പുലർവെട്ടം 344

{പുലർവെട്ടം 344}

ഇന്ത്യയിലെ ഏറ്റവും വലിയ ഭവനത്തിന് അവരിട്ടിരിക്കുന്ന പേര് ആന്റിലിയ – Antilia – എന്നാണ്. ഒരു വീടു പണിയുമ്പോൾ അതിനെന്തു പേരിടണമെന്ന് നിശ്ചയിക്കാനുള്ള അവകാശം ഗൃഹനാഥനു തന്നെ. എന്നാലും, നാം തിരഞ്ഞെടുക്കുന്ന പേരുകളിൽ നമ്മുടെ ദിശകൾ നിർവചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊതുവേ കരുതുന്നത്. ആ അർത്ഥത്തിൽ അതൊരു അപകടം പിടിച്ച പദമാണ്. എട്ടാം നൂറ്റാണ്ടിൽ ഒരു മതസംഘർഷത്തിന്റെ കാലത്ത് പോർച്ചുഗലിലെ പോർട്ടോ നഗരത്തിലെ ആർച്ച് ബിഷപ്പും കൂട്ടാളികളും പ്രാണസംരക്ഷണാർത്ഥം എത്തിച്ചേർന്ന ദ്വീപാണത്. തങ്ങളോട് അനീതി കാട്ടിയ ദേശത്തിലേക്ക് ഇനിയൊരു മടക്കയാത്രയില്ല എന്ന സങ്കല്പത്തിൽ രക്ഷപെടാനുപയോഗിച്ച യാനപാത്രങ്ങളെ അവർ അഗ്നിക്കിരയാക്കി. പുറംലോകവുമായി അകത്തുനിന്ന് തഴുതിട്ട് ജീവിക്കുക എന്ന കഠിനമായ തീരുമാനത്തിന്റെ നടുക്കുന്ന പ്രതീകമായിരുന്നു അത്. ചുരുക്കത്തിൽ അവനവന്റെ പരിസരവുമായി ഒരു പാലമോ, എന്തിന് തുറന്നിട്ട ഒരു ജാലകം പോലുമോ അസാധ്യമാണെന്ന് കാട്ടുകതന്നെയായിരിക്കണം ആ പേരിന്റെ തിരഞ്ഞെടുപ്പിലൂടെ ലോകത്തിലെ ഏഴാമത്തെ ധനികനായി കഴിഞ്ഞ ദിവസം മേൽക്കയറ്റം കിട്ടിയ ഗൃഹനാഥൻ തീരുമാനിച്ചിരിക്കുന്നത്.

ഏദൻ എന്നൊരു സങ്കല്പം മനുഷ്യഭാവനയോളം പഴക്കമുള്ളതാണ്. സ്ഥായിയായ ആനന്ദത്തിന്റെ പാനോപചാരം സാധ്യമായിരുന്ന ഇടമായിരുന്നു അത്. പല ദേശങ്ങളിൽ പല സംസ്കാരങ്ങളിൽ പല പദങ്ങളിൽ അതിനു വാഴ്ത്തുണ്ടായി. എങ്കിലും, പൊതുവായൊരു കാര്യം ഇങ്ങനെയായിരുന്നു: മനുഷ്യൻ, പ്രകൃതി, ഈശ്വരൻ ഇവയ്ക്കിടയിലെ ത്രികോണബന്ധത്തിൽ നിന്നു രൂപപ്പെട്ട അനുഭൂതിയായിരുന്നു അത്. അതിലേത് ഉലഞ്ഞാലും മുഴുവൻ ബന്ധങ്ങളുടേയും കണ്ണി അയയുമെന്നതാണ് പ്രതിസന്ധി. ഈശ്വരനെ മറുതലിച്ചാണ് ആരംഭിച്ചത്. ആ നിമിഷം മുതൽ അവർക്കിടയിലും അകൽച്ചയുണ്ടായി. ‘ഇവൾ കാരണമാണ്’ എന്നു പറഞ്ഞ് ആദം തന്റെ ചൂണ്ടുവിരൽ മജ്ജയുടെ മജ്ജയും മാംസത്തിന്റെ മാംസവുമായ സ്ത്രീയിലേക്കു നീട്ടുകയാണ്. അതുവരെ പേരു ചൊല്ലി വിളിച്ചിരുന്ന – ഡൊമസ്റ്റിക്കേറ്റഡ് ആയ – ജീവജാലങ്ങളും അവർക്കെതിരായെന്ന് സൂചനയുണ്ട് ഉല്പത്തിപ്പുസ്തകത്തിൽ. ഏദൻ എന്നേക്കും അടഞ്ഞുപോകുന്ന ഒന്നായിട്ടല്ല സങ്കല്പിക്കപ്പെടുന്നത്. ഓരോരോ ബന്ധങ്ങളുടെ വീണ്ടെടുപ്പിലൂടെ അവനവന്റെ സ്വർഗഭൂമിയിലേക്കുള്ള മടക്കയാത്ര സാധ്യമാണ്. ആനന്ദമാണ് എന്റെ ജന്മാവകാശം.

ആനന്ദം കമ്പോളത്തിൽ നിന്ന് വാങ്ങാനാവില്ല എന്നു പറയുന്നതിൽ ഒരു പുതുമയുമില്ല. അതുകൊണ്ടുതന്നെ പുറത്തുള്ള അലച്ചിലുകൾ അവനവനുതന്നെ പറഞ്ഞുചിരിക്കാനുള്ള വിഷയമാകുന്നു. ഉള്ളിൽ നിന്ന് സംഭവിക്കുന്ന ഒന്നാണ് ആനന്ദം. കാര്യങ്ങളെ കസ്തൂരിമാനിന്റെ കഥയൊക്കെപ്പറഞ്ഞ് സ്പിരിച്വലൈസ് ചെയ്യാനുള്ള ശ്രമമല്ല; തെല്ലു ശാസ്ത്രമാണ്. ആനന്ദത്തിന്റെ പഥങ്ങളും – reward circuit – അതിനെ പ്രചോദിപ്പിക്കുന്ന ഹോർമോണുകളുമുണ്ട്; Dopamine, Serotonin, Oxytocin, Endorphins. ഹാപ്പി ഹോർമോണുകൾ എന്നറിയപ്പെടുന്ന ഇവ നാലിനുമിടയിലുള്ള പൊതുവായ ഘടകം, അവനവൻ പാർക്കുന്ന ലോകത്തോടും കാലത്തോടും കുറേക്കൂടി ബന്ധപ്പെട്ടു ജീവിക്കുമ്പോൾ അവ താനേ കിനിയുന്നുവെന്നതാണ്. വാട്ടർടൈറ്റ് കംപാർട്ട്‌മെന്റുകളായല്ല ഇവയെ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയിലേക്കുള്ള വഴികളും വൺവേകളല്ല. പുലരിവെയിലിലെ സഞ്ചാരം, ജ്ഞാനതൃഷ്ണ, കായികാദ്ധ്വാനം, ബന്ധങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്ന ക്വാളിറ്റി ടൈം, ആലിംഗനവും ചുംബനവും പോലെയുള്ള സ്നേഹസൂചനകൾ, ഒന്നിച്ചിരുന്നുള്ള ഭക്ഷണം, കലാകായികവിനോദങ്ങൾ അങ്ങനെ പരാർത്ഥതയിൽ ഊന്നിയുള്ള എന്തും അതിന്റെ ഇന്ധനമാണ്. അവനവന്റെ നൈസർഗികമായ കൗതുകങ്ങളിലേക്ക് മടങ്ങിപ്പോവുക എന്നുതന്നെ സാരം. ഇതിൽത്തന്നെ ഓക്സിറ്റോസിൻ അറിയപ്പെടുന്നത് സ്നേഹഹോർമോണെന്നാണ്.

ആരംഭത്തിലേക്കുതന്നെ മടങ്ങിവരിക. അപരനോട് അകലം സൂക്ഷിക്കുന്നവർ എന്ത് ആനന്ദമാണ് കണ്ടെത്താൻ പോകുന്നതെന്ന ഗൗരവമായ പ്രശ്നമാണ് ‘ധനികരുടെ ജീവിതം മെച്ചപ്പെട്ടതായിരിക്കാം, എന്നാൽ അസൂയാർഹമല്ല’ എന്ന് ഗുരുക്കന്മാർ പറഞ്ഞുകൊണ്ടിരുന്നതിന്റെ പൊരുൾ.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment