പുലർവെട്ടം 374

{പുലർവെട്ടം 374}
 
തീരെ ചെറിയ നേരം അതിഥികളായി എത്തി, മുഴുവൻ ജീവിതത്തെയും ദീപ്തമാക്കി മാഞ്ഞുപോകുന്ന മനുഷ്യരെ ദേവദൂതരെന്നല്ലാതെ മറ്റെന്താണു നാം വിശേഷിപ്പിക്കേണ്ടത്! നമ്മുടെ പരിണാമം മനുഷ്യരിൽ അവസാനിച്ചപ്പോൾ അവർ മാലാഖമാരിലേക്ക് സദാ പരാവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നടന്ന പാതകൾ മാറി നടക്കാൻ പ്രേരിപ്പിച്ച് ജീവന്റെ ദിശയെ ഗുണപരമാക്കിയ അവർ ആരൊക്കെയാണ്?
6 Reasons We Don’t Meet People By Accident. We Meet For A Reason എന്നൊരു ലേഖനം വായിച്ചു. ഓരോരുത്തർക്കും എന്റെ ജീവിതത്തിൽ ഒരു ധർമ്മം അനുഷ്ഠിക്കാനുണ്ടായിരുന്നു. ചിലർ എന്റെ പാലമായി. ജീവിതത്തിന്റെ അടുത്ത പ്രതലത്തിലേക്ക് – Next Level – അവരാണെന്നെ കൂട്ടിക്കൊണ്ടുപോയത്; അഭിരുചികളിലും ആഭിമുഖ്യങ്ങളിലും അവർ സൃഷ്ടിച്ച ഗുണപരമായ ഭേദം. യാത്രയെ തടഞ്ഞാണ് വേറെ ചിലർ എന്റെ ജീവിതത്തിൽ ഇടപെട്ടത്; ചിലതിനെ വൈകിച്ചും പലതിനേയും നിഷേധിച്ചും. പുതിയ നിയമത്തിലെ ജ്ഞാനികളുടെ സഞ്ചാരദിശയെ തിരിച്ചുവിട്ട ദേവദൂതരേപ്പോലെ. Sometimes rejection is a redirection to something better. മറ്റു ചിലർ അധ്യാപകരേപ്പോലെ ജീവിതപരീക്ഷകൾക്ക് ചെറിയ നേരം കൊണ്ട് പാഠങ്ങൾ പറഞ്ഞുതന്നവർ. കാവൽമാലാഖമാരേപ്പോലെ ഒരു നിർണായനിമിഷത്തിൽ കൂട്ടു വന്നവർ. അടയാളപ്പലക പോലെ വിരൽ ചൂണ്ടി നിന്ന മറ്റു ചിലർ. ഒരു ഗോത്രം പോലെ, നിങ്ങളെ കൈവിടാതെയും നിങ്ങളുടെ നേട്ടങ്ങളിൽ മത്സരത്തിന്റെയോ അസൂയയുടെയോ ചെറിയൊരു സ്പർശം പോലുമില്ലാതെയും നിർമലാരവം മുഴക്കിയവർ. അവരെല്ലാം കൂടിയാണ് എന്റെ ആത്മകഥയെ പൂർണമാക്കുന്നത്.
ഞാനൊരു സ്നേഹിതനെ കേൾക്കുകയാണ്. 20 വർഷം മുൻപ് ഒരു പാരമ്പര്യവൈദ്യൻ അവരുടെ ദേശത്തുവന്നു, ചാവക്കാട്ടു നിന്ന് ചെറായിയിൽ. സാത്വികനായ ആ വയോധികൻ ആ ചെറുപ്പക്കാരന് പ്രിയപ്പെട്ടവനായി. വൈദ്യന്റെ പേരു പോലും ചങ്ങാതി ചോദിച്ചിട്ടില്ല. ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിലേക്കു കയറിവന്ന് തന്റെ കീശയിൽ നിന്ന് കുറേ കുറിപ്പടികളെടുത്ത് വായിച്ചുകേൾപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വായിച്ചത് ഓരോന്നായി മാറ്റിവച്ചു. ഒടുവിൽ ഒരു കുറിപ്പിൽ തലയാട്ടി പറഞ്ഞു, “ഈ കുറിപ്പ് നീ എടുത്തുകൊള്ളുക. എണ്ണ കാച്ചാൻ നല്ലതാണ്.” എന്നിട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ വൈദ്യർ മരിച്ചു. അയാൾ കൈമാറിയ കുറിപ്പ് ബാബുവിന് പുതിയൊരു ജീവിതമാർഗം തുറന്നുകൊടുത്തു. ‘ദമയന്തി’ എന്നു പേരിട്ട ആ ഹെയർ ഓയിലിനേക്കുറിച്ച് എല്ലാവരും വലിയ മതിപ്പാണു പറയുന്നത്.
ഒരാളോട് കൃതജ്ഞതയുണ്ടാകാനുള്ള ഏറ്റവും നല്ല മാർഗം അയാളുടെ അഭാവത്തിൽ നമ്മളെത്ര നിസ്സഹായരും ദരിദ്രരുമായിപ്പോയെനെ എന്ന് ഓർമിക്കുകയാണ്. ഒരു ഋതു പോലെ അവർ കടന്നുപോയിരിക്കാം. അതിനെന്താണ്? ഒരുമിച്ചായിരുന്നപ്പോൾ അവർ സന്നിവേശിപ്പിച്ച അർത്ഥവും ആനന്ദവുമായി തുലനം ചെയ്യുമ്പോൾ അവരുടെ അഭാവം ഉണ്ടാക്കാവുന്ന ഖേദത്തെ നിറമിഴികളോടെ കുറുകെ കടക്കാനായെന്നിരിക്കും.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment