{പുലർവെട്ടം 302}
വെറുതെയിരിക്കുമ്പോഴൊക്കെ അപ്പൻ ശബ്ദതാരാവലി വായിച്ചുകൊണ്ടിരുന്നു. 22 ദീർഘവർഷങ്ങൾ ഒരാൾ മറ്റൊരു ജോലിക്കും പോകാതെ ജീവിച്ചിരുന്നതിന്റെ സാക്ഷ്യപത്രമാണ് ആ തടിച്ച ഗ്രന്ഥം. അതിൽ ചില പദങ്ങൾ രേഖപ്പെടുത്താതെ പോയെന്ന വിചാരം തന്നെ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയെ ശ്വാസം മുട്ടിച്ചിരുന്നു. ചട്ടമ്പി സ്വാമികളെ ശബ്ദതാരാവലി കാട്ടുമ്പോൾ ‘ആർഭാടം എന്ന പദമെവിടെ’ എന്ന അന്വേഷണത്തിൽ അതു പിന്നെയും പുതുക്കേണ്ടതാണെന്ന് ബോധ്യമുണ്ടായി. പദങ്ങളിലൂടെ രൂപപ്പെട്ട ഒരു ആന്തരികതയുടെ സ്ഥിരോത്സാഹമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. മറ്റൊരു ദേശത്തു നിന്നു വന്ന് എല്ലാ അർത്ഥത്തിലും ഈ ദേശത്തിന്റേതായി മാറിയ ഹെർമൻ ഗുണ്ടർട്ടിന് പദങ്ങൾ പുതിയ ജ്ഞാനസ്നാനമായി. അപരിചിതപദങ്ങൾക്ക് ഇനാമായി പണം കൊടുക്കുന്ന രീതി പോലുമുണ്ടായിരുന്നത്രേ ധ്വരയ്ക്ക്.
ശബ്ദതാരാവലിയോടൊപ്പമായിരിക്കാൻ ആഗ്രഹിച്ചതുകൊണ്ടാവണം, ഓരോ പുതിയ പദവും വലിയ ഹർഷമേകിയിരുന്നു അപ്പന്. ദേവാലയഗീതങ്ങളിൽ ‘മന്വന്തരം’ തുടങ്ങിയ പദങ്ങൾ സ്വാഭാവികമായി വിളക്കിച്ചേർക്കുവാൻ അപ്പനു കഴിഞ്ഞിരുന്നു. ആ പദത്തിന്റെ ധ്വനിഭംഗി കുട്ടികളായ ഞങ്ങൾക്ക് പറഞ്ഞുതരികയും ചെയ്തിരുന്നു. 71 ചതുർയുഗങ്ങൾ – കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം – ചേർന്നാണ് മനുവർഷമുണ്ടാകുന്നത്. ആ ചതുർയുഗങ്ങളുടെ കണക്കുതന്നെ എത്ര ആലോചിച്ചിട്ടും അന്നുമിന്നും പിടുത്തം കിട്ടുന്നില്ല. എന്നിട്ടും ആ പദം അപരിചിതമായ ഒരു ലോകത്തിലേക്കുള്ള താക്കോലായി. ഓരോ പുതിയ പദവും പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ദ്വീപുകൾ കണക്കാണ്. പുതിയ ലോകം, പുതിയ കാലം, പുതിയ സംവേദനം- അങ്ങനെയാണ് ബോധത്തെ അനുമാത്ര നവീകരിച്ചുകൊണ്ടിരിക്കേണ്ടതെന്നു തോന്നുന്നു. മറ്റൊന്നു കൂടി ഓർമ്മയിലുണ്ട്. റേഡിയോയിൽ ബി വസന്തയും എസ് ജാനകിയും ചേർന്നു പാടിയ ‘പാവനനാം ആട്ടിടയാ’ എന്ന ഗാനം നിലയ്ക്കുമ്പോൾ ‘ജീവനം’ ജലമാണെന്ന് ചോദിക്കാതെ തന്നെ പറഞ്ഞുതന്നു.. ‘ഇന്നു ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യ ജീവനം.’
അവനവന്റെ ചക്രവാളത്തെ നിരന്തരം വികസിപ്പിക്കുന്ന രീതിയുടെ പേരാണ് ആത്മീയതയെങ്കിൽ നിഘണ്ടുക്കൾ നല്ല വേദോപദേശപുസ്തകങ്ങളായി മാറുന്നു. ഒരു പദത്തിന് നാനാർത്ഥങ്ങളുണ്ടെന്നും മറ്റൊരു പദത്തിന് ഒട്ടനവധി പര്യായങ്ങളുണ്ടെന്നുമുള്ള ചെറിയ ബോധം മതി ബഹുസ്വരത എന്ന സ്വപ്നഭൂമിയിലേക്ക് ഒരു നടവഴി തീർക്കാൻ. തെറ്റിദ്ധാരണകളെ ഒഴിവാക്കാൻ, വിചാരണയില്ലാതെ മനുഷ്യരെ സ്വീകരിക്കാൻ പദങ്ങളിലേക്കുള്ള സഞ്ചാരം ഒരാളെ സഹായിക്കും. ദസ്തയേവ്‌സ്കിയുടെ ‘കാരമസോവ് സഹോദരരി’ൽ അടിമുടി വിടൻ എന്ന മുൻവിധിയുള്ള ദിമിത്രി വളരെ കുലീനമായി ഒരുവളെ അഭിമുഖീകരിക്കുന്നുണ്ട്. അവൾ ആവശ്യപ്പെട്ട പണം അയാൾ എടുത്തുകൊടുക്കുന്നത് നിഘണ്ടുവിൽ നിന്നാണ് എന്നൊരു വിശദാംശം ദസ്തയേവ്‌സ്കി അടയാളപ്പെടുത്തുന്നു. അത് ആകസ്മികമായിരിക്കില്ല. നല്ല പുസ്തകങ്ങളേപ്പോലെ നിഘണ്ടുവും മനുഷ്യന്റെ വികാരങ്ങളെ വിമലീകരിക്കുന്നുണ്ടാവും.
പദസമ്പത്ത് വർദ്ധിക്കുന്നതനുസരിച്ച് ഏറ്റവും ഉചിതമായ പദത്തിലേക്ക് ചിന്തയെ ഏകാഗ്രമാക്കാൻ ഒരാൾക്ക് കഴിയുന്നു. യോഹന്നാൻ സുവിശേഷം അവസാനിപ്പിക്കുന്നത്, ഭൂമിയിലുള്ള മുഴുവൻ പുസ്തകങ്ങളും ഉപയോഗിച്ചാലും എഴുതിത്തീർക്കാനാവാത്ത അവന്റെ ചരിത്രം എന്നു പറഞ്ഞാണ്. എന്നിട്ടും എത്ര ചുരുക്കിയാണ് അയാളത് എഴുതിയിരിക്കുന്നത്. ‘He wept’ എന്ന വേദപുസ്തകത്തിലെ ഏറ്റവും ചെറുതും ഏറ്റവും ശുദ്ധീകരിക്കുന്നതുമായ വാചകം അയാളുടേതാണ്. ‘പുറത്ത് ഇരുട്ടാണ്’ എന്നൊരു വാക്യത്തിൽ ജൂഡസിന്റെ ജീവിതത്തിന് ചുരുക്കെഴുത്ത് ഉണ്ടാവുന്നതും അങ്ങനെ തന്നെ.
ലോക്ഡൗൺ ദിനങ്ങളിൽ ഓരോ ദിവസവും പുതിയ അഞ്ചു പദങ്ങൾ പറഞ്ഞ് പരസ്പരം ചലഞ്ച് ചെയ്യുക എന്നൊരു വിനോദം ഞങ്ങൾക്കിടയിലുണ്ടായി. അപ്പന്റെ ശബ്ദതാരാവലിയുടെ തുടർച്ച സജീവമാകുന്നതാവാം. അതു തീരുമ്പോൾ അസാധാരണ ചാരുതയുള്ള ഒരു പുസ്തകം സമ്മാനമായി കിട്ടി- ജുംപാ ലാഹിരിയുടെ In Other Words. പുതിയൊരു ഭാഷ പഠിച്ചതിന്റെ ആഹ്ലാദമാണ് അതിലെ ഓരോ അധ്യായത്തിലും ചിതറുന്നത്. ഒരു തടാകത്തിന്റെ തീരത്തുനിന്ന് ഒരാൾ അതിനെ കുറുകെ കടക്കാൻ കാട്ടുന്ന ധൈര്യമാണ് ഏതൊരു ഭാഷയും പഠിക്കാനുള്ള ഏകവഴി എന്നു നിശ്ചയിച്ച് അവൾ അതിനുവേണ്ടി മാത്രം മറ്റൊരു ദേശത്ത് ദീർഘവാസത്തിനു പോയ കഥയാണത്. To know a new language, to immerse yourself, you have to leave the shore. Without a life vest.
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment