{പുലർവെട്ടം 383}
ചൂണ്ടയ്ക്ക് ഇര കോർക്കാൻ ഞാഞ്ഞൂലിനെ പിന്നിയിടുമ്പോൾ ഓരോ നുറുങ്ങിന്റേയും ഒരു പിടച്ചിലുണ്ട്. എല്ലാ വേർപിരിയലിലും ഏറ്റക്കുറച്ചിലുകളോടെ അത് ആവർത്തിക്കപ്പെടുന്നു. ദേശങ്ങളിൽ നിന്ന് അടർന്നുപോയവരും സമാനമായ ഒരു ആന്തൽ അനുഭവിക്കുന്നുണ്ടാവും. പല കാരണങ്ങൾ കൊണ്ട് തങ്ങൾ എത്തിച്ചേർന്ന നാടിന്റെ ആരവങ്ങളിൽ അലിയാതെ, അവിടുത്തെ ചുണ്ടെലിയോട്ടങ്ങളിൽ പങ്കുചേരാതെ, കൗതുകങ്ങളിൽ ഭ്രമിക്കാതെ, ഭൂതകാലത്തെ ജപമണി പോലെ ഉരുക്കഴിച്ച് അവരിപ്പോഴും തങ്ങൾ വിട്ടുപോന്ന ദേശത്തുതന്നെ ഉറഞ്ഞുനിൽക്കുന്നുണ്ട്.
അതുകൊണ്ടാണ് ഒരു ഗൾഫ് മലയാളിക്ക് കുറഞ്ഞ പക്ഷം ഡിസംബർ വരെയെങ്കിലുമുള്ള എല്ലാ വെള്ളിയാഴ്ചകളും ഓണാഘോഷത്തിനുള്ള ഉത്രാടപ്പാച്ചിലാവുന്നത്. ദേശത്തു പാർക്കുന്നവർ കാണാതെ പോകുന്ന സുകൃതം അവിടുത്തെ കുഞ്ഞുങ്ങൾ പോലും കൂടെക്കൊണ്ടുപോകുന്നുണ്ട്. അവധി കഴിഞ്ഞു മടങ്ങുമ്പോൾ അനുജന്റെ ചെറിയ മകൾ പറഞ്ഞതുപോലെ, “ഇവിടെ എന്തൊരു പച്ചയാണ്! അവിടെയെല്ലാം തവിട്ടാണ്.” ദേശം ഒരു കളക്റ്റീവ് കോൺഷ്യസിന്റെ ഭാഗമാണ്. എത്ര കുടഞ്ഞാലും പോകാത്ത പൊന്തൻപുല്ലു പോലെ ചിലത് എത്ര ഒഴിവാക്കിയിട്ടും കൂടെ വരുന്നു. പകലിനേക്കാൾ പ്രകാശമുള്ള, നൈറ്റ് ലൈഫുള്ള നഗരങ്ങളിൽ കുഞ്ഞുങ്ങൾ വരാൻ വൈകുന്നതിനേക്കുറിച്ച് അവർ ആകുലപ്പെടുമ്പോൾ ഓർമിക്കണം, നാട്ടിലെ അത്തിമരത്തിൽ ഹൃദയം വച്ചിട്ടാണ് അവരുടെ ഈ ലോകസഞ്ചാരങ്ങളെല്ലാമെന്ന്.
കുറച്ച് യാത്രകളുണ്ടായിരുന്ന കാലത്ത് ഡാന്യൂബിൽ നിന്ന് അകലെയല്ലാത്ത ഒരു ജ്യേഷ്ഠന്റെ വീട്ടിൽ സന്ധ്യാപ്രാർത്ഥനയ്ക്ക് ഞങ്ങൾ ഒരുമിച്ചിരിക്കുകയായിരുന്നു. ആ കുടുംബത്തിന്റെ ആതിഥ്യത്തേക്കുറിച്ച് പറയൻ ‘ഡാന്യൂബ് സാക്ഷി’ എന്ന പുസ്തകത്തിൽ രണ്ടു താളുകളാണ് എം. പി. വീരേന്ദ്രകുമാർ മാറ്റിവച്ചിട്ടുള്ളത്. മക്കൾ അവിടെത്തന്നെ പിറന്നവരാണ്. അതിൽ ജോൺ നാട്ടിലേക്കാളേറെ നാടനായി ജീവിക്കാൻ ബദ്ധപ്പെടുന്നു. മലയാളം സിനിമകൾ വാശിക്കു കണ്ട്, പാട്ടുകൾ ഹൃദിസ്ഥമാക്കി ഓരോ അവധിക്കു വരുമ്പോഴും നിവിൻ പോളി കണക്ക് ആരെയെങ്കിലുമൊക്കെ തേടിച്ചെന്ന് സന്തോഷം പറഞ്ഞ് മടങ്ങിന്നു. പ്രാർത്ഥനയുടെ ഇടയിൽ ബോണിഎമ്മിന്റെ പാട്ടു കേട്ടു, By the rivers of Babylone. ആ പാട്ട് ജൂതന്റേയും അവന്റെ പലായനത്തിന്റേയും കഥയല്ലെന്ന് ഒരു ബോധം ഉള്ളിലേക്കുവന്നു. സങ്കീർത്തനം 137-ൽ നിന്നാണ് ആ വരികൾ ചെറിയ ഭേദഗതിയോടെ ആ ബാൻഡ് പാടിയിരുന്നത്.
ചെല്ലുന്ന ദേശങ്ങളിൽ അവിടുത്തെ രാഗങ്ങൾക്ക് ഇണങ്ങിയ മട്ടിൽ പാടാൻ ആവശ്യപ്പെടുമ്പോൾ അതിനു വഴങ്ങാതെ ഭൂതകാലസ്മൃതികളെ വലം ചുറ്റിയും ഓമനിച്ചും വസിക്കുന്ന ഏതൊരാളുടേയും ഗീതമായിരിക്കണം അത്. ഞാൻ വെറുതെ അപ്പൂപ്പനെ ഓർത്തു. നല്ലൊരു സഹൃദയനായിരുന്നു എന്നാണ് കേൾവി. ചവിട്ടുനാടകങ്ങളുടെയൊക്കെ ഉത്സാഹക്കമ്മറ്റിയിൽ പെട്ടിരുന്നു. മറ്റൊരു ദേശത്തേക്ക് സ്വയം പറിച്ചുനടുമ്പോൾ അത്തരം യാതൊരു ആഭിമുഖ്യങ്ങളും ഇല്ലാത്ത മട്ടിൽ പരുക്കനായി ജീവിച്ചു. അതങ്ങനെയല്ലെന്നതിനുള്ള ഏകതെളിവ് തന്റെ മകനിലൂടെ പ്രകാശിച്ച ചില കാവ്യക്കമ്പങ്ങൾ മാത്രമാണ്. ദേശം അന്യമാണെന്നു തോന്നിയാൽ പിന്നെ പാട്ടുകൾക്ക് അർത്ഥമില്ല. കിന്നരങ്ങൾ അരളിവൃക്ഷങ്ങളുടെ ചില്ലകളിൽ ഉപേക്ഷിച്ച് ഏതൊരു കാഠിന്യത്തേയും നേരിടാനുള്ള മനക്കരുത്ത് അവർ രാകിയെടുക്കുന്നു. കയർ ഫാക്റ്ററിയിലെ വിശ്രമനേരങ്ങൾക്കിടയിൽ അയാൾ ചെല്ലാനത്തെ വയൽവരമ്പുകളേയും വൈകുന്നേരങ്ങളേയും ഓർമിച്ചിട്ടുണ്ടാവാം.
അതായതുത്തമാ, ഓണം കേരളത്തിന്റെ ഉത്സവമല്ല; കേരളത്തിൽ നിന്ന് അകന്നവരുടെ ശ്രാദ്ധമാണ്.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Fr Bobby Jose Kattikadu OFM Cap.


Leave a comment