പുലർവെട്ടം 312

{പുലർവെട്ടം 312}

മിഴികളിൽ അസാധാരണ പ്രകാശമുള്ള ഒരു ചെറുപ്പക്കാരനാണ് എതിരെ. പെട്ടെന്ന് അവന്റെ കണ്ണു കലങ്ങി. ഒരാണെന്ന നിലയിൽ പെങ്ങളേക്കാൾ കൂടുതൽ അവൻ അനുഭവിച്ച ആനുകൂല്യങ്ങളെ ഓർത്തിട്ടാണ്. പ്രിവിലെജുകൾ നിങ്ങളെ സങ്കടപ്പെടുത്തുന്ന ആ ദിനമാണ് ഒരു ജൈവമനുഷ്യൻ എന്ന നിലയിൽ നിങ്ങളുടെ വീണ്ടുംപിറവി. പ്രകടനം നടത്തുന്ന കറുത്തവരുടെ മുൻപിൽ FORGIVE ME, AM BORN WHITE എന്ന പ്ലകാർഡ് ഉയർത്തി മുട്ടിന്മേൽ നിൽക്കുന്ന ഒരാളുടെ ചിത്രത്തിൽ ഞാൻ ഇവനെ കണ്ടു. വൈറ്റ് പ്രിവിലെജിനേക്കുറിച്ച് ലോകം ആശങ്കപ്പെടുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ആരിലാണ് / എവിടെയാണ് അതില്ലാത്തത്?

ഇത്തരം ആനുകൂല്യങ്ങളിലെ അപകടത്തെ തന്റെ മുതിർന്ന വിദ്യാർത്ഥികൾക്ക് കാട്ടിക്കൊടുക്കുകയായിരുന്നു അധ്യാപകൻ. അവരെ ഒരു ഓട്ടമത്സരത്തിന് അണിനിരത്തി. “ഞാൻ പറയുന്നതിന്റെ സൗഭാഗ്യം ലഭിച്ചവർ രണ്ടു ചുവട് മുൻപോട്ടു വരിക… നിങ്ങളിൽ പിരിയാത്ത മാതാപിതാക്കന്മാരുള്ളവർ മുൻപോട്ടു വരിക, വീട്ടേണ്ട കടത്തേക്കുറിച്ച് ആശങ്കയില്ലാത്തവർ മുൻപോട്ടു വരിക…” അങ്ങനെയങ്ങനെ പട്ടിക നീളുമ്പോൾ ഓരോരുത്തരായി മുൻപോട്ടു നീങ്ങുന്നു. അവരുടെ എണ്ണം കുറയുന്നുമുണ്ട്. ചിലർ തങ്ങൾ നിൽക്കുന്നയിടങ്ങളിൽത്തന്നെ ഉറച്ചുപോവുകയാണ്. ഇതിനിടയിൽ കുട്ടികൾ മൈതാനത്തിന്റെ പലയിടങ്ങളിലായി. ഒടുവിൽ, ഓട്ടത്തിന്റെ വിസിൽ മുഴങ്ങി. അവരിൽ ചിലർക്ക് ലക്ഷ്യത്തിലേക്ക് ഏതാനും ചുവടുകൾ മതിയായിരുന്നു. (വീഡിയോ താഴെ ചേർത്തിട്ടുണ്ട്.) സഞ്ജയ് എഴുതിയൊരു കുറിപ്പ് ഓർമിക്കുന്നു. സ്കൂളു മാറി എത്തിയതാണ്. ആ പുതിയ വിദ്യാലയത്തിൽ ഒരു പഞ്ചഗുസ്തിവീരനുണ്ട്. കാര്യമായ പ്രയാസമില്ലാതെ സഞ്ജയ് അവനെ തോല്പിച്ച് താരമായി. സ്കൂൾ വിട്ടു നടക്കുന്ന വഴിക്ക് അവൻ അടുത്തുവന്ന് ചോദിച്ചു, “നിങ്ങളുടെ വീട്ടിൽ എന്താണ് കഴിക്കുന്നത്?” നിങ്ങൾ ആരെ തോല്പിച്ചെന്നാണു പറയുന്നത്!

ആണെന്ന നിലയിൽപ്പോലും എണ്ണമറ്റ പ്രിവിലെജ് ഉണ്ട്. അതുകൊണ്ടാണ് അവളുടെ അപൂർവമായി സംഭവിക്കുന്ന രാത്രിനടത്തങ്ങൾ ഇത്ര ആഘോഷിക്കപ്പെടുന്നത്; അവൾ ആരുടെയോ അമ്മയാണ്, പെങ്ങളാണ് എന്നൊക്കെയുള്ള ഔദാര്യപ്രസ്താവനകൾ അവളെ ചൊടിപ്പിക്കുന്നത്; somebody’s എന്നതു തിരുത്തി somebody എന്നുതന്നെ ആക്കുന്നത്. ആൺ ആനുകൂല്യങ്ങളെന്ന മിത്തിനെ ഡിബങ്ക് ചെയ്യേണ്ട ബാധ്യതയുണ്ട് ഒരു വിമലീകരിക്കപ്പെട്ട സമൂഹത്തിന്. മൈഷാ സെഡ്. ജോൺസൺന്റെ 160+ Examples of Male Privilege in All Areas of Life എന്ന ലേഖനം വായിച്ചിട്ടുണ്ട്. സമസ്തമേഖലയിലും അതിന്റെ നിഴൽ വീണു കിടക്കുന്നതായി അവർ നിരീക്ഷിക്കുന്നു. അവൾ കൂടുതൽ സംസാരിക്കുന്നതുകൊണ്ടുതന്നെ, കുറച്ച് സംസാരിക്കുന്നു എന്ന് കരുതപ്പെടുന്ന അവന്റെ വാക്കുകൾക്ക് കൂടുതൽ ഗൗരവം കല്പിച്ചുകിട്ടുന്നു. അവന്റെ ഭാഷണങ്ങളെ തടസപ്പെടുത്താൻ അവകാശമില്ലെന്നു തെറ്റിദ്ധരിക്കപ്പെടുന്നു. അവളുടെ സംഭാഷണങ്ങളാകട്ടെ ആണും പെണ്ണും ഒരേപോലെ തടസപ്പെടുത്തുന്നു. ആരാണു ‘ബ്ലാ ബ്ലാ’ പറയുന്നതെന്നറിയാൻ സന്ധ്യനേരത്തെ ടി വി സംവാദങ്ങൾ കേട്ടാൽ മതി. അവളുടെ ആടകളിൽ തുന്നിയിരിക്കുന്ന പോക്കറ്റ് പോലും പണം സൂക്ഷിക്കാനല്ല, അലങ്കാരത്തിനു മാത്രമാണെന്നതുൾപ്പടെയുള്ള, ശീലം കൊണ്ട് നമുക്കൊരു പ്രത്യേകതയും തോന്നാത്ത എത്രയെത്ര കാര്യങ്ങളാണ് അവർ എണ്ണി തിട്ടപ്പെടുത്തുന്നത്! ‘ചിക്കൻ വിളമ്പുമ്പോഴെല്ലാം ലെഗ് പീസ് ജോസിനായിരുന്നു’വെന്ന് ഇപ്പോഴും ആർഷ പറയുന്നത് ചിരിച്ചുതള്ളേണ്ട വിഷയമല്ല.

ആനുകൂല്യങ്ങളെ ബോധപൂർവം വേണ്ടെന്നുവയ്ക്കുകയാണ് വരുംകാല ആത്മീയതയുടെ പാഠങ്ങളിലൊന്ന്. യേശുവിലേക്കുതന്നെ ഉറ്റുനോക്കി ഈ പുലരിവിചാരം അവസാനിപ്പിക്കാവുന്നതേയുള്ളു. കട്ടമരങ്ങളിലിരുന്ന് പഠിപ്പിച്ചുതുടങ്ങുന്നതുവഴി അധ്യാപകന്റെ പ്രിവിലെജ് വേണ്ടെന്നുവയ്ക്കുന്നതുതൊട്ട് ഒടുവിലെ സന്ധ്യയിൽ ശിഷ്യരുടെ വിണ്ടുകീറിയ കാല്പാദങ്ങൾ കഴുകിത്തുടച്ച് ചുംബിച്ച് പുരുഷനെന്ന നടപ്പുരീതിയെ ഒഴിവാക്കുന്നതുവരെ നീളുന്ന ആ ജീവിതപാഠത്തിൽ നിന്ന് ഇതുകൂടി പഠിക്കേണ്ട ബാധ്യത സാധകനുണ്ട്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment