{പുലർവെട്ടം 378}
ഹൃദയസ്പർശിയായ ഒരു പ്രാർത്ഥനയിൽ പങ്കുചേർന്നു കഴിഞ്ഞ ദിവസം; പുതിയ രീതിയായ സൂമിലൂടെത്തന്നെ. സ്നേഹിതനായ ഒരു വൈദികൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ കൃതജ്ഞതാപ്രാർത്ഥനയായിരുന്നു അത്. ‘എന്റെ നാലാമത്തെ പിറന്നാൾ’ എന്നാണ് ഈ ദിനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഉറ്റവരുടെ അവയവദാനത്തിനു സമ്മതിച്ചവരും സ്വന്തം അവയവങ്ങൾ നൽകിയവരും അതിനവരെ പ്രേരിപ്പിച്ച സന്നദ്ധസേവകരും കൂട്ടിച്ചേർന്ന ആ പ്രാർത്ഥനാമണിക്കൂർ നിറകൺചിരിയുടെ ഒരു വേദിയായി. മനുഷ്യരെന്ന നിലയിൽ നമുക്ക് ആശ്വാസവും അഭിമാനവും നൽകിയ ചില പങ്കുവയ്പുകളുണ്ടായിരുന്നു അതിൽ.
അനുജിത്ത് ഒരു മാസം മുൻപ് അപകടത്തിൽ മരിച്ചതാണ്. കഠിനദുഃഖത്തിന്റെ ആ വിയോഗനേരത്തും തന്റെ കൂട്ടുകാരന്റെ അവയവങ്ങൾ നൽകാനായിരുന്നു പ്രിൻസി തീരുമാനിച്ചത്. എട്ടു പേരുടെ രോഗാതുരതകളിൽ അയാൾ രക്ഷകനായി. ഏകമകൻ മരിച്ച ശ്രീദേവിയമ്മയും തീരുമാനിച്ചത് അതുതന്നെ. അഞ്ചു പേർ മകന്റെ അംശങ്ങളുടെ ബലം കൊണ്ട് ജീവിതതന്തിന്റെ ഗുണമേന്മയെ തിരിച്ചു പിടിക്കുന്നു. നമ്മളൊക്കെ എത്ര ചെറിയ മനുഷ്യരെന്ന ഓർമപ്പെടുത്തലുകളായിരുന്നു ആ പ്രാർത്ഥനയിൽ ഉടനീളം മുഴങ്ങിയത്.
അമേരിക്കയിൽ 1,15,000 പേർ അവയവദാനത്തിന്റെ ഊഴം കാത്തുനില്പുണ്ട്. ഓരോ പത്തു മിനിറ്റിലും ഓരോ പുതിയ ആൾ ആ പട്ടികയിലെത്തുന്നു. ഒരു ഡ്രൈവിങ് ലൈസൻസ് പുതുക്കുമ്പോൾ പത്തു സെക്കൻഡു കൊണ്ട് ‘റ്റിക്’ ചെയ്യാവുന്ന തീരുമാനമാണത്, ‘ഒരു അവയവദാതാവാകാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്ന് അതിൽ എഴുതിച്ചേർത്തിട്ടുണ്ട്.
ക്രിസ്തീയത ഒരു ഏകശിലാ – monolith- വിശ്വാസമൊന്നുമല്ല. എന്നിട്ടും അവയവദാനവുമായി ബന്ധപ്പെട്ട് അപൂർവം ചിലർ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് ഒഴിവാക്കിയാൽ ഹൃദ്യമായ സമീപനമാണ് അതു പുലർത്തുന്നത്. പോപ് ഫ്രാൻസിസ് സ്നേഹത്തിന്റെ വർത്തമാനസാക്ഷ്യമായി അതിനെ അടയാളപ്പെടുത്തുന്നു. ജീവന്റെ സംസ്കാരത്തിന് ഒരാൾ നൽകുന്ന ഉപഹാരമായിട്ട് അതിനെ എണ്ണുന്നു. കുറച്ച് ഏകാഗ്രതയിലും ധ്യാനത്തിലും വേദപുസ്തകം വായിക്കുമ്പോൾ, ‘ഞാൻ വന്നിരിക്കുന്നത് ജീവൻ നൽകാനും സമൃദ്ധമായി നൽകാനും’ വേണ്ടിയാണെന്നുമുള്ള യേശുമൊഴികളുടെ പ്രതിധ്വനികൾ നമ്മുടെ ചെറിയ പ്രാണനെ അടിമുടി ഉലച്ചെന്നിരിക്കും. Live – Love – Leave എന്ന ആത്മീയതയുടെ സാരാംശം ഏറ്റവും അർത്ഥപൂർണമായി ആചരിക്കുന്നത് ഇത്തരം മനുഷ്യരും അവരുടെ ഉറ്റവരുമാണെന്നു തോന്നുന്നു. അഗാധമായി ജീവിക്കുകയും ഉപാധികളില്ലാതെ സ്നേഹിക്കുകയും കുലീനമായി ത്യജിക്കുകയും ചെയ്യുന്ന ഇവർ.
സൂക്ഷിച്ചു നോക്കിയാൽ ദൈവാംശത്തിന്റെ ആഴമുള്ള മുദ്രകൾ അവരിൽ തെളിഞ്ഞുവരുന്നതു കാണാം. അജ്ഞാതത്വം, സൃഷ്ടിപരത, പരിത്രാണം ഇവയൊക്കെ ദൈവത്തിന്റെ സവിശേഷതകളായിട്ടാണല്ലോ നമ്മൾ എണ്ണുന്നത്. നിറമിഴികളോടെ ലിജു താമരക്കുടിയച്ചൻ പറഞ്ഞത് അതായിരുന്നു, ‘രണ്ടാം പിറവിക്ക് നിമിത്തമായ ആ മനുഷ്യന്റെ പേരു പോലും ഞങ്ങൾക്കറിയില്ല’ എന്ന്. പൊതുവേ ഡോണറിന്റെ വിവരങ്ങൾ മറച്ചുവയ്ക്കുകയാണ് രീതി. ദൈവത്തേപ്പോലെ കാണാമറയത്തിരുന്നാണ് അവർ നമ്മുടെ ജീവിതത്തിൽ ഇടപെട്ടത്. നിലച്ചുപോകുമെന്ന് ഭയപ്പെട്ട ഒരു ജീവിതത്തെ തിരിച്ചുപിടിക്കാൻ സഹായിച്ച് ഉറ്റവരുടേയും സ്നേഹിതരുടേയും പ്രത്യാശയുടെ നാമമായി അയാൾ നിലനിൽക്കുന്നു. ശരീരത്തെ ജീവനുള്ള യാഗമായി കരുതണമെന്ന് പോളിന്റെ ക്ഷണമുണ്ട്- offer your bodies as a living sacrifice, holy and pleasing to God – this is your true and proper worship. ശരീരത്തിലെ തുന്നിക്കെട്ടിയ പാടുകൾ അതിൽത്തന്നെ ഒരു ആരാധനയായി പരിഗണിക്കാവുന്നതാണ്. വളരെ വേഗത്തിൽ കുർബാനയിലേക്ക് എത്താവുന്നതേയുള്ളു. അനന്തരം അവൻ അപ്പമെടുത്ത് വാഴ്ത്തി അവർക്കു കൊടുത്തുകൊണ്ട് ഇങ്ങനെ അരുൾചെയ്തു: ഇതെന്റെ ശരീരം, ഇത് നിങ്ങളെടുത്തുകൊള്ളുക.
ആമേൻ!
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Fr Bobby Jose Kattikadu OFM Cap.


Leave a comment