{പുലർവെട്ടം 306}
ഒരിക്കലും അഴിയരുതെന്ന് നിശ്ചയിച്ചുതന്നെയാണ് നമ്മൾ കരങ്ങൾ ചേർത്തുപിടിച്ചത്. അവസാനം വരെ പാർക്കണമെന്നോർത്താണ് നമ്മളൊരുമിച്ച് ആ കൂടാരം ഉയർത്തിയത്. എന്നിട്ടും കരങ്ങൾ അയയുകയും കൂടാരങ്ങൾ അടയുകയും ചെയ്യുന്നു. വിയോജനങ്ങളുടെ വിചിത്രമായ ഈ വിധിയെ കുലീനമായി നേരിടാനാവുമോ എന്നുള്ളതാണ് നമ്മുടെ പുലർവിചാരം.
“In Panditji’s death, India has lost one of the greatest musicians. It’s a great loss to the world of music in general and to Maihar gharana in particular. He loved Baba (Ustad Allauddin Khan).” അങ്ങനെയാണ് പണ്ഡിറ്റ് രവിശങ്കർ അലിഞ്ഞുപോയി എന്നറിഞ്ഞപ്പോൾ അന്ന് 83 വയസുള്ള അന്നപൂർണദേവി പറഞ്ഞത്. പതിനാലാം വയസിൽ അയാളുടെ ജീവിതത്തിലേക്ക് വരികയും വേഗത്തിൽ അകന്നുപോവുകയും ചെയ്തതാണ് ഉസ്താദ് അല്ലാവുദീൻ ഖാന്റെ സംഗീതവിദുഷിയായ ആ മകൾ. എന്നിട്ടും പിന്നീട് അവരിരുവരും ജീവിച്ച ദീർഘമായ ജീവിതത്തിൽ, ഉപവിക്കു നിരക്കാത്ത ഒരു ചെറിയ പരാമർശം പോലും ഇല്ലാതിരിക്കുവാൻ ശ്രദ്ധിച്ചുവെന്നു മാത്രമല്ല, നിർലോഭമായി പരസ്പരം അഭിനന്ദിക്കാൻ അവസരങ്ങൾ കണ്ടെത്തുകയും ചെയ്തു. അവസാനകാലത്ത് ഒരു അഭിമുഖത്തിൽ അയാൾ പറഞ്ഞു: “This is very sad, because she is a fantastic musician.” സ്വയം വരിച്ച അവരുടെ ആവൃതിജീവിതത്തേക്കുറിച്ചായിരുന്നു ഇങ്ങനെ അയാളുടെ ഖേദം. സുർബഹാറിലായിരുന്നു – bass sitar – അവരുടെ പ്രാവീണ്യം.
ഇത്തരം കുലീനതകൾക്ക് ബുദ്ധചരിത്രത്തോളം പഴക്കമുണ്ട്. The Buddha’s Wife: The Path of Awakening Together എന്ന പുസ്തകത്തിന്റെ വായന നല്ലതായിരിക്കും. ബുദ്ധയുടേതായി പരക്കെ അറിയപ്പെടുന്ന, ‘ബോധോദയത്തിനായി ഇനിയൊരാളും തന്റെ ഗൃഹം വിട്ടുപോകേണ്ട’ എന്ന വാക്യം യശോധരയ്ക്കുള്ള വാഴ്ത്താണ്. തിരിച്ച് അവർ അയാളോടു പുലർത്തിയ മതിപ്പിനേക്കുറിച്ച് കവിത പോലൊരു കുറിപ്പ് കണ്ടിരുന്നു. അവിചാരിതമായ ചിലതിന്റെ കരുവായതുകൊണ്ടുമാത്രം ഹൃദയം ഇനി കയ്പ്പിന്റെ പാടമാകണമെന്നില്ല. സുദൃഢബന്ധങ്ങളിൽ നിന്നെന്നപോലെ സംഘടനകളിൽ നിന്നും ജീവിതാർപ്പണങ്ങളിൽ നിന്നുമൊക്കെ എന്തു കാരണം കൊണ്ട് നിങ്ങൾ പുറത്തേക്കു പോയാലും, ഒരിക്കൽ മൂല്യമുറ്റതായി അനുഭവപ്പെട്ടവ ഇന്ന് ഞാനതിന്റെ ഭാഗമല്ല എന്നതുകൊണ്ടു മാത്രം അപഹസിക്കപ്പെടേണ്ടതുണ്ടോ?
അപ്പൂപ്പനേക്കുറിച്ച് ഹൃദയസ്പർശിയായി ഇപ്പോൾ അനുഭവപ്പെടുന്നത് അതാണ്. സാമാന്യം ആഘോഷമായി ജീവിച്ച ഒരാൾ പെട്ടെന്നൊരു ദിവസം നാടും വീടും വിട്ട് മൂന്നു ചെറിയ കുട്ടികളുമായി ഏതാണ്ടൊരു നാടോടിയേപ്പോലെ നമ്മളിപ്പോൾ പാർക്കുന്ന ഇടത്തിൽ വരികയായിരുന്നു. മരിക്കുവോളം താൻ വിട്ടിട്ടു പോന്ന ദേശത്തേക്ക് അയാൾ മടങ്ങിപ്പോയിട്ടില്ല. എന്നിട്ടും തന്റെ പലായനത്തിന് ഒരുപക്ഷേ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരാളേക്കുറിച്ചുപോലും അയാൾ മിണ്ടിയില്ല. മക്കളിൽ നിന്ന് മറച്ചു വയ്ക്കുന്ന രഹസ്യം പേരക്കുട്ടികളോടും പറയേണ്ട ബാധ്യതയില്ലല്ലോ. ഒരേയൊരു ബന്ധുവായിരുന്നു വന്നിരുന്നത്. മുഖം കവിഞ്ഞും കനത്ത മീശയുണ്ടായിരുന്ന ‘സ്വ.ലേ. അപ്പൂപ്പൻ’ എന്നു വിളിച്ചിരുന്ന മനോരമ പത്രത്തിന്റെ കൊച്ചിയിലെ പ്രാദേശികലേഖകൻ. ഏറ്റവും നന്നായിട്ടാണ് അപ്പൂപ്പൻ അദ്ദേഹത്തെ സൽക്കരിക്കാൻ ശ്രദ്ധിച്ചിരുന്നത്. പച്ച നിറമുള്ള ആ കള്ളുകുപ്പി ഇപ്പോഴും മനസ്സിലുണ്ട്.
കയ്പ്പുകൾ നമ്മളോടൊപ്പം അവസാനിപ്പിക്കുക. ചെറിയ കാലത്തേക്കാണെങ്കിലും നമ്മളെ അനുയാത്ര ചെയ്ത നല്ല മനുഷ്യരോട് വക്കോളം കൃതജ്ഞതയുണ്ടാവുക.
“അപ്പോൾ അവരിൽ നിന്നു സംഭവിച്ച അകൃത്യങ്ങളോ?”
വിട്ടുകളയണം സർ!
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment