{പുലർവെട്ടം 363}
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു എന്നൊരു സങ്കീർത്തനവിചാരമുണ്ട്. അത് കിഴക്കിന്റെ ഒരു രീതിയാണ്, പാനോപചാരങ്ങളിൽ നുരഞ്ഞുതുളുമ്പുകയെന്നത്. വീടിന്റെ പാലുകാച്ചിന് അതു തുളുമ്പിപ്പോവുന്ന രീതി നമുക്കുമുണ്ടല്ലോ. ക്ഷേത്രനടകളിലെ പൊങ്കാലകളിലും കവിഞ്ഞുതൂവുന്ന കാഴ്ച ഹൃദ്യമാണ്.
And Now I Can See എന്ന പുസ്തകത്തിലെ That Extra Mile എന്ന അധ്യായത്തിൽ ക്രിസ്റ്റഫർ കൊയ്ലോ പറയാൻ ശ്രമിക്കുന്നത് അതാണ്. യേശുവിന്റെ ഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായ ഒരു അച്ഛനും മകനുമിടയിലുള്ള കൊച്ചുവർത്തമാനമായിട്ടാണ് അത് രൂപപ്പെടുത്തിയിരിക്കുന്നത്. വിതക്കാരന്റെ കഥയാണ് വിഷയം. ‘അങ്ങനെയാണോ കൃഷിക്കാർ വിത്തു വിതയ്ക്കുന്നതെ’ന്ന ചോദ്യത്തിന് അച്ഛന്റെ മറുപടി അയാളും അതിനേക്കുറിച്ചുതന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നതെന്നാണ്. ഒരു ചെറിയ ഭാഗം മാത്രമാണ് നല്ല നിലത്തു വീഴുന്നത്. ബാക്കിയുള്ളത് പലയിടങ്ങളിലായി വീതിച്ചുപോവുകയാണ്. വയലിനു മാത്രമല്ല വിത്തിനുള്ള അർഹത, മനുഷ്യനു മാത്രമല്ല അന്നത്തിനുള്ള അവകാശം, കിളികളും പാതയോരങ്ങളുമൊക്കെ ചിലത് അർഹിക്കുന്നുണ്ട്. അത് ദൈവത്തിന്റെ രീതിയാണ്; ആവശ്യമുള്ളതിലും പല മടങ്ങായി ചൊരിഞ്ഞുകൊണ്ടേയിരിക്കുക. സംഭാഷണം നീങ്ങുന്നത് നമ്മൾ ആരംഭത്തിൽ സൂചിപ്പിച്ച നിറഞ്ഞുതുളുമ്പുന്ന പാനപാത്രത്തിലേക്കാണ്. അഹറോന്റെ ശിരസിൽ നിന്ന് ധാരയായി ഒഴുകി താടിരോമങ്ങളെ നനച്ച് ചിതറിവീഴുന്ന അഭിഷേകതൈലത്തിന്റെ ഓർമയുമുണ്ട് കൂട്ടത്തിൽ. മനുഷ്യജീവിതം തന്നെയാണ് ഈ പാനപാത്രം. അളവില്ലാതെ, അർഹത പരിശോധിക്കാതെ, ആരോ ഒരാൾ ശൂന്യതയുടെ എല്ലാ പാനപാത്രങ്ങളും നിറയ്ക്കുന്നുണ്ട്.
അപ്പൻ മറ്റൊരു കാര്യം മകനെ ഓർമിപ്പിക്കുന്നു. പണ്ടൊരു നാൾ ഇതേ ഗുരു വിശന്നവർക്ക് അപ്പം വാഴ്ത്തി നൽകിയ ഒരു അനുഭവമുണ്ട്. എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ട് ശേഷം വന്നത് 12 കുട്ട നിറയെയാണ്. പഴയ നിയമത്തിലെ എലീശായുടെ ഒരു ആൾക്കൂട്ടത്തെ ഊട്ടിയ കഥയുടെ പരാമർശവും വരുന്നുണ്ട്; നൂറു പേർക്ക് ഇരുപത് അപ്പക്കഷണങ്ങൾ. പ്രവാചകൻ ഇങ്ങനെയാണ് പറഞ്ഞത്: “കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ ഭക്ഷിക്കുകയും മിച്ചം വരുകയും ചെയ്യും” ഈ ബാക്കിയാവുക എന്നത് ദൈവത്തിന്റെ സിഗ്നേച്ചറാണ്. യേശുവിന്റെ കാര്യത്തിൽ ഇത്ര പേർക്ക് ഇത്ര മതിയെന്ന് കണക്കു കൂട്ടി ഒഴിവാക്കാവുന്നതായിരുന്നു ബാക്കിയുള്ള അപ്പക്കഷണങ്ങളുടെ കഥ.
മകന് കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്. അവനിങ്ങനെയാണത് സംഗ്രഹിക്കുന്നത്, “God always miscalculate and overdoes the giving.” അപ്പൻ കൂട്ടിച്ചേർക്കുന്നു, “and seed sowing is a partnership in God’s giving. A bit of overdoing is a part of that too and of all perfect giving.” കൂടുതൽ കൊടുക്കുന്നതല്ല, കൂടുതൽ സ്നേഹത്തിൽ കൊടുക്കുന്നതാണ് ഉദാരതയുടെ കാതൽ.
എണ്ണിച്ചുട്ട അപ്പം പോലെ അളന്നുകുറിച്ചു മാത്രം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്ന മെറ്റിക്കുലസായ – meticulous – മനുഷര്യർക്ക് കവിഞ്ഞിഴുകുന്ന പാനപാത്രത്തിന്റെ ആനന്ദം മനസിലാവില്ല. അയാൾ പറഞ്ഞ വിതക്കാരന്റെ കഥയോ ബാക്കി ശേഖരിച്ചുകിട്ടിയ 12 കുട്ടയുടെ കഥയോ ഒരിക്കലും പിടുത്തം കിട്ടുകയുമില്ല. ബുദ്ധിപൂർവം ജീവിക്കുന്നവർ ധാരാളിത്തമായി എണ്ണുന്നത് സാധാരണ മനുഷ്യരുടെ ഉദാരതയാണെന്ന് വെളിച്ചം കിട്ടാത്തതുകൊണ്ടാണ് ദരിദ്രരുടെ ആഘോങ്ങളേയും വിനോദങ്ങളേയും കുറിച്ച് അവരിപ്പോഴും കുറ്റം പറയുന്നത്. ആ ദോഷൈകദൃക്കുകളെ വിളിക്കാനായി തൽക്കാലം മലയാളത്തിൽ ഒരു പദമേയുള്ളു- ക്ണാപ്പന്മാർ! അതൊരു ചരിത്രമാണ്. സർ ആർതർ റോളണ്ട് നാപ് (1870 – 1954) മലബാറിലെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നേരിട്ട് അന്വേഷിച്ചറിയാൻ വന്നതാണ്. പല തട്ടിലുള്ള പാവപ്പെട്ട ജീവനക്കാർ ധ്വരയോട് ഭീകരമായ ആതിഥ്യം കാട്ടി. മുന്തിയ ഭക്ഷണം, താമസം, യാത്ര ഒക്കെ ക്രമീകരിച്ചു. അനന്തരം സായിപ്പ് റിപ്പോർട്ട് മുകളിലേക്കയച്ചു: ‘ഇപ്പോഴുള്ള ശമ്പളം തന്നെ വളരെ കൂടുതലായിട്ട് അനുഭവപ്പെടുന്നു. അത്രയും ആഡംബരജീവിതമാണ് ഇവർ നയിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് വെട്ടിക്കുറച്ചാലും തരക്കേടില്ല.’ അങ്ങനെയാണ് അയാളുടെ Knapp എന്നു സ്പെല്ലിങ്ങുള്ള നാപ് എന്ന പേര് ഭാഷയിലെ ഭേദപ്പെട്ട ഒരു ചീത്തയായി പരുവപ്പെട്ടത്.
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment