{പുലർവെട്ടം 340}
ഫെല്ലിനിയുടെ ‘ലാ സ്ട്രാഡ’ ഒരിക്കൽക്കൂടി കണ്ടു. ഒരു സർക്കസ് കൂടാരത്തിന്റെ നിഴലിലാണത്. കഠിനഹൃദയനായ ഉടമ, എല്ലാത്തരത്തിലും അയാളുടെ അടിമയായ ഒരു പെൺകുട്ടി, ഹൃദയം കൊണ്ട് ജീവിക്കുന്ന ഒരു കോമാളി എന്നിവരിലൂടെ സങ്കീർണമായ ചില മാനസികബന്ധങ്ങളുടെ കഥയാണ് അയാൾ പറഞ്ഞുതീർക്കുന്നത്. കൂട്ടത്തിൽ ഏറ്റവും തീക്ഷ്ണമായ ആന്തരികലോകം അയാൾക്കാണ്, ആ കോമാളിക്ക്. അയാളാണ് അവളുടെ രക്ഷകനാകുന്നത്. എല്ലാ രക്ഷകന്മാരെപ്പോലെയും അയാളും കൊല്ലപ്പെടുന്നു. വിചിത്രവേഷങ്ങളും ചടുലചലനങ്ങളുമായി അരങ്ങിലെത്തുന്ന ഇവർ യഥാർത്ഥത്തിൽ ആരെയാണ് കളിപ്പിക്കുന്നത്. മറ്റുള്ളവർ ‘മണ്ടൻ’ എന്നു വിശേഷിപ്പിക്കുന്ന ഒരു ജ്യേഷ്ഠസഹോദരൻ ഞങ്ങൾക്കുണ്ട്. തെല്ലു പ്രായോഗികമനുഷ്യനാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ അയാൾ ഒരു പുഞ്ചിരിയോടെ അവഗണിച്ചു. ലളിതമായൊരു യുക്തിയാണ് പറയുന്നത്; മറ്റുള്ളവരെ വിഡ്ഢികളാക്കുന്നതിനേക്കാൾ എത്ര മടങ്ങു നല്ലതാണ് സ്വയം മണ്ടനായി ഈ ഓരം പറ്റി നടന്നുപോകുന്നത്.
സ്നേഹത്തിന്റെ അന്ധതകളിലും വിശ്വാസത്തിന്റെ ചെങ്കുത്തായ അപകടയാത്രകളിലുമൊക്കെ ഒരു കോമാളി പതിയിരിപ്പുണ്ട്. ഒരു കഠിനപ്രണയിയെ നോക്കൂ, ലോകം ഒരാളിലേക്ക് ഇങ്ങനെ ചുരുങ്ങിച്ചുരുങ്ങി നിലച്ചുപോയപ്പോൾ അവരുടെ കാലം അവരെ പോഴരായി എണ്ണി. ചെറുപ്പത്തിൽ കണ്ട ‘മൂന്നാംപിറ’യുടെ അവസാനദൃശ്യം മധ്യവയസിലും മനസിൽ നിന്നു മാഞ്ഞിട്ടില്ല. ‘വിജീ, വിജീ’ എന്നു നിലവിളിച്ച് അകന്നുപോകുന്ന പ്രണയിനിയുടെ ഓർമയെ വീണ്ടെടുക്കുവാൻ കുരങ്ങിനെക്കണക്ക് കരണം മറിഞ്ഞും വികൃതി കാട്ടിയും ചോര പൊടിയുന്ന അതിലെ നായകൻ. ഒരു കോമാളിക്ക് ഒരേ നേരത്ത് എത്ര ചങ്കുലയ്ക്കാനുമാകുമെന്ന് ചെറുതിലേ പഠിപ്പിച്ചത് ബാലു മഹേന്ദ്രയുടെ ആ ചിത്രമായിരുന്നു. അയാളുടെ ജീവിതത്തിന്റെ അംശമായിരുന്ന ഒരു പെൺകുട്ടിയുടെ മരണത്തിനുശേഷം വന്നതുകൊണ്ട് ആ ചിത്രത്തിൽ സംവിധായകന്റെ പോർട്രെയ്‌റ്റ് ഒളിപ്പിച്ചിട്ടുണ്ടെന്ന് മുതിർന്ന ആരോ പറഞ്ഞുതന്നതും മറന്നിട്ടില്ല.
വിശുദ്ധരായ പോഴന്മാരേക്കുറിച്ചാണ് നമ്മുടെ മതപാഠങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രായോഗികജ്ഞാനം കൊണ്ടു മാത്രം രൂപപ്പെട്ട അപരങ്ങളിൽ പറഞ്ഞുപതിഞ്ഞ ആശയാവലികളിൽനിന്നെല്ലാം പുറന്തള്ളപ്പെട്ട അത്തരം വിഡ്ഢികളാണ് ഭൂമിയെ നവീകരിക്കാൻ നിയോഗിക്കപ്പെട്ടവർ. മാർക്ക് കാസലെറ്റിന്റെ യേശുവിനേക്കുറിച്ചുള്ള വിഖ്യാതമായ ഒരു പെയിന്റിങ്ങിന്റെ പേരതാണ്- Fool of God. റഷ്യയിൽ ആ പേരിൽ താപസരുടെ ഒരു സമൂഹമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്ന ഒരു ചക്രവർത്തിയുടെ മുൻപിൽ ഒരു നോമ്പുകാലത്ത് ചോരയിറ്റുവീഴുന്ന പച്ചയിറച്ചി കടിച്ച് അതിലൊരാൾ എത്തി. അതിലെല്ലാമുണ്ടായിരുന്നു. അപകടം പിടിച്ച പോഴന്മാർ.
One Minute Nonsense എന്നത് ടോണി ഡിമെല്ലോയുടെ അവസാനത്തെ പുസ്തകമാണ്. ടോണിയുടെ മരണത്തിനുശേഷമാണ് അതു പ്രസിലേക്കെത്തുന്നത്. നമ്മുടെ കാലത്തെ ഏറ്റവും വലിയ ജ്ഞാനോപാസകരിൽ ഒരുവനായിരുന്നു ടോണി. എന്നിട്ടും ഒടുവിലത്തെ പുസ്തകത്തിന് ഇങ്ങനെയൊരു ശീർഷകം- Nonsense. ഒന്നോർത്താൽ ജീവിതം തന്നെ ഒരു പോഴത്തരമാണ്. ഗൗരവത്തിൽ ഏർപ്പെട്ടിരുന്ന പല കാര്യങ്ങളും തിരിഞ്ഞുനോക്കുമ്പോൾ എന്തൊരു അസംബന്ധമായിരുന്നു.
സദാ കോമാളിത്തരം കാട്ടിയിരുന്ന ഒരു സന്യാസി മരിക്കുന്നതിനു മുൻപായി, തന്നെ കുളിപ്പിക്കുകയോ പുതുവസ്ത്രങ്ങൾ ഉടുപ്പിക്കുകയോ ചെയ്യരുതെന്ന് എഴുതിവച്ചു. അയാളുടെ അവസാനത്തെ കിറുക്ക് എന്നേ അവർ കരുതിയുള്ളു. എന്നാൽ അതായിരുന്നില്ല അവസാനത്തെ കളി. ചിതയിൽ തീയാളിത്തുടങ്ങിയപ്പോൾ ഒരു മിനി തൃശൂർ പൂരം സംഭവിച്ചു. ഉടുപ്പിനുതാഴെ പടക്കങ്ങൾ ഒളിപ്പിച്ചുവച്ചിട്ടാണ് ചങ്ങാതി മരണം കാത്തുകിടന്നിരുന്നത്!
പോഴന്മാരും പോഴത്തരങ്ങളും ഇനിയുമുണ്ടാവട്ടെ.
-ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment