പുലർവെട്ടം 375

{പുലർവെട്ടം 375}
 
അധർമ്മത്തിന്റെ വീഞ്ഞു കുടിച്ച് പാതിമയക്കത്തിൽ ഇരിക്കുമ്പോൾ അന്തരീക്ഷത്തിൽ ഒരു കൈ പ്രത്യക്ഷപ്പെട്ടു. അതു ഭിത്തിയിൽ രാജാവിനെതിരെ ആരോപണം എഴുതി. എഴുത്തു വായിച്ചെടുക്കാൻ ദാനിയേലിന്റെ സഹായം വേണ്ടിവന്നു- മെനെ, മെനെ തെക്കേൽ, ഊഫർസിൻ. അതിൽ നടുവിലെ വാക്കിന്റെ അർത്ഥമിതാണ്- നിന്നെ തുലാസിൽ തൂക്കി കുറവുള്ളവനെന്നു ഞാൻ കണ്ടു. ആ കരം ഈശ്വരന്റേതു മാത്രമാണെന്നു ധരിക്കണ്ട. കണ്ടുമുട്ടിയ ഓരോ മനുഷ്യനും എന്നെ തുലാസിൽ തൂക്കി നോക്കി ചുവരിൽ വിധിവാചകങ്ങളെഴുതി എങ്ങോ മറയുന്നുണ്ട്. ഒരു തരം ജനകീയവിചാരണ.
തീരെ ചെറിയ കുട്ടിയായിരുന്നപ്പോഴേ പരിചയപ്പെട്ട വാക്കാണത്. കടുത്ത ഇടതുപക്ഷത്തേക്കു ചാഞ്ഞ ചില മനുഷ്യരുടെ സംഘം ചേരലിലും ലഘുലേഖകളിലുമൊക്കെ ആ വാക്ക് സജീവമായിരുന്നു. ഒരു കയർ ഫാക്ടറി ഉടമയെ അത്തരമൊരു വിചാരണയ്ക്ക് വിധേയനാക്കുകയും ക്യാപ്പിറ്റൽ പണിഷ്‌മെന്റിൽ കാര്യങ്ങൾ എത്തിക്കുകയും ചെയ്തതോടെ നാടു വല്ലാതെ വിറച്ചുപോയി. ആ പദം തീരെ പൊളിറ്റിക്കലല്ലാതെ ഇപ്പോൾ അലട്ടുന്നുണ്ട്.
അഞ്ചു തരം മനുഷ്യർ നമ്മളെ വിധിക്കുമെന്ന് യേശു പഠിപ്പിച്ചു. ആദ്യത്തേത് പന്ത്രണ്ട് ശിഷ്യർ തന്നെയാണ്. അഗാധസമർപ്പണമുള്ള ചില മനുഷ്യരാണവർ. ഒന്നിലും ആരിലും പൂർണമായി അർപ്പിച്ചവരൊന്നുമല്ല നമ്മൾ. രണ്ടാമത്തേത്, നിനിവേ നിവാസികളാണ്; അമിതവ്യാഖ്യാനങ്ങളുടെ സങ്കീർണതയില്ലാതെ ഓരോരോ ദൂതുകളെ ഗൗരവമായി എടുക്കുന്നവർ. ഗ്രാമീണരെയാണ് അവർ പ്രതിനിധാനം ചെയ്യുന്നത്. തന്റെ കൃതികൾക്ക് കുമാരനാശാൻ വ്യാഖ്യാനമെഴുതാൻ തുടങ്ങിയപ്പോൾ ഗുരു പറഞ്ഞത് ഓർമയില്ലേ, “കുമാരൂ, വൈക്കോൽ കെട്ടാൻ വേറെ വള്ളി അന്വേഷിക്കുകയാണോ?” വെറുതെയല്ല കീർക്കെഗാഡ് പറഞ്ഞത്, “യൂദാസ് ചെയ്ത അതേ അപരാധമാണ് വർത്തമാനകാലവ്യാഖ്യാനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്- സദാ ഒറ്റുകൊടുക്കുക!” ഷേബായിലെ രാജ്ഞിയായിരിക്കും നമ്മളെ വിധിക്കാൻ പോകുന്ന മൂന്നാമത്തെയാൾ. ഈശ്വരനായും ജ്ഞാനത്തിനായും വിശ്രമമില്ലാതെ അലയുന്ന കുറേയധികം സാധകരുടെ ഗണത്തിൽ നിന്നാണ് അവൾ. ആഴം ആഴത്തെ വിളിക്കുന്നതുകൊണ്ടു മാത്രം അടങ്ങിയിരിക്കാനാവാത്തവർ. അപകടകരമായ സമുദ്രയാനങ്ങളിലൂടെ അവൾ ശലമോനെ തേടിപ്പൊയ കഥയെ യേശു മതിപ്പോടെ ഓർക്കുന്നു. ദരിദ്രരാണ് അടുത്ത കൂട്ടർ. നമ്മളുയർത്തുന്ന കൂറ്റൻ പ്രതിമകളും വലിയ പള്ളികളും വലിയ വീടുകളുമൊക്കെ കണ്ട് വിളക്കുമരത്തിനു പുറകിൽ നിസംഗരായി നിന്ന് അവർ നമ്മളെ ഉറ്റുനോക്കുന്നുണ്ട്.
ചോദ്യക്കടലാസ് നേരത്തെ പുറത്തായ ഒരു പരീക്ഷയേക്കുറിച്ചാണ് തച്ചൻ തന്റെ കാലത്തോട് നിരന്തരം പറഞ്ഞിരുന്നത്. വിശന്നവന് അന്നം, നിരാർദ്രന് ജീവിതത്തിന്റെ നനവ്, പരദേശിക്ക് തണൽ, ലജ്ജിതന് പുതപ്പ്, രോഗാതുരന് ഔഷധം, തടവറക്കിളിയുടെ ആകാശം ഒക്കെയായി നീ മാറിയോ എന്ന കുഴപ്പം പിടിച്ച ചോദ്യം.
പഴയ റ്റിക് റ്റോക് ചലഞ്ചിലെന്നപോലെ, ‘നില്ല് നില്ലെന്റെ നീലക്കുയിലേ’ എന്നു പറഞ്ഞ് ഇപ്പോൾ ഓടിവരുന്നത് നമ്മുടെ മക്കൾ തന്നെയാണ്. നിങ്ങളുടെ മക്കളും നിങ്ങളെ വിധിക്കുമെന്ന് അവൻ കൂട്ടിച്ചേർത്തു. പിശാചുക്കളുടെ തലവനായ ബീയൽസെബുളിനേക്കൊണ്ടാണ് അവൻ ഉച്ചാടനം നടത്തുന്നതെന്ന ആരോപണത്തിനു മറുപടിയായിട്ടായിരുന്നു അത്: അങ്ങനെയെങ്കിൽ, നിങ്ങളുടെ മക്കൾ അതെങ്ങനെയാണ് ചെയ്യുന്നത്? ദൈവകരങ്ങളാണ് അവരെ അതിനു പ്രാപ്തരാക്കുന്നതെങ്കിൽ ഓർമിക്കണം, നിങ്ങളുടെ മക്കൾ തന്നെ നിങ്ങളെ വിധിക്കും.
അവിടെയാണ് കാര്യങ്ങളുടെ ട്വിസ്റ്റ്. എല്ലാ മുതിർന്ന തലമുറയും ചെയ്തുകൊണ്ടിരുന്നത് ഒന്നുതന്നെയാണ്- സദാ ചെറുപ്പക്കാരെ വിധിച്ചുകൊണ്ടിരിക്കുക! കാര്യങ്ങൾ തിരിച്ചാണ്; നമ്മളാണ് പ്രതിക്കൂട്ടിൽ നിൽക്കേണ്ടത്. നമ്മുടെ കുഞ്ഞുങ്ങൾ എത്ര കുലീനരാണ്!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment