Rev. Fr Geevarghese Kilannamannil (1861-1935)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Geevarghese Kilannamannil (1861-1935)

കാരയ്ക്കാട് മലങ്കര കത്തോലിക്ക പള്ളിയുടെ സ്ഥാപകൻ

ഫാ. ഗീവർഗ്ഗീസ് കിളന്നമണ്ണിൽ

“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും”. യോഹന്നാന്‍ 8 : 32

സത്യമറിഞ്ഞ് സ്വതന്ത്രനായ കിളന്നമണ്ണിൽ അച്ചൻ.

കൂനൻകുരിശ് സത്യത്തെ തുടർന്ന് വിഭജനത്തിന്റെ മുറിവുകളാരംഭിച്ച മാല്യങ്കരയിലെ ക്രിസ്ത്യാനികൾ പലവുരു ഒന്നിക്കാനായി പരിശ്രമിച്ചെങ്കിലും ദൈവനിയോഗം ലഭിച്ചത് ബഥനിയുടെ മെത്രാപ്പൊലീത്ത മാർ ഈവാനിയോസ് പിതാവിനായിരുന്നു. അങ്ങനെ 1930 സെപ്റ്റംബർ 20ന് പുത്തൻകൂർ വിഭാഗത്തിൽ നിന്നും ഒരു ചെറുഗണം ആഗോള കത്തോലിക്കാ സംസർഗ്ഗത്തിലേക്ക് കടന്നുവന്നു. എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും നേരിട്ട ആ കൂട്ടായ്മയിലേക്ക് 1930ൽ (കൊല്ലവർഷം 1105) തന്നെ സധൈര്യം കടന്നുവന്ന ധീരമായ വ്യക്തിത്വത്തിനുടമയാണ് ഗീവർഗീസ് അച്ചൻ, പന്തളം പ്രദേശത്തെ ആദ്യ പുനരൈക്യം.

പന്തളമടുത്ത് മാന്തുക പ്രദേശത്തെ ആദ്യത്തെ ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നാണ് വന്മഴി പഴയിടത്ത് കുടുംബം. വന്മഴി പഴയിടത്ത് കുടുംബത്തിൽ തൊമ്മച്ചന്റെയും ഭാര്യ അന്നമ്മയുടെയും ഒൻപതു ആൺമക്കളിൽ രണ്ടാമനായി 1861ൽ ഗീവർഗീസ് ജനിച്ചു. പിതാവിന്റെ ജേഷ്ഠനും സുറിയാനി പണ്ഡിതനും നോമ്പ്, ഉപവാസം, പ്രാർത്ഥന തുടങ്ങി ആദ്ധ്യാത്മിക കാര്യങ്ങളിൽ വളരെ തീക്ഷ്ണതയുള്ള സന്ന്യാസ പട്ടക്കാരനുമായിരുന്ന മത്തായി കശീശയുടെ പ്രവർത്തനങ്ങളിൽ പ്രചോദിതനായി ഗീവർഗ്ഗീസ് വൈദീകവൃത്തിയിലേക്ക് ആകർഷിക്കപ്പെട്ടു. മത്തായി കശീശയുടെ നേതൃത്വത്തിൽ 1863 ജൂലൈ 12ന് മാന്തുകയിൽ മാർത്തോമാശ്ലീഹായുടെ നാമധേയത്തിൽ ആദ്യ പള്ളി സ്ഥാപിക്കപ്പെട്ടു. ഇതാണ് ഇന്നത്തെ മാന്തുക യാക്കോബായ വലിയപള്ളി.

ഗീവർഗ്ഗീസ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പിതൃസഹോദര പാത പിന്തുടർന്ന് വൈദീകനാകണമെന്ന ആഗ്രഹത്താൽ അന്നത്തെ രീതിയനുസരിച്ച് മല്പാനോടൊത്ത് താമസിച്ച് വൈദീക പരിശീലനം നടത്തുകയും തുടർന്ന് യാക്കോബായ സഭയിൽ വൈദീകനാകുകയും ചെയ്തു. മാന്തുക, ഉള്ളന്നൂർ, കലയപുരം, ഏനാത്ത് തുടങ്ങി വിവിധ പള്ളികളിൽ വികാരിയായി ശുശ്രൂഷ ചെയ്തു.

കക്ഷി വഴക്കുകളെ തുടർന്ന് മലങ്കരസഭ രണ്ട് ഭാഗമായി വേർതിരിഞ്ഞു നിന്നപ്പോൾ അച്ചൻ മെത്രാൻകക്ഷി വിഭാഗത്ത്‌ നിൽക്കുകയും അവരുടെ വികാരിയായി തീരുകയും ചെയ്തു. സഭയുടെ വിഭജനത്തോടുകുടി മാന്തുക പള്ളിയിലും രണ്ട് വിഭാഗങ്ങൾ തമ്മിൽ എന്നും കേസും വഴക്കും നടന്നുകൊണ്ടിരുന്നു. പള്ളിയിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും പോലും അനുഷ്ഠിച്ചിരുന്നത് ഇരുഭാഗങ്ങളും തവണ വ്യവസ്ഥയിലായിരുന്നു. സഭയിലുണ്ടായ ഭിന്നിപ്പ് വ്യവഹാരങ്ങളിലേക്കും മൽപ്പിടുത്തങ്ങളിലേക്കും നീങ്ങിയതോടെ മലങ്കര സഭയിൽ സമാധാനം നഷ്ടപ്പെട്ടു. സമാധാനകാംഷിയും സത്യാന്വേഷിയുമായ ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനി കത്തോലിക്ക സഭയുമായി 1930 സെപ്റ്റംബർ 20ന് പുനരൈക്യപ്പെട്ടു. ആദ്യ നാളുകളിൽ തന്നെ അതിന്റെ അലയടികൾ മാന്തുകയിലുമെത്തി. പുനരൈക്യത്തിന്റെ ആദ്യനാളുകളിൽ അതേവർഷം തന്നെ ഗീവർഗ്ഗീസ് കിളന്നമണ്ണിൽ അച്ചനും കുടുംബവും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. കുരുമ്പിലേത്ത് കുഞ്ഞുമ്മൻ യോഹന്നാന്റെ കുടുംബവും മുതലാംകടവിൽ ഗീവർഗീസും കുടുംബവും അച്ചനോടൊപ്പം പുനരൈക്യപ്പെട്ടു.

സഭയുടേതായ യാതൊരു ഭൗതിക സാഹചര്യങ്ങളോ, ആസ്തികളോ ഇല്ലാതിരുന്നതിനാൽ മാന്തുക ജംഗ്ഷന് തെക്കുഭാഗത്തുള്ള മുതലാംകടവിൽ കുടുംബത്തിന്റെ വക പുരയിടത്തിലായിരുന്നു പള്ളി സ്ഥാപിച്ചത്. പുരയിടത്തിന്റെ ഒരു കോണിൽ ഓല മേഞ്ഞ ഷെഡ്ഡ് ഉണ്ടാക്കി അവിടെ വെച്ചായിരുന്നു കുർബാന അർപ്പിച്ചിരുന്നത്. അങ്ങനെ കാരയ്ക്കാട് ദേവാലയം മാന്തുകയിലേയും പരിസര പ്രദേശങ്ങളിലെയും ആദ്യത്തെ മലങ്കര കത്തോലിക്ക ഇടവകയായി തീർന്നു. ഈ കൂട്ടായ്മയ്ക്ക്‌ തുടക്കമിട്ട ഗീവർഗ്ഗീസ് കിളന്നമണ്ണിൽ അച്ചൻ ഇടവക സ്ഥാപകനായി അറിയപ്പെടുകയും കുറച്ചുനാൾ ഇടവകയിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1931 ജൂൺ മാസത്തോടെ ബഹുമാനപ്പെട്ട ചാണ്ടപിള്ള പമ്പൂരേത്ത് അച്ചനോടൊപ്പം നിരവധി കുടുംബങ്ങളും മലങ്കര സഭയിലേക്ക് പുനരൈക്യപ്പെട്ടു. അങ്ങനെ മാന്തുക സെൻറ് തോമസ് പള്ളിയിൽ മെത്രാൻ കക്ഷി വിഭാഗത്തിലായിരുന്ന കിളന്നമണ്ണിൽ അച്ചനും ബാവാ കക്ഷിക്ക് നേതൃത്വം നൽകിയ പമ്പൂരേത്ത് അച്ചനും മലങ്കര സഭയുടെ കൂട്ടായ്മയിലേക്ക് കടന്നുവന്നു.

1932 ജൂൺ 11ന് പതിനൊന്നാം പീയൂസ് മാർപ്പാപ്പ മലങ്കര കത്തോലിക്ക ഹയരാർക്കി അംഗീകരിച്ച് സ്ഥാപിച്ചു. ഹയരാർക്കി നിലവിൽ വന്നതോടെ മലങ്കര കത്തോലിക്ക സഭയുടെ ഒരു ഇടവക ദേവാലയം എന്ന സ്ഥാനം കാരയ്ക്കാട് പള്ളിക്ക് ലഭിച്ചു. ഇതിനിടയിൽ ശാരീരിക അസ്വസ്ഥതകൾ മൂലം ഗീവർഗ്ഗീസ് കിളന്നമണ്ണിൽ അച്ചൻ രോഗശയ്യയിലാവുകയും ബഹുമാനപ്പെട്ട ചാണ്ടപിള്ള പമ്പൂരേത്ത് അച്ചൻ കാരക്കാട് ഇടവകയുടെ പ്രഥമ വികാരിയായി നിയമിക്കപ്പെടുകയും ചെയ്തു.

കിളന്നമണ്ണിൽ അച്ചൻ വിവാഹം കഴിച്ചത് മാവേലിക്കര മേടയിൽ കുടുംബാംഗമായ അക്കമ്മയെ ആണ്. അച്ചന് ജേക്കബ്, ഇട്ടിച്ചാണ്ടി എന്നീ രണ്ട് ആൺമക്കളും ശോശാമ്മ എന്നൊരു മകളും ഉണ്ടായിരുന്നു. മൂത്തമകനായ ഫാ.ജേക്കബ് കിളന്നമണ്ണിൽ പിതാവിനോടൊപ്പം മലങ്കര കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ട് പന്തളം പ്രദേശങ്ങളിൽ നിരവധിയായ ശുശ്രൂഷകളിലേർപ്പെട്ടു. 1935 മെയ്‌ 24ന് തന്റെ എഴുപത്തിമൂന്നാം വയസ്സിൽ ഗീവർഗ്ഗീസ് കിളന്നമണ്ണിൽ അച്ചൻ നിര്യാതനായി. പള്ളിയുടെ മദ്ബഹായോട് ചേർന്ന് അച്ചനെ സംസ്കരിച്ചു.
പന്തളം പ്രദേശത്ത് അച്ചനാരംഭിച്ച പുനരൈക്യപ്രസ്ഥാനം ഇന്ന് നിരവധി പള്ളികളും അനവധി വിശ്വാസികളുമുള്ള സഭാസമൂഹമായി വളർന്നുകൊണ്ടിരിക്കുന്നു.

കടപ്പാട് : മീതു എൽസ മാത്യു (കുടുംബാംഗം)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “Rev. Fr Geevarghese Kilannamannil (1861-1935)”

  1. ബഹുമാനപ്പെട്ട ഗീവർഗീസ് അച്ചൻ കോറൂയോ പട്ടമേറ്റത് 02-06-1913 ൽ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയിൽ നിന്നാണെന്ന് കോട്ടയം പഴയസെമിനാരിയിൽ രേഖപ്പെടുത്തിയിരിക്കുന്നു

    Liked by 1 person

    1. Thanks for the Information. God Bless you Moses.

      Liked by 1 person

Leave a comment