{പുലർവെട്ടം 382}
ഗുരു മരിച്ചപ്പോൾ ക്ഷേത്രവളപ്പിലെ അന്ധൻ ഇങ്ങനെയാണ് പറഞ്ഞത്, “എനിക്ക് കാഴ്ചയില്ലാത്തതുകൊണ്ട് മനുഷ്യരുടെ ശബ്ദങ്ങൾ കേൾക്കേണ്ട ബാധ്യതയുണ്ട്. അടക്കിപ്പിടിച്ച ശബ്ദങ്ങൾ പോലും ഞാൻ കേട്ടെന്നിരിക്കും. സാധാരണ രീതിയിൽ ഒരാൾ വേറൊരാളെ അഭിനന്ദിക്കുമ്പോൾ അതിനടിയിൽ അടക്കം ചെയ്തിട്ടുള്ള അസൂയയുടെ സ്വരം എനിക്കു കേൾക്കാൻ പറ്റും. ഖേദിക്കുന്നു എന്നു പറഞ്ഞ് അപരന്റെ ദുഃഖത്തിൽ പങ്കു ചേരുന്നവരുടെ ഉള്ളിൽ നുരയുന്ന ആഹ്ലാദത്തിന്റെ ധ്വനികളും എനിക്കു മനസിലാകുന്നുണ്ട്. സമാധാനദൂതുകൾ മുഴക്കുന്നവരുടെ പല്ലുകളിറുമ്മുന്നതും ഞാൻ വ്യക്തമായി കേട്ടിട്ടുണ്ട്. എന്നാൽ ഗുരുവാകട്ടെ, എന്തു വികാരമാണോ കൈമാറിയത് അതിനു നിരക്കുന്നതായിരുന്നു അയാളുടെ ശബ്ദം. ഒളിപ്പിച്ചുവച്ച ഒരു സ്വരവും അയാളിൽ നിന്നു ഞാനിന്നോളം കേട്ടിട്ടില്ല.”
ബാൻകേ യൊടക്കു (1622-1693) എന്ന സെൻ ഗുരുവിനേക്കുറിച്ചായിരുന്നു അത്.
Straight from the Heart കപിൽദേവിന്റെ ആത്മരേഖയുടെ ശീർഷകമാണ്. പറയുന്നതൊക്കെ ചങ്കിൽ നിന്ന് നേരെയെത്തുന്നുവെന്ന് തെളിയിക്കേണ്ട ബാധ്യത എല്ലാ ബന്ധങ്ങളിലുമുണ്ട്. ‘നിങ്ങളുടെ വാക്കുകൾ അതെ / അല്ല എന്നായിരിക്കണ’മെന്ന് ശഠിക്കുക വഴി യേശു പറയാൻ ശ്രമിച്ചത് ഇതുതന്നെയാവണം. മേദസില്ലാത്ത ഭാഷയാണ് ഗുരുക്കന്മാരുടേതെന്ന് ശ്രദ്ധിച്ചിട്ടില്ലേ? അതുകൊണ്ടാണ് അവർ ചമൽക്കാരങ്ങൾ ഒഴിവാക്കിയത്.
യേശുവിനു മുന്നോടിയായി വന്ന താപസൻ വിളിച്ചുപറഞ്ഞത് അതാണ്; വളഞ്ഞ വഴികൾ നേരെയാക്കുക. ചിന്ത-വാക്ക്-പ്രവൃത്തിക്കിടയിലെ നേർരേഖ ഉറപ്പുവരുത്തുക എന്നു സാരം. ക്ലേശകരമാണ് ആ പ്രക്രിയ. നമ്മൾ വാക്കുകൾ കൊണ്ട് തായം കളിക്കുകയാണ്. അതുകൊണ്ടാണ് പഴയ നമ്പൂരിഫലിതം അത്ര ഫലിതമാകാത്തത്.
“എട്ടും നാലും പതിനൊന്നല്ലേ നമ്പൂരീ?”
“ഉവ്വോ! പന്ത്രണ്ടെന്നും ചിലയിടങ്ങളിൽ കേട്ടിട്ടുണ്ട്.” 
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Fr Bobby Jose Kattikadu OFM Cap.


Leave a comment