പുലർവെട്ടം 308

{പുലർവെട്ടം 308}

നമ്മൾ അഭിമുഖീകരിക്കുന്നവർ നമ്മളേക്കാൾ വലിപ്പമുള്ളവരാണ് എന്ന ബോധം വെറുമൊരു വിനയപാഠമല്ല; അതാണതിന്റെ ശരി. ശിരസ് കാൽമുട്ടോളം കുനിച്ച് ഒരാൾ നിങ്ങളെ നമസ്കരിക്കുമ്പോൾ നിങ്ങൾക്ക് ഇരട്ടി വലിപ്പമുണ്ടെന്നു തന്നെയാണ് അയാൾ ശരീരം കൊണ്ട് അടിവരയിട്ടു പറയുന്നത്; ജാപ്പനീസ് അഭിവാദ്യമോർക്കൂ. ഏറ്റവും പോഴൻ എന്നു കരുതുന്നൊരു കുട്ടി പോലും നിങ്ങൾ കടന്നുപോയതിനേക്കാൾ ക്ലേശകരമായ ജീവിതത്തിലൂടെ ഇതിനകം സഞ്ചരിച്ചിട്ടുണ്ടായിരിക്കാം.

സെമിനാരിയിൽ ഹോമിലെറ്റിക്സ് – Homiletics – എന്നൊരു വിഷയമുണ്ട്; the art of preaching or writing sermons. ഏതാനും ക്ലാസുകളിൽ അവർക്കൊപ്പം ചെലവഴിക്കുമ്പോൾ പറയാൻ ശ്രദ്ധിച്ചത് അതു മാത്രമാണ്- കണ്ടന്റ്, അവതരണരീതി തുടങ്ങിയവയൊക്കെ മൗലികമായി നിലനിർത്തേണ്ടതായതുകൊണ്ട് നിയതമായ ചട്ടങ്ങളൊന്നും പ്രഭാഷണങ്ങളിൽ അനിവാര്യമല്ല. എന്നാൽ ഒരു കാര്യം ഉറപ്പിക്കേണ്ടതുണ്ട്, കേൾവിക്കാരോടുള്ള അടിസ്ഥാനവിനയം. ആരോടാണ് നമ്മൾ സംസാരിക്കുന്നത്? അക്വേറിയത്തിലെ മത്സ്യങ്ങൾ കടലിലെ മത്സ്യങ്ങളോടാണ് കഥ പറയുന്നതെന്ന് ഓർക്കണം.

ഈ ബോധം പുലർത്തിയിരുന്ന ഒരാളെന്ന നിലയിൽ യേശുവിനെ മാതൃകയായി കാട്ടാനും ശ്രമിച്ചു. അഷ്ടഭാഗ്യങ്ങളുമായി ബന്ധപ്പെട്ട ഒരു ലാറ്റിൻ അമേരിക്കൻ വായനയുടെ പശ്ചാത്തലത്തിലായിരുന്നു അത്. കുറേയധികം മനുഷ്യർ അവനെ കേൾക്കാൻ എത്തിയിരിക്കുകയാണ്. അവരെ ഉറ്റുനോക്കുമ്പോൾ അവർ തന്നിൽ അർപ്പിച്ചിരിക്കുന്ന ശരണവും പ്രത്യാശയും കണ്ട് വക്കോളം കൃതജ്ഞതയോടു കൂടിയാണ് ഇങ്ങനെ പറഞ്ഞുതുടങ്ങിയത്: ദരിദ്രർ ഭാഗ്യവാന്മാർ, വിശന്നവർ ഭാഗ്യവാന്മാർ, വിലപിച്ചവർ ഭാഗ്യവാന്മാർ, പരുക്കേറ്റവർ ഭാഗ്യവാന്മാർ… അങ്ങനെ തുടങ്ങുന്ന വാഴ്ത്ത് ദുഃഖിതരും നിന്ദിതരും ദരിദ്രരുമായ അവന്റെ കേൾവിക്കാർക്കുള്ള അഭിവാദ്യവും കൃതജ്ഞതയുമായിരുന്നു. അതിനെ ഇങ്ങനെ നമ്മൾ വായിച്ചെടുണമെന്നാണ് വിമോചന ദൈവശാസ്ത്രത്തിന്റെ പാഠഭേദം: നിങ്ങളുടെ കൂട്ടത്തിൽ വിശന്നവരുണ്ടോ? അവർക്ക് നമസ്തേ! വിലപിക്കുന്നവരുണ്ടോ? അവർക്കും പ്രണാമം. ലോകത്തിന്റെ ദുഃഖങ്ങളെല്ലാം എട്ട് പ്രാവിൻകള്ളികളിലേക്ക് – pigeonhole – സംഗ്രഹിക്കപ്പെടുകയാണ്. അങ്ങനെ അവന്റെ അഭിവാദ്യത്തിന്റെ ഗരിമയിൽ ഓരോരുത്തരുടേയും കുനിഞ്ഞുപോയ ശിരസുകൾ ഉയർന്നുവന്നു. എന്തൊരു ആത്മവിശ്വാസമാണ് അതുവഴി അവൻ പകർന്നുനൽകുന്നത്.

ഈ ചിത്രം കുറച്ചുകൂടി വ്യക്തമാകണമെങ്കിൽ ഓർത്തെടുക്കാവുന്ന ഒരു കാര്യം ബുധനാഴ്ചകളിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന പോപ്പിന്റെ അനുഗ്രഹസദസ്സാണ്. വലിയൊരു സമൂഹമാണ് എത്തുന്നത്. ഓരോ ദേശക്കാരേയും പേരു വിളിച്ച് അഭിവാദ്യം ചെയ്യുന്ന രീതിയുണ്ട്. ഇന്ത്യ എന്നു പറയുമ്പോൾ പലയിടങ്ങളിലായി ചിതറി നിൽക്കുന്ന ഭാരതീയർ കരഘോഷം മുഴക്കുകയും ചിലരെങ്കിലും ദേശീയപതാക ഉയർത്തിവീശുകയും ചെയ്യുന്നു. അങ്ങനെ ഓരോരോ നാട്ടുകാരുടെ ആഹ്ലാദാരവങ്ങളിൽ ചത്വരം മുഖരിതമാകുന്നു. സാരമായ വ്യത്യാസവുമുണ്ട്. രണ്ടാമത്തേതിൽ നിങ്ങൾ മേനി പറയുന്ന ഒന്നിന്റെ മീതെയാണ് ഈ വാഴ്ത്ത്. ആദ്യത്തേതിൽ, നിങ്ങളെ അടിമുടി വിഷാദിയാക്കുന്ന വിശേഷണങ്ങൾക്കാണ് അവന്റെ നമസ്കാരം. അത് മുൻപോ പിൻപോ ലോകത്തിനു പിടുത്തം കിട്ടാത്ത, ആവർത്തനമില്ലാത്ത ഒരു പുതിയ നിയമമായിരുന്നു.

അപ്പോൾ ആൾക്കൂട്ടത്തിൽ നിന്നൊരു വൃദ്ധ അവന്റെ അമൃതമൊഴികൾക്ക് അഭിനന്ദനമായി വിളിച്ചു പറഞ്ഞു: “നിന്നെ ഊട്ടിയ മാറും വഹിച്ച ഉദരവും അനുഗൃഹീതം.” അവൻ വിനയപൂർവം പുഞ്ചിരിച്ചു. താൻ പഠിപ്പിക്കുന്ന കാര്യങ്ങൾ അതിനേക്കാൾ ഭംഗിയായി ജീവിക്കാൻ പരിശ്രമിക്കുന്ന അവരുടെ മക്കളെയോർത്ത് അവന്റെ കണ്ണു നിറഞ്ഞു. പിന്നെ, അഭിനന്ദനത്തിന്റെ ആ പൊൻ‌നാണയം ആ അമ്മയുടെ കാല്പാദങ്ങളിൽ ദക്ഷിണയായി മടക്കി നൽകി.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment