പുലർവെട്ടം 386

{പുലർവെട്ടം 386}
 
‘എന്നെ മറന്നേക്കൂ’ പൂത്തിരിക്കുന്നു
പക്ഷേ, നാമൊന്നായിരുന്ന
ആ പഴയ ദിനങ്ങൾ
എനിക്കു മറക്കാനാവുന്നില്ല.
ഏതു പാതിരാവിലും ഒരു കാല്പെരുമാറ്റം കേട്ടാൽ മേരി ഞെട്ടിയുണരും. അവനായി വിളമ്പിയ അത്താഴം ആലിപ്പഴത്തേക്കാൾ തണുത്തു. ആരുടെയെങ്കിലും അമരങ്ങളിൽ അവൻ തളർന്നുറങ്ങുന്നുണ്ടാവും. അമ്മ കുഞ്ഞിനെ ഓർക്കുന്നതുപോലെ, കുഞ്ഞുങ്ങൾ അമ്മയെ ഓർക്കുന്നുണ്ടാവുമോ?
ഉവ്വ്, ഓർക്കുന്നുണ്ട്. ഓർമ തലച്ചോറിൽ കോറിയിട്ടിട്ടുള്ള രേഖാചിത്രങ്ങൾ മാത്രമല്ല, ഒരാളെ പൊതിഞ്ഞുനിൽക്കുന്ന ഒരു അദൃശ്യസ്നേഹവലയവുമാണ്. ബുദ്ധികൊണ്ട് അതിനെ വിവേചിച്ച് എടുക്കണമെന്നുപോലുമില്ല. എന്നിട്ടും ചില നേരങ്ങളിൽ അതിന് മൂർത്തഭാവങ്ങളുണ്ടാവുന്നു. ഹർഷത്താൽ നിങ്ങളുടെ മിഴി നിറയുന്നു. ഓർമ ഒരു ഇരമ്പലോടെ യേശുവിനെ തൊട്ട് ഒഴുകിപ്പോയ ചില മുഹൂർത്തങ്ങൾ ഏതൊക്കെയായിരിക്കും?
അതിൽ ചിലത്…
തെറ്റിൽ കുരുക്കപ്പെട്ട സ്ത്രീയെ നോക്കിയിരിക്കുമ്പോഴാണതു സംഭവിച്ചത്. മുഖപടത്തിലൂടെ അവളുടെ സജലമിഴികൾ കണ്ടു. യേശു നീതിമാനായ ആ തച്ചനെ ഓർമിച്ചു. ‘അത്തരമൊരു വിശേഷം അപ്പനില്ലായിരുന്നുവെങ്കിൽ ഇതെന്റെ അമ്മയുടെ വിധിതന്നെ.’ വിവാഹേതരബന്ധത്തിന്റെ ഉദരഫലം പേറുന്നവളെ കല്ലെറിഞ്ഞുകൊന്നേ തീരൂ. ഇവൾക്ക് കരുണ നൽകുന്നതുവഴി താൻ തന്റെ മാതൃപാദങ്ങളെ പ്രണമിക്കുകയാണെന്ന് യേശു അറിഞ്ഞു. മേരിക്കുവേണ്ടി കരുതിവച്ച ഒരു വിളിയുണ്ട്, ‘സ്ത്രീയേ’! ആദരണീയയായവൾ എന്നാണ് ആ പദത്തിന്റെ ധ്വനി, തമിഴരുടെ അമ്മാ പോലെ. എല്ലാവർക്കും നീ ഇടറിപ്പോയവൾ. എനിക്കാവട്ടെ വിമലയിൽ വിമല. കാറ്റിൽ സൗമ്യമായ പിച്ചകസുഗന്ധം.
മറ്റൊരിക്കൽ അവൻ ദേവാലയത്തിൽ ഇരിക്കുകയായിരുന്നു. ധനികർ പൊൻനാണയങ്ങളിടുന്ന കാണിക്കവഞ്ചിയിൽ ആരും കാണരുതെന്ന പ്രാർത്ഥനയോടെ രണ്ടു ചെറുതുട്ടുകൾ ഇടുന്നതു കണ്ടു. യേശു മേരിയെ ഓർമിച്ചു. മേരി എന്ന ദരിദ്രയായ വിധവ പരാതികളില്ലാതെ, സ്നേഹാദരവുകളോടെ, തന്റെ ഒരേയൊരു സ്വത്ത് ദൈവത്തിന്റെ ശ്രീഭണ്ഡാരത്തിൽ നിക്ഷേപിച്ചു. താനായിരുന്നു അവൾ ചുരുട്ടിപ്പിടിച്ച കൈവെള്ളയിലെ ചെറുനാണയം. അപ്പോൾ മേരിയെ കുന്തിരിക്കം മണത്തു.
ഏകപുത്രന്റെ മൃതശരീരത്തെ അനുഗമിച്ച് നിലവിളിച്ചെത്തുന്ന വിധവയായ അമ്മ യേശുവിനെ നടുക്കിയിട്ടുണ്ടാവും. അതും മറിയം തന്നെ; ജോസഫിനെ നഷ്ടപ്പെട്ട്, ഇനി പുത്രനെ കൈവിടേണ്ടിവരുന്ന മറിയം. മരിച്ചവർക്കു വിശ്രമിക്കാൻ വേണ്ടി മാത്രമാണോ ദൈവം സ്ത്രീകൾക്ക് മടിത്തട്ട് നൽകിയിരിക്കുന്നത്! അമ്മേ, തിരുത്തി എഴുതാനാവാത്ത വഴികളാണ് എന്റേത്. എങ്കിലും നിന്റെ പുത്രന്റെ ഗതികളെ മാറ്റാനാവും: ‘യുവാവേ, എഴുന്നേൽക്കുക.’ ആ സ്ത്രീ അപ്പോൾ നേരത്തത്തേക്കാൾ ഉറക്കെ നിലവിളിക്കുന്നു. ഖേദത്തിനും ഹർഷത്തിനും സ്ത്രീക്ക് കണ്ണീരുവേണം. അവൾ ഒഴിഞ്ഞുമാറിയ വാൾ നിന്റെ ദിശയിലേക്കാണിപ്പോൾ സഞ്ചരിക്കുന്നത്. എല്ലാ അമ്മമാരുടേയും സങ്കടങ്ങൾ തീർക്കുന്ന ഒരാൾക്ക് സ്വന്തം അമ്മയെ രക്ഷിക്കാനാവാത്തതെന്തുകൊണ്ട്?
ഒടുവിൽ ദൈവം കൈവിട്ടു എന്ന നിലവിളി. പെട്ടെന്ന് മകന്റെ സ്മൃതിയിലും അധരങ്ങളിലും അമ്മ പ്രാർത്ഥിച്ച പ്രാർത്ഥന കൂട്ടായി എത്തി: ‘നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാനർപ്പിക്കുന്നു.’ പിന്നെ മിഴി പൂട്ടി. അത് ഏതൊരു യഹൂദസ്ത്രീയും മക്കളെ പഠിപ്പിക്കുന്ന ആദ്യപ്രാർത്ഥനയാണ്. കൂട്ടി കുറച്ച് ഹരിച്ചെടുക്കുമ്പോൾ ഒടുവിൽ മുലപ്പാലിനോടൊപ്പം അമ്മ ഉരുവിട്ട പ്രാർത്ഥനകളേ കൂടെയുണ്ടാവൂ. അവസാനം അമ്മ പ്രാർത്ഥനയാകുന്നു.
ഇന്ന് മറിയത്തിന്റെ പിറവിത്തിരുന്നാളാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment