{പുലർവെട്ടം 394}
ഒരു കിറുക്കൻ ആശയത്തിന് തളിർപ്പുണ്ടാവുകയാണ്- താവു കാവ്. Struggling to be pure and poor എന്ന ദിശയിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന കഷ്ടിച്ച് ഒരായിരം പേരുടെ സൗഹൃദമാണ് താവു. നിഷ്കളങ്കതയും ലാളിത്യവും ഇനിയും വീണ്ടെടുക്കാനാവുമെന്ന വിശ്വാസത്തിലാണത്. അവരുടെ ഒത്തുചേരലിലെ ആദ്യത്തെ കിനാവായിരുന്നു നഗരത്തിരക്കിനുള്ളിൽ ആരുടേയുമല്ലാത്ത ഒരിത്തിരി ഇടം- Urban Canopy. അവിടെ മിയാവാക്കി രീതിയിൽ കാവ് എന്നു വിളിക്കാൻ ആഗ്രഹിക്കുന്ന കുട്ടിവനം രൂപപ്പെടുത്തുക.
അകിര മിയാവാക്കി എന്ന ജപ്പാൻകാരൻ അവലംബിച്ച ഒരു രീതിയാണ്. ഓരോ ദേശത്തിനും മണ്ണിനും ഇണങ്ങിയ, കാര്യമായ പരിചരണം ആവശ്യമില്ലാത്ത മരങ്ങളെ ഒരു ചതുരശ്രമീറ്ററിൽ നാല് എന്ന കണക്കിൽ നടുകയെന്നതാണ് നടപ്പ്. ഒരുമിച്ചു വളരുന്ന അവ സൂര്യവെളിച്ചത്തെ എത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ കുറേക്കൂടി വേഗത്തിൽ വളരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. മൂന്നു വർഷംകൊണ്ട് സാമാന്യം നല്ലൊരു കുട്ടിവനം രൂപപ്പെടുന്നു. പഴമരങ്ങളാണ് നമ്മൾ തിരഞ്ഞെടുത്തത്. ഒന്നോ രണ്ടോ ചെലവു കുറഞ്ഞ ക്യാബിൻ ഹൗസ് കൂടി അതിന്റെ കൂടെ ഉണ്ടാവുമെന്ന് കരുതുന്നു. വിഷാദമുൾപ്പടെയുള്ള പ്രതിസന്ധികളിൽ പെട്ടുപോയവർക്ക് ഒരു hide out place എന്ന നിലയിലാണ് ഇതു ഭാവന ചെയ്യപ്പെടുന്നത്. രണ്ടു ദിവസം ഒന്നു മാറിയിരിക്കുകയാണെങ്കിൽത്തന്നെ ചില കാര്യങ്ങൾ താനേ തെളിഞ്ഞേനെ.
ഒരു പ്രതിസന്ധിയേയോ സമ്മർദ്ദത്തേയോ അഭിമുഖീകരിക്കുന്ന ഒരാൾക്ക് ഒരു മുറിയില്ല എന്നത് യഥാർത്ഥ പ്രശ്നം തന്നെയാണ്. ‘എഴുത്തുകാരിയുടെ മുറി’ എന്നൊക്കെയുള്ള രൂപകം ദ്യോതിപ്പിക്കുന്നത് അതാവണം. വിർജിനിയ വുൾഫിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ശീർഷകമാണത്- A Room of One’s Own. സ്വന്തമായി ഒരിടമില്ലാത്തതാണ് ഒരു കലാകാരി / എഴുത്തുകാരി അഭിമുഖീകരിച്ച പ്രതിസന്ധി എന്ന് അവർ വിശ്വസിച്ചിരുന്നു. ബൗദ്ധികവ്യാപാരത്തിനും വൈകാരികസന്തുലനത്തിനും തന്റേതായ ഒരു ഏകാന്ത ഇടം അനിവാര്യമാണ്.
അനുവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവിതരീതിയിലെ ഒരു ചെറിയ വ്യതിയാനം പോലും സർഗാത്മകമായ ചില തളിർപ്പുകൾ സമ്മാനിച്ചെന്നിരിക്കും. മൗനത്തിനും മണ്ണിനും ശമനമേകാനാവാത്ത അധികം വ്യഥകളൊന്നും ഇല്ലെന്നു തോന്നുന്നു. ആ അർത്ഥത്തിൽ ഒരു Healing Hub എന്ന നിലയിലായിരിക്കും കാവിന്റെ നിലനില്പ്. സൈക്ക്യാട്രി ഇപ്പോഴും നമ്മളിൽ വലിയ ആശങ്കയും അപമാനവും ഉണർത്തുന്ന പദമാണ്. അത് ഇവിടെ മാത്രമല്ല, വികസിതരാജ്യങ്ങളിൽപ്പോലും മനഃശാസ്ത്രവൈദ്യന്മാർ ഡോക്ടർ എന്ന തങ്ങളുടെ സ്വത്വം വെളിപ്പെടുത്താതെ വിദൂരഗ്രാമങ്ങളിൽ സേവനം ഉറപ്പുവരുത്തുന്നത് ശ്രദ്ധിക്കണം.
ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് കാവിന്റെ വിഭവസമാഹരണം നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഇനിയും സഹകാരികളാകാം. നമ്മൾ കടന്നുപോകും, നമ്മൾ നട്ട മരങ്ങൾ അനശ്വരതയെ എത്തിപ്പിടിക്കാനായി അപ്പോഴും ചില്ലകൾ വിരിച്ചുകൊണ്ടേയിരിക്കും. കുമരകത്തെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ദീർഘദൂരം മരച്ചില്ലകളുടെ ഒരു വിതാനമുണ്ട്. അടുത്തയിടെ കടന്നുപോയ ഒരു മനുഷ്യന്റെ ഭാവനയും ഇച്ഛാശക്തിയുമായിരുന്നു അതിന്റെ വിത്തും വേരും- ചീപ്പുങ്കൽ അറയിൽ വീട്ടിൽ ആന്റണി എന്ന കുഞ്ഞേട്ടൻ.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment