പുലർവെട്ടം 345

{പുലർവെട്ടം 345}

എഴുത്തുകാരൻ ഗ്രന്ഥത്തിന്റെ ഭാഗമാകുന്ന രീതി പലരും ഉപയോഗിച്ചിട്ടുണ്ടാവും. വായനയിൽ അങ്ങനെ തടഞ്ഞ ഒരാൾ സോമർസെറ്റ് മോം ആണ്, The Razor’s Edge. അയാൾ അതിലെ പല കഥാപാത്രങ്ങളുമായി സംഭാഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്. യുദ്ധാനന്തരം ജീവിതത്തിൽത്തന്നെ വിശ്വാസം നഷ്ടപ്പെട്ട ഒരു വൃദ്ധസൈനികനോട് ഒരധ്യായത്തോളം വരുന്ന ദീർഘസംഭാഷണമാണ് അയാൾ നടത്തുന്നത്. ഭാരതീയപരിചയമുൾപ്പടെയുള്ള ഒരു ആന്തരികജീവിതത്തിന്റെ സുഗന്ധമുണ്ടായിരുന്നു മോമിന്. അതയാൾക്ക് ഒരു mentor എന്ന വിശേഷണം ഉറപ്പുവരുത്തി. ഡഗ്ലസ് കോപ്‌ലൻഡാണ് മറ്റൊരാൾ.

കഥാപാത്രങ്ങളുടെ പ്രതിസന്ധിയിൽ അവരെ നയിക്കുന്ന ഉത്തമനായ കഥാപാത്രം നോവലിസ്റ്റ് തന്നെയാവുന്നതിൽ ആർക്കും ബുദ്ധിമുട്ടില്ലെന്നു തോന്നുന്നു! നമ്മുടെ ഭാഷയിൽ ബഷീറും കാരൂരുമൊക്കെ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. ടി പത്മനാഭന്റെ കഥകളും നല്ല ഉദാഹരണം തന്നെ. ആനന്ദ് ‘വ്യാസനും വിഘ്നേശ്വരനി’ലും എം മുകുന്ദൻ ‘കേശവന്റെ വിലാപങ്ങളി’ലും ബെന്യാമിൻ ‘മഞ്ഞവെയിൽ മരണങ്ങളി’ലും സുഭാഷ് ചന്ദ്രൻ ‘സമുദ്രശില’യിലും ഈ സങ്കേതം ഉപയോഗിച്ചുകാണുന്നു.

ഒരുപക്ഷേ, ലോകത്ത് ഏറ്റവും പഴക്കമുള്ള അത്തരമൊരു സൂചന നമുക്കു ലഭിക്കുന്നത് രാമായണത്തിൽ നിന്നാണ്. ബി. സി. 750 – 500 കാലയളവിൽ അതു രചിക്കപ്പെട്ടുവെന്നാണ് പൊതുവേ എത്തിയിരിക്കുന്ന അനുമാനം. കഥാപാത്രങ്ങളെ ആരോ നിശ്ചയിച്ച വിധിക്കനുസരിച്ച് വെറുതെ വിട്ടുകൊടുക്കുകയല്ല വാല്മീകി. ഏറ്റവും നിർണായകമായൊരു നിമിഷത്തിൽ മഹർഷി അനുകമ്പയുടെ ആൾരൂപമായി രാമായണത്തിന്റെ അരങ്ങിലെത്തുന്നു. രാമൻ കൈവിട്ട സീതയ്ക്കും അവൾക്കു പിറന്ന കുഞ്ഞുങ്ങൾക്കും അഭയമാകുന്നത് ഈ സാത്വികസാന്നിധ്യമാണ്. അയാൾ രാമായണരചനയിൽ ഏർപ്പെടുന്നത് സീതയുടെ നിഷ്കളങ്കതയെ വാഴ്ത്താനാണെന്നുപോലും പണ്ഡിതമതമുണ്ട്. അയാളുടേതായിരുന്നു അവൾക്കു വേണ്ടി മുഴങ്ങിയ ഏറ്റവും ശക്തമായ ഏകാന്തശബ്ദം. സീതയെ രാജസദസിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മനസു കൊണ്ടോ വാക്കു കൊണ്ടോ ഉടലു കൊണ്ടോ ദേവി ഒരു പിഴവും വരുത്തിയിട്ടില്ലെന്ന് ഉറപ്പുകൊടുക്കുന്നുണ്ട്. ഭൂമി അവളെ മറോടണച്ച് അഗാധങ്ങളിലേക്കു കൊണ്ടുപോയതിന് ശ്രീരാമചന്ദ്രനോടൊപ്പം അയാളും സാക്ഷിയാകുന്നു. അയാൾക്കു മുൻപിലാണ് രാമൻ ഉറക്കെ വിലപിച്ചത്. സാന്ത്വനത്തിന്റേയും ഹൃദയാർദ്രതയുടേയും ആൾരൂപമായി, പല കാലങ്ങളിൽ പല ഭാവനകളിലൂടെ വികാസം പ്രാപിച്ച ഒരു ഗ്രന്ഥത്തിന്റെ കർത്താവ് തേജോമുഖനായി ഇപ്പോഴും നിൽപ്പുണ്ട്. പുരാതന ചിത്രരചനയിലെ ഒരു രീതി പോലെയാണത്. ഒത്തിരിപ്പേർ ഉൾപ്പെടുന്ന വലിയൊരു ചിത്രം വരച്ചുതീർക്കുമ്പോൾ ആൾക്കൂട്ടത്തിൽ ഒരാളായി സെൽഫ് പോട്രെയ്‌റ്റ് കോറിയിടുന്നു. നമ്മുടെ കാലത്ത് കലാകാരന്റെ സിഗ്നേച്ചറിനു സമമാണിത്.

നമ്മൾ വരയ്ക്കുന്ന ഒരു കുടുംബചിത്രത്തിൽ, നമ്മൾ എഴുതാൻ ശ്രമിക്കുന്ന ഒരു കാലത്തിന്റെ കഥയിൽ, നമ്മൾ ആടിയ ജീവിതനാടകത്തിൽ എങ്ങനെ അടയാളപ്പെടുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്? പാവക്കൂത്തിലെ ഒരാളെപ്പോലെ, ഏതോ അദൃശ്യചരടുകളാൽ നിയന്ത്രിക്കപ്പെടുകയാണോ ഇച്ഛാശക്തി കൊണ്ടും ഭാസുരമായ ഇടപെടൽ കൊണ്ടും ഞാൻ അതിനെ ഭേദപ്പെട്ടതാക്കുന്നുണ്ടോ? ഓരോരോ കഥാപാത്രത്തോടൊപ്പം കരഞ്ഞും കലഹിച്ചും തീരേണ്ടതല്ല ഒരാളുടെ ജീവിതം. വീണ്ടും കലയുടെ ഭൂമികയിൽ നിന്നൊരു രൂപകം എടുക്കുകയാണെങ്കിൽ, കഥാപാത്രമാകുമ്പോഴും – ബെർതോൾറ്റ് ബ്രെഷ്റ്റ് കാണികളിൽ നിന്ന് ആവശ്യപ്പെടുന്നതുപോലെ – നിർമമതയും വിമർശനവും ഉടനീളം പുലർത്തുന്ന ഒരു സംവേദനം നിലനിർത്തുക.

കഥയുടെ ഭാഗമായി കണ്ണുനിറഞ്ഞു നിൽക്കാനല്ല, കഥ തിരുത്തി എഴുതാനാണ് ആ പരമചൈതന്യം ഇപ്പോൾ നിങ്ങളോട് ആവശ്യപ്പെടുന്നത്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment