പുലർവെട്ടം 341

{പുലർവെട്ടം 341}

ഇവിടെ പണ്ടൊരു കാളച്ചന്തയുണ്ടായിരുന്നു. കണിച്ചുകുളം എന്നാണ് ഈയിടത്തിന്റെ പേര്. കാളയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന തിരക്കിനിടയില്‍ വെള്ളവസ്ത്രം ധരിച്ചൊരാള്‍ ചങ്ങാതിമാരോടൊത്തുവന്നു. അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു; “ഞങ്ങള്‍ക്കൊരു കാളയെ വില്‍ക്കാനുണ്ട്.” അസാധാരണമായ വായ്ത്താരിയില്‍ പെട്ടെന്ന് അങ്ങാടി നിശ്ശബ്ദമായി. അപ്പോളയാള്‍ സംസാരിച്ചുതുടങ്ങി: “അതെ, ഞാനൊരു കാളയെ വില്‍ക്കാന്‍ കൊണ്ടുവന്നിട്ടുണ്ട്. വളരെ ശക്തിയുള്ളതും വലിയ രണ്ടു കൊമ്പുള്ളതുമാണ്. കാളയെ നാലു കയറുകളിട്ട് കെട്ടിയിരിക്കുന്നു. ഞാന്‍ പറഞ്ഞ കാള ക്രിസ്തുവാണ്…” പൊയ്കയില്‍ അപ്പച്ചനായിരുന്നു അത്; പിന്നീട് ബൈബിള്‍ കത്തിച്ചുവെന്ന അപഖ്യാതി നേരിടേണ്ടി വന്നയാൾ. അതിനെ അഗ്‌നിക്കിട്ടു കൊടുക്കുക വഴി അയാള്‍ പുസ്തകത്തില്‍ നിന്ന് യേശുവിനെ മോചിപ്പിക്കുകയായിരുന്നോ?

നാലു സുവിശേഷങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള നാലു പ്രതീകങ്ങൾ കൗതുകമുണർത്തുന്നതാണ് – മനുഷ്യൻ, സിംഹം, കാള, കഴുകൻ. ഓരോരോ ഗണത്തിലെ ഏറ്റവും ഉന്നതശ്രേണിയിലുള്ളതിനെ സൂചിപ്പിക്കാനാണ്. അവയെ ഒരുമിച്ച് അടയാളപ്പെടുത്തുമ്പോൾ അതിനെ Tetramorph എന്നാണു വിളിക്കുന്നത്. സൃഷ്ടിയുടെ മകുടമെന്ന നിലയിൽ മനുഷ്യൻ, വന്യജീവികളുടെ രാജാവെന്ന നിലയിൽ സിംഹം, മെരുക്കിയ ജീവികളെ പ്രതിനിധാനം ചെയ്യാൻ കാള, ആകാശത്തിലെ പക്ഷികളുടെ രാജനെന്ന നിലയിൽ കഴുകൻ- അങ്ങനെയാണ് ഈ പ്രതീകങ്ങളെ നാം മനസ്സിലാക്കുന്നത്. ഓരോ സുവിശേഷത്തിന്റേയും ഊന്നലുമായി – thrust – ബന്ധപ്പെട്ട് അതു വായിച്ചെടുക്കുന്നുണ്ട്: മനുഷ്യനെന്ന നിലയിൽ യേശുവിനെ പരിചയപ്പെടുത്തുന്ന മാത്യു, സിംഹത്തേപ്പോലെ അവൻ പുലർത്തിയ ആത്മവിശ്വാസത്തെ ദ്യോതിപ്പിക്കുന്ന മാർക്ക്, ഒരു ബലിമൃഗമെന്ന നിലയിൽ അവനെ അവതരിപ്പിക്കുന്ന ലൂക്ക്, കഴുകനെപ്പോലെ അനന്തതയുമായി ബന്ധപ്പെട്ട അവിടുത്തെ ആത്മാംശത്തേക്കുറിച്ച് പറയുന്ന ജോൺ.

സിംഹം അവന്റെ ഉയർപ്പിനേയും സൂചിപ്പിക്കുന്നുണ്ട്. ഇമ തുറന്ന് ഉറങ്ങുന്ന ജീവിയായി അതിനെ സങ്കല്പിച്ചതുകൊണ്ടായിരിക്കണം. സൂര്യനെ നോക്കിയാൽ കണ്ണു പൊട്ടാത്ത ജീവിയെന്ന നിലയിലാണ് കഴുകനെ പ്രാചീനലോകം വാഴ്ത്തിയിരുന്നത്. കഥകളോ ഉപമകളോ ഇല്ലാതെ ദൈവികനിഗൂഢതകളിലേക്ക് മിഴി തുറന്നിരിക്കുവാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ അതു ജോണിന് നിരക്കുന്ന പ്രതീകം തന്നെ. കുറേക്കൂടി മനുഷ്യനാകാനും ആത്മവിശ്വാസം പുലർത്താനും ആത്മബലിയർപ്പിക്കാനും അഗാധമായ കാഴ്ചകളുടെ സാക്ഷികളാകാനും വേണ്ടി വായനക്കാരനുള്ള ക്ഷണമായി അതിനെ വായിച്ചെടുക്കാത്തിടത്തോളം കാലം ഒരു പ്രതീകവും ആരെയും സഹായിക്കുന്നില്ല.

ചുരുക്കത്തിൽ അക്ഷരങ്ങളുടെ കുറ്റിയിൽ തളയ്ക്കപ്പെട്ട ജീവചൈതന്യത്തിന് മോചനം കൊടുക്കുക എന്നതാണ് ആ കാളച്ചന്തയിൽ നിന്നു മുഴങ്ങിയ സന്ദേശത്തിന്റെ പൊരുൾ. വലിയ സ്വാതന്ത്ര്യവും സമതയുമുള്ള ഒരു സങ്കല്പം അതിനുള്ളിൽ മയങ്ങിക്കിടപ്പുണ്ട്. അതങ്ങനെയല്ല എന്ന തോന്നലിലാണ് പൊയ്‌കയിൽ അപ്പച്ചൻ ഉലഞ്ഞുപോയത്. ഈ പുതിയ ക്രമം തന്റെ അടിമഭാവങ്ങൾക്ക് മുക്തി നൽകുന്നതായി അയാൾക്ക് ബോധ്യപ്പെട്ടതേയില്ല. മനുഷ്യർക്കിടയിൽ വർഗമോ വർണമോ സ്ത്രീപുരുഷഭേദമോ ഇല്ലെന്ന് പൊതുനിരത്തിൽ നിന്ന് കറുത്ത ചട്ടയിട്ട പുസ്തകമുയർത്തി ഉറക്കെ പ്രഘോഷിക്കുമ്പോഴും അത് അങ്ങനെയല്ലെന്ന് ആയിരം ശബ്ദങ്ങൾ അദ്ദേഹത്തോട് പറഞ്ഞുകൊണ്ടേയിരുന്നു. മനസ്സു കൊണ്ട് പുൽകിയ ആ മാർഗത്തെ ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പോകാതെ അദ്ദേഹത്തിനു തരമില്ലായിരുന്നു.

ഇപ്പോഴും ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തിയ സെന്റ് തോമസിന്റെ കഥ പറഞ്ഞ് ചുമ്മാ മുറുക്കിക്കൊണ്ടിരിക്കുന്നവർക്ക് അയാളെയോ, കുറേക്കാലമെങ്കിലും അയാൾ വിളിച്ചു പറയാൻ ശ്രമിച്ച യേശുവിനേയോ തീരെ പിടുത്തം കിട്ടിയിട്ടില്ല; കിട്ടുകയുമില്ല.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment