{പുലർവെട്ടം 343}
“ഇന്നത്തെ എന്റെ സന്ദേശം എന്തിനെക്കുറിച്ചായിരിക്കണെമെന്ന് എനിക്കിനിയും തീർച്ചയില്ല. യേശുവിന്റെ ദിവ്യമായ ഉയർപ്പിനെക്കുറിച്ച് ഞാൻ സംസാരിക്കണമോ? അറിയില്ല. അവന്റെ ദിവ്യത്വത്തെക്കുറിച്ച് പറയാനല്ല ഞാനിന്ന് ആഗ്രഹിക്കുന്നത്. മറിച്ച് അവന്റെ മനുഷ്യത്വത്തെക്കുറിച്ചാണ്. അവനെങ്ങനെ ഭൂമിയിൽ ജീവിച്ചു എന്നതിനെക്കുറിച്ച്, അവന്റെ കരുണയെക്കുറിച്ച്, അവന്റെ സഹിഷ്ണുതയെക്കുറിച്ച് നോക്കൂ, അതിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. നാം എന്തൊക്കെ വേണ്ടെന്ന് വെച്ചോ എന്തിനൊക്കെ തടയിട്ടോ ആരെയൊക്കെ അകറ്റിനിറുത്തിയോ എന്നതിന്റെ മേൽ നമ്മുടെ നന്മയെ അളക്കാനാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നാം എന്തിനെയെല്ലാം ആശ്ലേഷിക്കുന്നു, എന്തിനെയെല്ലാം മെച്ചപ്പെടുത്തുന്നു. ആരെയെല്ലാം പ്രവേശിപ്പിക്കുന്നു. എന്നത് വച്ചാണ് നമ്മുടെ നന്മ ഗണിച്ചെടുക്കേണ്ടതെന്ന് ഞാൻ കരുതുന്നു…”
ചോക്ലേറ്റ് എന്ന ഭംഗിയുള്ള ചിത്രത്തിന്റെ ഒടുവിലാണ് ഇത്. ആരുടെയൊക്കെയോ പപ്പറ്റ് കണക്ക് ഉടനീളം ചിത്രത്തിൽ അനുഭവപ്പെട്ട ഒരു കുട്ടിയുടെ മുഖഭാവമുള്ള വൈദികൻ ഹൃദയത്തിൽ നിന്ന് സംസാരിച്ചു തുടങ്ങുകയാണ്. ദേവാലയത്തിലുള്ള ഓരോരുത്തരുടെയും മിഴികൾ തിള ങ്ങുകയും നിറയുകയും ചെയ്യുന്നുണ്ട് അയാളെ കേട്ടു കൊണ്ടിരിക്കുമ്പോൾ. ഇടവകക്കാരിലൊരാൾ ആത്മഗതം പോലെ പറയുന്നത് നമുക്ക് കേൾക്കാനാവും. തീർച്ചയായും അത് അദ്ദേഹത്തിന്റെ പാടവമുള്ള പ്രസംഗമൊന്നുമായിരുന്നില്ല. എന്നാലത് ഞങ്ങളിൽ പുതിയൊരു ഉണർവ് സൃഷ്ടിച്ചു. പ്രകാശത്തിന്റെ ഒരു കീറ്, ആത്മാവിൽ ഒരു മിന്നലൊളി. കെട്ടിമുറുക്കി വച്ചിരുന്ന എല്ലാ ഗൗരവഭാവങ്ങളെയും അയവിലാക്കിക്കൊണ്ട് പുതിയൊരു മുക്തി.
പൊതുവേ Sermon എന്ന പദം പെജൊറിറ്റിവ് – pejorative – അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. കാതലില്ലാത്തതും വിരസവും കേൾവിക്കാരിൽ അനുഭാവം സൃഷ്ടിക്കാത്തതുമായ ദീർഘഭാഷണങ്ങളെ വിശേഷിപ്പിക്കാനാണ് ഇംഗ്ലിഷ് ഭാഷയിൽ ആ പദമിന്ന് ഉപയോഗിക്കപ്പെടുന്നത്. കവിത പോലെ ചാരുതയുള്ള, ഉള്ളിൽ കനലെരിയിക്കുന്ന ഹൃദയവിശാലതയുടെ സ്നേഹഭാഷണങ്ങളുടെ വേദിയാവേണ്ടതായിരുന്നു പുൾപിറ്റുകൾ. ലോകത്തൊരിടത്തും ചോദ്യങ്ങൾ ചോദിക്കാതെ, തർക്കിക്കാതെ, ആരും ഒരാളെ ഇങ്ങനെ കേൾക്കുന്നുണ്ടാവില്ല. എന്നിട്ടും അതിനെ വിമർശനങ്ങളുടേയും താരതമ്യങ്ങളുടേയും നാൾവഴിക്കണക്കിന്റേയും വേദിയാക്കിയെന്നുള്ളതാണ് ഏതൊരു പുരോഹിതനും സായന്തനങ്ങളിൽ ഉണ്ടാകാവുന്ന ഒരു ആത്മവിമർശനം. സ്നേഹത്തിന്റെ സ്ഫുലിംഗങ്ങളില്ലാത്ത ഒരു ഭാഷണവും ഏറെനേരം കേൾക്കുക അസാധ്യമാണ്. ആ മടുപ്പിനെയും നിശിതമായിത്തന്നെ നേരിട്ടു. എട്ടു മിനിറ്റിനപ്പുറത്തേക്ക് ഞായറാഴ്ചപ്രസംഗങ്ങൾ നീട്ടിക്കൂടാ എന്ന് വത്തിക്കാന്റെ നിർദേശമുണ്ട്. അതങ്ങനെയല്ലെങ്കിൽ, ഒരു പൗലോസിന്റെ പ്രഭാഷണത്തിൽപ്പോലും എന്തു സംഭവിച്ചുവെന്ന് നടപടിപ്പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കേണ്ട ബാധ്യത ഉണ്ടായിരുന്നു; ചെയ്തില്ല. “പൗലോസിന്റെ പ്രസംഗം അർധരാത്രി വരെ നീണ്ടു. ഞങ്ങൾ സമ്മേളിച്ചിരുന്ന മുകളിലത്തെ നിലയിൽ അനേകം വിളക്കുകൾ കത്തിക്കൊണ്ടിരുന്നു. ജനൽപടിയിൽ ഇരിക്കുകയായിരുന്ന എവുത്തിക്കോസ് എന്നു പേരുള്ള യുവാവ് ഗാഢനിദ്രയിലാണ്ട് മൂന്നാം നിലയിൽനിന്നു താഴെവീണു.”
ഒറ്റ വാക്കുകൊണ്ട് ആത്മാവിനെ തീ പിടിപ്പിക്കുന്ന മനുഷ്യരൊക്കെ ഉണ്ടായിരുന്നു. അസ്സീസിയിലെ ഫ്രാൻസിസിന്റെ ആശ്രമത്തിന് തീ പിടിച്ചുവെന്ന വാർത്ത കേട്ടാണ് ഒരു ഗ്രാമം മുഴുവൻ അവിടേക്ക് ഓടിയെത്തിയത്. ശരിയാണ്, തീയാളുന്നുണ്ട്. എന്നാൽ പഴയ നിയമത്തിലെ എരിതീച്ചെടി പോലെ അതിലൊന്നും വെണ്ണീറാവുന്നില്ല. അകത്തേക്ക് ഉറ്റുനോക്കിയ ദേശക്കാർ കണ്ടു, ഒരാൾ ചമ്രം പടിഞ്ഞിരിക്കുകയാണ്. അയാൾക്കു ചുറ്റും സ്നേഹിതരും കൂനിപ്പിടിച്ചിരിപ്പുണ്ട്. അയാൾ ‘ദൈവം’ എന്നു പറയുമ്പോഴാണ് പള്ളിക്ക് തീ പിടിക്കുന്നത്!
-ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment