{പുലർവെട്ടം 376}
കുറച്ചു കാലം മുൻപ് ഒരു വിശേഷപ്പെട്ട അതിഥി അദ്ദേഹത്തിന്റെ സ്നേഹിതരോടൊപ്പം ഞങ്ങളുടെ ആശ്രമത്തിലെത്തി. മിക്കവാറും എല്ലാ ധർമ്മങ്ങളുടേയും ജ്ഞാനപാരമ്പര്യത്തേക്കുറിച്ച് ധാരണയുള്ള ഒരു ആചാര്യനാണ് അയാൾ. അതിൽത്തന്നെ ഇസ്ലാം യോഗാത്മകതയായ സൂഫിസത്തിൽ വളരെ മുൻപോട്ടു പോയൊരാൾ. അതിൽ അദ്ദേഹത്തിന് ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റുമുണ്ട്.
കെയ്റോയിൽ സൂഫിസത്തിന്റെ തലസ്ഥാനം എന്നു കരുതാവുന്ന ഒരു ഇടത്തിൽ അദ്ദേഹമുണ്ടായിരുന്നു. ഒത്തിരിപ്പേർ പാർക്കുന്ന, എല്ല സൗകര്യങ്ങളുമുള്ള ആ ക്യാംപസിൽ, കുതിരകൾക്കു നീരാടാനായി തടാകങ്ങൾ പോലുമുള്ള ആ ഇടത്തിൽ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ കാര്യം ഒന്നു നിസ്കരിക്കാനായി ഒരു പള്ളിയോ സദൃശ്യ ഇടങ്ങളോ ഇല്ലായിരുന്നു എന്നതാണ്. അന്വേഷണത്തിൽ ലഭിച്ച വിശദീകരണം ഇതായിരുന്നു: ഞങ്ങൾ സൂര്യമാർഗികളാണ്; സ്വയം പ്രകാശിക്കുന്നവർ. ഞങ്ങൾക്ക് ഒന്നിനേയും വലം ചുറ്റേണ്ട ബാധ്യതയില്ല. ഊട്ടുമേശയിൽ അപ്പോൾ വല്ലാത്തൊരു നിശബ്ദതയുണ്ടായി. ‘അവിടെ ദേവാലയമുണ്ടായിരുന്നില്ല, കാരണം കർത്താവായിരുന്നു അവരുടെ പ്രകാശം’ എന്ന വെളിപാടുവചനങ്ങളെ ഞങ്ങൾ ഓർമിച്ചു. ഒരർത്ഥത്തിൽ എല്ലാ ധർമ്മത്തിലും രണ്ടു തരം മനുഷ്യരുണ്ട്, സൂര്യമാർഗികളും ചന്ദ്രമാർഗികളും.
ഇല്ല, പരസ്പരം ഒരു കലഹവും അവർക്കിടയിൽ പാടില്ല. ഓരോരുത്തരും അവരവരുടെ ആവേഗങ്ങൾക്ക് ഇണങ്ങിയ മട്ടിൽ ചില ആഭിമുഖ്യങ്ങൾ പുലർത്തുന്നതിനെ ഒരു ത്രാസിന്റെ തട്ടിലും തൂക്കി നോക്കേണ്ട ബാധ്യത ആർക്കുമില്ല. ദൈവത്തിലേക്ക് എത്ര വഴി എന്നു ചോദിക്കുമ്പോൾ എത്ര കോടി മനുഷ്യരുണ്ടോ അത്രയും കോടി വഴികൾ എന്ന ബെനഡിക്റ്റ് മാർപാപ്പായുടെ ക്ലാസിക് ഉത്തരം ഓർക്കുന്നു. മുപ്പത്തിമുക്കോടി ദൈവങ്ങൾ എന്ന ഈ ദേശത്തിന്റെ ദൈവവർത്തമാനത്തെ മുപ്പത്തിമുക്കോടി മനുഷ്യർ എന്ന് തിരുത്തി എഴുതിയാൽ അഭംഗിയുണ്ടോ?
പള്ളി മുടങ്ങിയതിന്റെ പേരിൽ ആത്മാർത്ഥതയോടെ വ്യസനം പറയുന്നവർ ഇപ്പോഴൊരു അപൂർവകാഴ്ചയല്ല. അങ്ങനെയെങ്കിൽ, എല്ലാത്തരം ഭക്തികർമങ്ങളിൽ നിന്നും സ്വാഭാവികമായും മാറി നിൽക്കേണ്ട ബാദ്ധ്യതയുള്ള മരുഭൂമിയിലെ പിതാക്കന്മാരെയും താപസരേയും ഭിക്ഷാടന – mendicant – പാരമ്പര്യങ്ങളേയും നമ്മൾ ഏത് ഏകകം കൊണ്ട് അളക്കും? അവരായിരുന്നല്ലോ ഏതൊരു കാലത്തിന്റേയും ഗുണപരമായ പുളിമാവ്.
അമ്മത്രേസ്യ തന്റെ ആത്മരേഖയ്ക്ക് Inner Castle എന്നാണ് ശീർഷകം നൽകിയത്. മിഴി പൂട്ടിയിരിക്കുമ്പോൾ അകത്ത് ഓരോരോ ചെറുകല്ലുകൾ ചേർന്ന് പുറത്തുള്ളതിനേക്കാൾ ഭംഗിയുള്ള ഒരു ആന്തരികഹർമ്യം ഉയരുന്നുണ്ട്. അവളുടെ ആവൃതി സന്ദർശിച്ച കാൽവിൻ മില്ലർ ഇങ്ങനെ നിരീക്ഷിക്കുന്നു, ‘ഇതിനപ്പുറത്തുള്ള ആ കുടുസുമുറിയിൽ ധ്യാനനിരതയായ ഒരു സ്ത്രീ ചില നേരങ്ങളിൽ ഉയർന്നു പൊങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ അങ്ങനെ സംഭവിച്ചോ എന്നുള്ളത് തികച്ചും അപ്രസക്തമാണ്. ഉള്ളിലെ ചില അനുഭൂതികൾ ഭൂമിയുടെ കെട്ടുപാടുകളിൽ നിന്നും ഗുരുത്വങ്ങളിൽ നിന്നും അവളെ മുക്തയാക്കിയിരുന്നു എന്നതാണ് പാഠം.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Fr Bobby Jose Kattikadu OFM Cap.


Leave a comment