് അമിതാവേശവും ആഹ്ലാദവും പ്രകടിപ്പിച്ച ഹരിപ്രസാദ് ദേശായിയുടെ കത്തിന് മറുകുറിയായി ഗാന്ധി പറഞ്ഞത് എത്രയോ പ്രഹരശേഷിയുള്ള പ്രവാചകമൊഴിയാണ്.
മധ്യവർഗജീവിതം എന്ന അലസവും നിസംഗവുമായ ഒരു നിലനില്പ് ആത്മവിമർശനത്തിന് വിധേയപ്പെടുത്തിയേ തീരൂ. നന്ദിയില്ലാത്തവരാണു നമ്മൾ. ആ നന്ദിയില്ലായ്മ കൊണ്ടാണ് മനുഷ്യർക്ക് എങ്ങുമെത്താത്ത യാത്രകളിൽ ഏർപ്പെടേണ്ടിവരികയും പലരും പാതിവഴിയിൽ ചിതറിപ്പോവുകയും ചെയ്തത്. അൻവർ അലിയുടെ ‘ചാവുനടപ്പാട്ട്’ അതിനെയാണ് വിചാരണ ചെയ്യുന്നത്. സദാ ശാന്തനായ ഒരാളെന്ന നിലയിൽ മാത്രം പരിചയമുള്ള ജോൺ ഡി വർക്കി അത് തൊണ്ട പൊട്ടി പാടുന്നത് നമ്മളെ പരിഭ്രമിപ്പിക്കുന്നു. അടിമുടി വിണ്ടുകീറിപ്പോയ ഒരാളെക്കണക്കാണ് ജോണിനെ ഇപ്പോൾ അനുഭവപ്പെടുന്നത്. താഴെയതു ചേർത്തിട്ടുണ്ട്.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Fr Bobby Jose Kattikadu OFM Cap.


Leave a comment