പുലർവെട്ടം 338

{പുലർവെട്ടം 338}

ജനിച്ചുവളർന്ന സമൂഹത്തിൽ കുടുംബജീവിതം നയിക്കുന്ന വൈദികരുടെ പാരമ്പര്യം ഇല്ലായിരുന്നു. പ്രീഡിഗ്രിക്ക് വികാർ ഓഫ് വേക്‌ഫീൽഡ് എന്ന പുസ്തകം പഠിച്ചിട്ടുണ്ടെന്നല്ലാതെ ഗാർഹികാന്തസ് നയിക്കുന്ന ഒരു വൈദികനേക്കുറിച്ച് മറ്റു പരിചയങ്ങളില്ല. യൗവനത്തിലാണ് അത്തരം വൈദികരും അവരുടെ കുടുംബങ്ങളുമായി ചങ്ങാത്തത്തിലാവുന്നത്. അതു വളരെ ഹൃദ്യമായി രുന്നു. വൈദികരുടെ ഭവനങ്ങളുണ്ടാക്കിയ മതിപ്പ് ഓരോ നാൾ കഴിയുമ്പോൾ വർദ്ധിച്ചിട്ടേയുള്ളു. ഓരോ മൂന്നാംവർഷവും പറിച്ചുനടപ്പെടുന്ന മക്കൾ എന്ന നിലയിൽ അവരുടെ കുഞ്ഞുങ്ങൾ പ്രായത്തിൽ കവിഞ്ഞ പക്വതയും സാമൂഹ്യബോധവും പുലർത്തി. ചിലപ്പോഴൊക്കെ തങ്ങളുടെ അത്ര പകിട്ടില്ലാത്ത ജീവിതത്തേക്കുറിച്ച് അവരിൽ ചിലർ പരാതി പറയുമ്പോൾ ഒരു അച്ചന്റെ മകൻ / മകൾ ആയി വളരുന്നതിന്റെ ഭംഗി ഓർമിപ്പിച്ചിട്ടുണ്ട്, അവരുടെ മിഴികൾ തുളുമ്പി തിളങ്ങുന്നത് കണ്ടിട്ടുമുണ്ട്.

പൊതുവേ പള്ളിയോടു മതിപ്പില്ലാത്ത കസൻദ്‌സാക്കിസ് പോലും ഏതൊരു യാത്രയിലും ഒരാൾക്ക് സുരക്ഷിതമായ ഇടം വൈദികഭവനമാണെന്ന് Report to Greco-യിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു പാതിരാവിൽ അത്തരമൊരു ഭവനത്തിൽ ചെന്നുകയറിയ ഓർമ്മ ഇതിനോടൊപ്പമുണ്ട്. മണി കേട്ട് പുറത്തേക്കുവന്ന വൈദികൻ തെല്ലുനേരം കാത്തിരിക്കാൻ പറഞ്ഞ് അകത്തേക്കുപോയി. ആരൊക്കെയോ ചലിക്കുന്നതും എന്തൊക്കെയോ ഒരുക്കുന്നതും കസൻദ്‌സാക്കിസിനു പിടുത്തം കിട്ടി. അകത്തേക്ക് പിന്നീട് സ്വാഗതം ചെയ്യപ്പെട്ട അയാൾക്ക് ഗൃഹനാഥൻ അത്താഴം വിളമ്പി. വിശ്രമിക്കാൻ മുറി നൽകി. പുലരിയിൽ വിളിച്ചെഴുന്നേൽപ്പിക്കാമെന്ന് ഉറപ്പുകൊടുക്കുകയും പിറ്റേന്നു വെളുപ്പിനെ പ്രാതൽ പൊതിഞ്ഞുകെട്ടി യാത്രയാക്കുകയും ചെയ്തു. നഗരത്തിൽ വച്ചാണ് തലേന്നു തങ്ങിയ ഭവനത്തിലെ മകൻ മരിച്ചിട്ടുണ്ടായിരുന്നു എന്നും അവനുവേണ്ടി കരഞ്ഞുകൊണ്ടിരിക്കുന്ന ഉറ്റവരെയാണ് അവനോടൊപ്പം അയാൾ അതിഥിയിൽ നിന്ന് മറച്ചുപിടിക്കാൻ ശ്രദ്ധിച്ചതെന്നും അയാൾക്കു പിടികിട്ടിയത്. പരാർത്ഥതയുടെയും ആതിഥ്യത്തിന്റെയും ചങ്കു തൊടുന്ന അനുഭവങ്ങൾ കൊണ്ട് സജീവമായിരിക്കണം ഇപ്പോഴും ഈ വൈദികഭവനങ്ങൾ.

ഒരു അച്ചന്റെ മകളെ ഓർമിപ്പിക്കാനായിരുന്നു ഈ ആമുഖം. സാമുവൽ റിച്ച്മണ്ട് നോബിൾ എന്ന വൈദികന്റെ ആറു പെൺകുട്ടികളിൽ ആദ്യത്തേതായിരുന്നു അവൾ, മാർഗരറ്റ് എലിസബത്ത് നോബിൾ. പത്തു വർഷക്കാലമേ അച്ഛൻ അവളൊടൊപ്പം ഉണ്ടായിരുന്നുള്ളു. മനുഷ്യരാശിയോടുള്ള ഇഷ്ടമാണ് യഥാർത്ഥ ആരാധനയെന്നാണ് അച്ഛൻ മക്കളോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. വിളുമ്പിലെ അയാളുടെ സുവിശേഷകർമ്മങ്ങളിൽ ആ ചെറിയ പെൺകുട്ടിയെ അയാൾ പങ്കാളിയാക്കിയിരുന്നു. അഗാധമായ മനുഷ്യപ്പറ്റും സത്യാന്വേഷണബോധവുമാണ് അവളിൽ അയാൾ സൃഷ്ടിച്ചെടുത്തത്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്ന ആ സ്ത്രീ സഞ്ചാരം അവസാനിപ്പിക്കുന്നത് വിവേകാനന്ദനിലാണ്. അദ്ദേഹം അവർക്ക് നിവേദിത എന്ന് പേരു നൽകി. ഈശ്വരന് / മാനവരാശിക്ക് വേണ്ടി അർപ്പിക്കപ്പെട്ടവൾ എന്ന അർത്ഥത്തിലായിരുന്നു ആ പേരുമാറ്റം. ഇന്ത്യയിലെ സ്ത്രീകളുടെ ദുരിതപാഠങ്ങളിൽ പങ്കു ചേരാനാവുമോ എന്ന ക്ഷണത്തിന് ഉത്തരമായിട്ടാണ് അവൾ ബേലൂർ മഠത്തിലേക്ക് വരുന്നത്. കൊൽക്കത്തയിൽ 1900-ത്തിൽ പ്ലേഗ് പടർന്നുപിടിച്ച സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ നിവേദിതയെ ഭാരതമക്കളുടെ അമ്മയും കൂടപ്പിറപ്പും കൂട്ടുകാരിയുമായിട്ടാണ് സ്വാമി വിശേഷിപ്പിച്ചത്. കിഴക്കേ ബംഗാളിൽ പ്രളയകാലത്തും അവർ സജീവമായിരുന്നു. നാല്പത്താറാം വയസിൽ മലമ്പനി പിടിച്ച് മരിച്ചു. മറ്റൊരു ദേശത്ത് ജീവിതം നിവേദിച്ച മനുഷ്യരുടെ മുമ്പും പിമ്പുമുള്ള പരമ്പരയിൽ ഏറ്റവും നല്ല പേരുകളിൽ ഒന്നായി സിസ്റ്റർ നിവേദിത ഓർമിക്കപ്പെടുന്നു.

വിവേകാനന്ദന്റെ മരണത്തേക്കുറിച്ച്, The Master as I Saw Him എന്ന അവരുടെ പുസ്തകത്തിൽനിന്ന് ഒരു ചെറിയ കുറിപ്പ് വായിച്ച് ഈ പുലരിവിചാരം അവസാനിപ്പിക്കാം.

ജൂലൈ 2, 1902

ബേലൂർ മഠം

ഏകാദശിവ്രതത്തിലായിരുന്നു സ്വാമിജി. ശിഷ്യർക്ക് ഭക്ഷണം വിളമ്പാൻ അതദ്ദേഹത്തിനു തടസമായിരുന്നില്ല. ഭക്ഷണത്തിനുശേഷം എന്റെ കരങ്ങളിലേക്ക് വെള്ളമൊഴിച്ചുതന്നു, കൈ തുടച്ച് വൃത്തിയാക്കി. “ഇത് ഞാൻ അങ്ങേക്കു ചെയ്തുതരേണ്ടതാണ് സ്വാമിജി”, സ്വാഭാവികമായും ഞാനെതിർത്തു.

എന്നാൽ, അദ്ദേഹത്തിന്റെ ഉത്തരം അസാധാരണ ഗാംഭീര്യത്തിലായിരുന്നു. “ജീസസ് ശിഷ്യരുടെ പാദങ്ങൾ കഴുകിയിട്ടുണ്ട്.”

അത് അവസാനനേരത്തായിരുന്നു എന്ന് പറയാൻ ആഗ്രഹിച്ചുവെങ്കിലും വാക്കുകൾ ഉള്ളിൽ കുരുങ്ങി. ഒരർത്ഥത്തിൽ അതായിരുന്നു അതിന്റെ ശരി. ഇവിടെയും അന്ത്യനേരമായിരുന്നല്ലോ.

രണ്ടു ദിവസങ്ങൾക്കു ശേഷം, നാലാം തിയതി 9. 10-ന് വിവേകാനന്ദൻ കടന്നുപോയി.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment