{പുലർവെട്ടം 321}
അനുടീച്ചറിന്റെ അമ്മ മരിച്ചു, വരേണ്ടെന്നു പറഞ്ഞെങ്കിലും പോകാമെന്നു തീരുമാനിച്ചു.
ഒരു ആത്മാവ് അതിന്റെ ഭൗതികവിപ്രവാസത്തിനൊടുവിൽ ആറു ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. വിശന്നവനോട്, ദാഹിച്ചവനോട്, അലഞ്ഞവനോട്, നഗ്നനോട്, രോഗിയോട്, തടവറക്കിളിയോട് നീ എന്തു ചെയ്തു? ആത്മവിശ്വാസത്തോടെ അതിനുത്തരം നൽകുന്ന ഏകയാൾ അമ്മ മാത്രമാണെന്നു തോന്നുന്നു. കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്. അന്നം അവൾ തന്നെയായിരുന്നു. ‘അമ്മയെനിക്കൊരു ഉരുള തന്നു, ഉണ്ടിട്ടുമുണ്ടിട്ടും തീരുന്നില്ല’ എന്നൊരു കടങ്കഥ അവളുടെ മാറിനേക്കുറിച്ചുണ്ട്. ദാഹം ശമിപ്പിച്ചത്, നീളവും വീതിയും ഉയരവും മാത്രമല്ല ജീവിതമെന്ന് നിരന്തരം ഓർമിപ്പിച്ചാണ്. ഈശ്വരപാഠങ്ങളൊക്കെ പറഞ്ഞുതന്നത് ജീവിതത്തിന്റെ നാലാംപ്രതലത്തെ ഓർമിപ്പിക്കാനായിരുന്നു. അവൾ പകർന്നുതരുന്ന മൂന്നു തരം മധുരമുണ്ടെന്ന് ഗുരു നിത്യ. ആദ്യത്തേത്, ജീവനെന്ന ദ്രാക്ഷാരസമാണ്. ആ മുന്തിരിനീര് പതഞ്ഞത് അവളുടെ ഉദരത്തിലാണ്. പിന്നെ, പാൽമധുരം. ഒടുവിൽ, വാക്കിന്റെ തേൻമധുരം.
അപരിചിതരായ നമ്മളെ ലോകത്തിനു പരിചയപ്പെടുത്തുകയെന്നുള്ളതായിരുന്നു അവളുടെ ധർമ്മം. ഒന്നിനേയും ഒരിക്കലും തള്ളിപ്പറയില്ലെന്നുള്ളതാണ് അവളേക്കുറിച്ചുള്ള നമ്മുടെ ധൈര്യം. Passion of Christ-ൽ തന്റെ മകനെ തള്ളിപ്പറഞ്ഞ പീറ്ററിനെ അമ്മ കുലീനമായി സ്വാഗതം ചെയ്യുന്ന ഒരു ഭാഗം ഹൃദയസ്പർശിയായി അനുഭവപ്പെട്ടു. ആത്മനിന്ദയുടെ ലജ്ജാകാലത്തിൽ മറ്റാരുടെയും പരിഹാസത്തിനു വിട്ടുകൊടുക്കാതെ മറച്ചുപിടിച്ചതും അവൾ തന്നെ. ഭയത്തിലും ആകുലതയിലും അപകർതയിലുമൊക്കെ കുരുങ്ങിപ്പോയ ബാല്യകൗമാരങ്ങൾക്ക് സ്നേഹത്തിന്റെ തുറന്ന ആകാശം കാട്ടിത്തന്നതും രോഗാതുരമായ ഒരു ജീവിതത്തിലെ ഏക ഔഷധമായി നിലനിന്നതുമൊക്കെ അവൾ തന്നെയായിരുന്നു. ചുരുക്കത്തിൽ, അമ്മയായിരിക്കുന്നു എന്ന ഒറ്റ കാരണം മതി അവരുടെ സ്വർഗീയപ്രവേശത്തിന്.
അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുകയെന്നതുപോലും അത്ര സെൻസിബിളായി തോന്നിയില്ല. ജീവിക്കുന്നവർക്കുവേണ്ടിയാണ് മരണാനന്തരച്ചടങ്ങുകൾ എന്നു പറഞ്ഞുകൊണ്ടിരുന്ന ഒരു ബിഷപ്പുണ്ടായിരുന്നു; കടന്നുപോയ ഗീവർഗീസ് മാർ അത്തനേഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത. നമുക്ക് കൃതജ്ഞതാഭരിതരായി നിൽക്കാനും പിന്തിരിഞ്ഞുനോക്കാനും മുന്നോട്ടുള്ള അവരുടെ ചില തുടർച്ചകൾ ആഴപ്പെടുത്തുമെന്ന് പ്രതിജ്ഞാബദ്ധരാവാനും കിട്ടുന്ന സാഹചര്യമാണതെന്നു തോന്നുന്നു. സദാ പോരാട്ടത്തിലായിരുന്നു അവർ. അതു നമുക്കു മാത്രമല്ല, ജീവലോകത്തിൽ എവിടെയും അതു ശരിയാകുന്നുണ്ട്. അടയിരിക്കുന്ന, അല്ലെങ്കിൽ കുഞ്ഞുങ്ങളോടൊപ്പം ചിക്കിത്തിരയുന്ന ആ തൊടിയിലെ അമ്മക്കോഴി മതി അതിനെ സാക്ഷ്യപ്പെടുത്തുവാൻ. ‘തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ എത്ര മേൽ അണച്ചുപിടിക്കാൻ ആഗ്രഹിച്ചുവോ, അത്രമേൽ നിന്നെ എന്റെ ചിറകിൻകീഴിലൊതുക്കുവാൻ ഞാൻ ആശിച്ചിരുന്നു’ എന്ന് ഒരു നഗരത്തെ നോക്കി നിലവിളിക്കുന്നൊരു മനുഷ്യനിലേക്ക് ഒരു ജംപ് കട്ടുമാവാം.
രാത്രി പള്ളിയിലെന്തോ പ്രാർത്ഥന കഴിഞ്ഞു മടങ്ങിവരികയാണ്. ഞങ്ങൾ ചെറിയ കുട്ടികളായിരുന്നു. കൂട്ടത്തിലൊരാൾ ടോർച്ച് ചുഴറ്റി കളിക്കുന്നുണ്ട്. അതിന്റെ വെട്ടം കലുങ്കിലിരുന്ന് മദ്യപിക്കുന്ന ആരുടെയോ മുഖത്തു വീണു. മുഖത്തു ടോർച്ചടിക്കുക ഐക്യരാഷ്ട്രസംഘടന ഇടപെട്ടാൽപ്പോലും സമരിയാവാത്ത ഭീകര പ്രശ്നമായിരുന്നു നാട്ടുമ്പുറങ്ങളിൽ. പ്രതീക്ഷിച്ചതുപോലെ ഒരാൾ അലറിവിളിച്ചു: “ആരെടാ?” പിന്നെ, പിള്ളേരാണെന്നു കണ്ട് ‘ആ.. പിള്ളേരല്ലേ!’ എന്നു പറഞ്ഞ് സ്വയം ഒത്തുതീർപ്പിലെത്തി. അതിനേക്കാൾ ഉയരത്തിലായിരുന്നു അമ്മയുടെ ശബ്ദം: “പിള്ളേരല്ലെങ്കിൽ ഇയാളെന്തു ചെയ്യും?” തള്ളക്കോഴി ചെറയുകയാണ്.
അമ്മയാണ് ശരിക്കുമുള്ള പോരാളി. വെള്ള പുതപ്പിച്ചല്ല, ചെമ്പട്ടു പുതപ്പിച്ചാണ് അവരെ മടക്കി അയക്കേണ്ടത്.
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment