{പുലർവെട്ടം 316}
ജൂണിപ്പർ ഒരു ചെറുപുഞ്ചിരി ഗാരന്റീ ചെയ്യുന്നുവെന്നുതന്നെ കരുതുന്നു. വലിയ മനുഷ്യരും അവരുടെ ആകാശം മുട്ടുന്ന ഭാവനകളും കൂടി പതപ്പിച്ചെടുക്കുന്ന മെഗാലോകത്തിൽ എല്ലാ അർത്ഥത്തിലും ചെറിയവരായ മനുഷ്യർ അവനവന്റെ തൊടിയിൽ വിരിയിക്കുന്ന സരളലോകത്തിന്റെ ആനന്ദമാണ് അയാൾ. കൈ തെറ്റി വീണാൽ കാലിനു പ്ലാസ്റ്റർ ഇടേണ്ടിവരുന്ന വിധത്തിൽ തടിച്ച ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്ന വല്യച്ചന്റെ അടുക്കൽച്ചെന്ന്, ഇതിന്റെ അമർ ചിത്രകഥ കിട്ടാൻ വല്ല പാങ്ങുമുണ്ടാകുമോ എന്നു ചോദിക്കുന്ന അയാളുടെ ആത്മാർത്ഥത കാണാതെപോകരുത്. പരസ്പരം കാലുവാരാനുള്ള സ്വാതന്ത്ര്യമാണ് ബന്ധങ്ങളുടെ ബെഞ്ച് മാർക്കെങ്കിൽ അവിടെയാണയാൾ എത്തിയിരിക്കുന്നത്. നമ്മുടെ പുതിയ കാലത്തിന്റെ ഭാഷയിൽ, ദൈവമുൾപ്പടെയുള്ള എല്ലാത്തിനേയും ട്രോളുകയാണ് അയാൾ.
കുട്ടികൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട അപരലോകം പോലെയാണിത്. എലികൾ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ വാൾട് ഡിസ്നിയുടെ മിക്കി മൗസിനെ പരിചയപ്പെട്ടതുകൊണ്ട്, യൂണിഫോം ഇടാതെയെത്തിയ ഒരു മൂഷികബാലൻ ടീച്ചറിന്റെ ഡിസിപ്ലിൻ കൂളായി തകർത്ത് ജയാരവങ്ങളോടെ അടുത്ത ഡിവിഷനിലേക്ക് പോകുന്നു. ഫലിതം കൊണ്ട് കുറുകെ കടക്കാവുന്ന മനുഷ്യരുടെ നിർബന്ധങ്ങളേയും നിബന്ധനകളേയുംകുറിച്ചുള്ള ജൂണിപ്പറിന്റെ ലാഘവത്വമാണ് അയാളെ കാലികപ്രസക്തനാക്കുന്നത്. ബുദ്ധിയുടെ പ്രകാശമാണ് ഫലിതം. യേശുവിന്റെ ഭാഷയിൽ ആടയേക്കാൾ പ്രധാനമാണ് ഉടലെന്ന ബോധം തെളിഞ്ഞവന്റെ ജ്ഞാനമന്ദഹാസമാണത്. ഉയരങ്ങളിൽ നിന്നു താഴോട്ടുചാടി ലോകത്തെ വിസ്മയിപ്പിച്ച ഒരു അഭ്യാസി ഉണ്ടായിരുന്നു. അയാളോട് ജീവിതത്തിൽ എറ്റവും സംഭ്രമാത്മകമായ നിമിഷത്തേക്കുറിച്ച് ആരാഞ്ഞ പത്രക്കാരനു കിട്ടിയ മറുപടി ഇതായിരുന്നു: “അറുപതു നിലയുള്ള ഒരു കെട്ടിടത്തിൽ നിന്ന് ഞാൻ താഴോട്ടുചാടി. നിലത്തു ചവിട്ടുന്നതിനു മുൻപ് അതുകണ്ട് ഞാൻ തകർന്നുപോയി- പുല്ലിൽ ചവിട്ടരുതെന്ന അടയാളപ്പലക! പുല്ല്!!”
പഴയ പുസ്തകങ്ങൾ പൊടി തട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരെണ്ണം കൈയിൽ തടഞ്ഞു, നാഥാൻ ഓസുബെലിന്റെ A Treasury of Jewish Humor. ഇപ്പോഴത് നാട്ടിൽ കിട്ടണമെങ്കിൽ 5946 രൂപ 54 പൈസയും വണ്ടിക്കാശും കൊടുക്കണമെന്നു കണ്ടു. അത് അതിൽത്തന്നെ ഒരു ഫലിതമാണ്. 1967-ലെ പുസ്തകമാണ്. ഒരു ജനതയെന്ന നിലയിൽ ഇത്രയും ദുരന്തങ്ങളിലൂടെ ജൂതരേപ്പോലെ മറ്റാരും കടന്നുപോയിട്ടില്ല. ആമുഖത്തിൽ സൂചിപ്പിക്കുന്നതുപോലെ ‘ഹഹ.. ഹൊഹൊ’ ഫലിതങ്ങളല്ല. നിങ്ങളെ തെല്ലുനേരത്തേക്ക് നിശബ്ദനാക്കുന്ന എന്തോ ഒരു ആഴം അതിലുണ്ട്. കഠിനമായ ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ച് നന്നായി പരുവപ്പെട്ട നിർമമരായ മനുഷ്യരുടെ ചിരിയാണത്. ദുരന്തങ്ങളുടെ ഏഴു കടലിലൂടെയും തുഴഞ്ഞ മനുഷ്യർ ചിരിയുടെ സാന്ത്വനം തിരയുന്നു.
നൂൽപ്പാലത്തിലൂടെ നടക്കുമ്പോൾ ബാലൻസ് തെറ്റാതിരിക്കാനുള്ള മുളവടിയാണ് ഫലിതബോധമെന്ന് വില്യം ആർതർ വാർഡ്. ഗുരുക്കന്മാർ പുലർത്തിയ ‘ഡ്രൈ സെൻസ് ഓഫ് ഹ്യൂമർ’ എന്നു വിളിക്കുന്ന തെല്ലു വരണ്ടൊരു നർമബോധമുണ്ട്. അല്ല, നിശ്ചയമായും സർക്കാസമല്ല. സർക്കാസം സ്വഭാവത്തിൽ വിരുദ്ധോക്തിയും അപഹാസവും ഒളിപ്പിക്കുന്നു. ശ്രീനാരായണഗുരുവിന്റെ നർമബോധം ഡ്രൈ ഹ്യൂമറിന്റെ ഉദാഹരണമായി എണ്ണാവുന്നതാണ്. കുതിരവണ്ടിയിൽ കയറാൻ മടി കാണിച്ച ഗുരു മനുഷ്യൻ വലിക്കുന്ന റിക്ഷായിൽ മടിയില്ലാതെ കയറിയതിനേക്കുറിച്ച് ഒരു ശിഷ്യൻ തോണ്ടി. ഗുരുവിന്റെ മറുപടി ഇങ്ങനെ: “നാം റിക്ഷാവണ്ടിയിൽ കയറണമെന്ന് അതു വലിക്കുന്നയാൾക്ക് ആഗ്രഹമുണ്ട്. കുതിരയ്ക്കും കാളയ്ക്കും അതുണ്ടോ?”
യേശു പുലർത്തിയിരുന്ന നർമബോധത്തെ ഒന്നോർത്ത് ഈ പുഞ്ചിരിവിചാരം അവസാനിപ്പിക്കാവുന്നതേയുള്ളു. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനേക്കാൾ ദുഷ്കരമാണ് ധനവാന്റെ സ്വർഗപ്രവേശം, കണ്ണിൽ തടിയിരിക്കുമ്പോൾ അപരന്റെ മിഴിയിലെ കരടിനോടുള്ള ആത്മാർത്ഥത, കൊതുകിനെ അരിച്ചുമാറ്റി ഒട്ടകത്തെ വിഴുങ്ങുന്നതിന്റെ പൊള്ളത്തരം, വിളക്കു കൊളുത്തി പറയുടെ കീഴിൽ സൂക്ഷിച്ചുവയ്ക്കുന്ന അവിവേകം… അങ്ങനെ പലയിടങ്ങളിലായി അവന്റെ പുഞ്ചിരിക്കുന്ന വദനം തെളിഞ്ഞുവരുന്നു.
കാത്തലിക് വിദ്യാലയത്തിൽ സന്ദർശനത്തിനെത്തിയ ബിഷപ്പ് ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാരാണെന്നു ചോദിച്ചു. മറ്റാർക്കും അവസരം കൊടുക്കുന്നതിനു മുൻപേ ‘യേശു യേശു’ എന്ന് ഒരു ജൂതബാലൻ വിളിച്ചുപറഞ്ഞു. ബിഷപ്പ് അതിൽ തരളിതനായി. കൊണ്ടുവന്ന മുഴുവൻ സമ്മാനവും അവനു കൊടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അടുത്തിരുന്ന കുട്ടിയോട് അവൻ ചെവിയിൽ പറഞ്ഞു: “യഥാർത്ഥത്തിൽ മോശയാണ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. അതെനിക്ക് അറിയുകയും ചെയ്യാം. എന്നാലും ബിസിനസ് ഇസ് ബിസിനസ്.”
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment