പുലർവെട്ടം 368

{പുലർവെട്ടം 368}
 
മനുഷ്യർ ഏറ്റവും അനുഭാവമുള്ളവരാകുന്നത് ദുരന്തമുഖങ്ങളിലാണെന്നു തോന്നുന്നു. ലോകമഹായുദ്ധങ്ങൾ ഗന്ധകഗന്ധമുള്ള ഓർമയായി മാഞ്ഞുപോകുമ്പോഴും അതു രൂപപ്പെടുത്തിയ ലോകമനസാക്ഷിയെന്ന പദം ഒരു ശേഷിപ്പായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കണക്കുകൾ പറയുന്നത് യുദ്ധാനന്തരജർമനിയായിരുന്നു ഒരു രാജ്യമെന്ന നിലയിൽ സമാന്തരങ്ങളില്ലാത്ത അനുഭാവസുകൃതങ്ങളിൽ ഏർപ്പെട്ടതെന്നാണ്. തീവ്രദുര്യോഗത്തിന്റെ ആ അടയാളക്കല്ലിൽ നിന്ന് ഓരോരോ തലമുറ മുന്നോട്ടു സഞ്ചരിക്കുന്തോറും അവരുടെ അനുഭാവത്തിന്റെ അനുപാതം നേർത്തുവരുന്നതായി സൂക്ഷിച്ചുനോക്കുന്നവർക്ക് പിടുത്തം കിട്ടും.
Co-suffering എന്നർത്ഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നാണ് compassion രൂപപ്പെട്ടത്. വൈവിധ്യങ്ങൾ മാത്രമുള്ള ഒരു ഉപഭൂഖണ്ഡം ഭാരതമായി മാറിയത് എങ്ങനെയാണ്? പൊതുഭാഷയോ പൊതു ആചാരങ്ങളോ ശീലങ്ങളോ ഇല്ലാതിരുന്ന ഒരു ദേശം തങ്ങൾക്കു മീതെ പതിച്ച നുകം ഒന്നാണെന്നു തിരിച്ചറിഞ്ഞപ്പോഴാണ് അതിൽ ദേശബോധത്തിന്റെ വിത്തു വീണത്. ഒരുമിച്ചു സഹിക്കുന്നവർക്ക് ഒരുമിച്ചു പുറത്തുകടന്നേ പറ്റൂ. ഞാൻ, ഞങ്ങൾ ആയി രൂപാന്തരപ്പെടുന്ന അപൂർവബോധത്തിന്റെ പേരാണ് കംപാഷൻ.
ദലൈലാമയുടെ ഇംഗ്ലിഷ് പരിഭാഷകനായ ടിബറ്റിൽ നിന്നുള്ള തൊപ്റ്റെൻ ജിൻസ – Thupten Jinpa – കംപാഷനെ നിർവചിച്ചത് ഇങ്ങനെയാണ്- Compassion is a mental state endowed with a sense of concern for the suffering of others and aspiration to see that suffering relieved. ‘അവന് അവരുടെ മേൽ കരുണ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആടുകളേപ്പോലെ ആയിരുന്നു’ എന്ന സുവിശേഷമൊഴി പശ്ചാത്തലത്തിലുണ്ട്. മൂന്ന് തലങ്ങളിലായാണ് കരുണ അതിന്റെ തളിർപ്പുകൾ കണ്ടെത്തുന്നത്. ഒന്ന്, the cognitive aspect. എനിക്ക് നിന്നെ പിടുത്തം കിട്ടുന്നുണ്ട്. രണ്ട്, the affective component. എനിക്ക് നിന്നോടൊത്ത് വിഷമിക്കാനുമാവും. മൂന്ന്, the motivational component. ഇതിനകത്തുനിന്ന് പുറത്തു കടക്കുവാൻ നിന്റെ കൂടെ ഞാനുണ്ടാവും.
ബുദ്ധിയിലും വൈകാരികതയിലും കാൽവെയ്പ്പിലും ഒരുമിച്ചായിരുക്കുമെന്ന് സാരം.
സുവിശേഷഭാവനയിലെന്നപോലെ, വിശ്വത്തെ ഒരു മുന്തിരിവള്ളിയായി സങ്കല്പിക്കാനാവുകയും ഓരോ ചില്ലയിലൂടെയും തളിർപ്പിലൂടെയും ഒഴുകുന്നത് ഒരേ ജീവരസമാണെന്നു ബോധ്യപ്പെടുകയും ചെയ്യുന്ന ഒരു മിന്നൽനിമിഷത്തിലാണ് വിശ്വമനസാക്ഷി രൂപപ്പെടുന്നത്.
തിയറ്ററാണ്. സ്ക്രീനിൽ ഒരു കുട്ടി പെൻസിൽ വെട്ടുന്നു. കാണികളുടെ ഇടയിൽ നിന്ന് നെടുവീർപ്പുകളും പിന്നാലെ തേങ്ങലും ഉയർന്നു. കുട്ടിയുടെ കൈയിൽ നിന്ന് പെൻസിൽ താഴെ വീണ് കൂർപ്പിച്ച മുന ഒടിഞ്ഞുപോകുമ്പോൾ അതു ഉറക്കയുള്ള നിലവിളിയായി.
സിനിമ തീർന്നു. കാണികൾ ദുഃഖിതരായി പുറത്തേക്ക് ഇറങ്ങിപ്പോവുകയാണ്; പല പ്രായത്തിലുള്ള കുറേ പെൻസിലുകൾ!
ചിത്രം താഴെ കൊടുത്തിട്ടുണ്ട്; ദിദിയെർ ബാർസെലോയുടെ Les Crayons.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment