പുലർവെട്ടം 395

{പുലർവെട്ടം 395} 
 
ഒക്ടോബർ നാലിനായിരുന്നു ഫ്രാൻസിസിന്റെ ഓർമത്തിരുനാൾ. ആശ്രമത്തിൽ ചേർന്ന നാൾ മുതൽ ഈ ദിവസം പങ്കുചേരുന്ന ഹൃദ്യമായ ഒരു പ്രധാന ചടങ്ങുണ്ട്- ട്രാൻസിത്തുസ് എന്ന ചരമാനുസ്മരണപ്രാർത്ഥന. ജീവിതം കുറേക്കൂടി ഏകാഗ്രവും ഭാവന നിഷ്കളങ്കവുമായിരുന്ന ഒരു കാലത്ത് ആ മരണത്തേക്കുറിച്ച് ബൊനെവെഞ്ചര് എഴുതി അവസാനിപ്പിക്കുന്നത് കിളിപേശലുകൾ പോലെ കേട്ടിട്ടുണ്ട്: “at the hour of the holy man’s passing. . . They came in a great flock over the roof of the house and, whirling around for a long time with unusual joy, gave clear and evident testimony of the glory of the saint, who so often invited them to praise God.” പുണ്യവാന്റെ വിയോഗനേരത്ത് കിളിക്കൂട്ടങ്ങൾ ആ ഭവനത്തിന്റെ മേൽക്കൂരയിലേക്ക് എത്തുകയും വലംചുറ്റി ഇന്നോളം കേട്ടിട്ടില്ലാത്ത ആനന്ദസ്വരങ്ങൾ കൊണ്ട് ഫ്രാൻസിസിന്റെ മഹത്വത്തിന് സാക്ഷ്യം പറയുകയും ചെയ്തു.
ഫ്രാൻസിസിന്റെ മരണകാരണം കൃത്യമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടില്ല; അവസാനവർഷങ്ങൾ ശാരീരികക്ലേശങ്ങളുടേയും പീഡകളുടേയും ആണെന്നൊഴികെ. പഞ്ചക്ഷതങ്ങൾ ഉൾപ്പടെ അതിൽ പെടുത്താവുന്നതാണ്. കണ്ണുകൾക്ക് ട്രക്കോമയുടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്ധതയിൽ എത്തിയേക്കാവുന്ന ഒന്നാണത്. പ്രകാശത്തോടുള്ള കടുത്ത സെൻസിറ്റിവിറ്റിയാണ് പ്രധാന പ്രശ്നം. സദാ കണ്ണു നിറഞ്ഞൊഴുകുകയാണ് ലക്ഷണം. സൂര്യവെളിച്ചത്തിലേക്കു നോക്കുമ്പോൾ അനേകം കുപ്പിച്ചില്ലുകൾ കണ്ണിലേക്ക് പൊട്ടിവീഴുന്നതുപോലെ തോന്നും. ആ കാലയളവിൽത്തന്നെയാണ് സൂര്യനുവേണ്ടിയുള്ള സ്തോത്രഗീതം എഴുതി ആലപിക്കുന്നത്. കാര്യങ്ങളെ ചിലർ മധുരമാക്കി മാറ്റുന്നത് അങ്ങനെയാണ്. ഈജിപ്ത് യാത്രയുടെ ബാക്കിപത്രമായിരുന്നു ഈ നേത്രരോഗം. അവിടെനിന്നു മലേറിയയും കൊണ്ടുവന്നു എന്ന് കരുതാം. ചോര ഛർദ്ദിച്ചിരുന്നതായും കേൾവിയുണ്ട്. ഗാസ്ട്രിക് അൾസർ പോലെ ഗുരുതരമായ ഉദരരോഗങ്ങളാവാം കാരണം. രോഗത്തേക്കാൾ കഠിനമായ ചികിത്സാരീതികളായിരുന്നു അന്നുണ്ടായിരുന്നത്. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡ് മുറിവിനു മീതെ വച്ച് പൊള്ളിക്കുന്നതുൾപ്പടെയുള്ള പലതിലൂടെയും അയാൾ കടന്നുപോയി. 44 വയസ് എത്ര ചെറിയ പ്രായമാണ്!
കവിത പോലെ മനോഹരമായിരുന്നു അയാളുടെ കടന്നുപോക്ക്. ‘ഇത്ര കാലം നമ്മൾ ഒന്നും ചെയ്തിട്ടില്ല, നമുക്കിനി ആരംഭിക്കാം’ എന്നതായിരുന്നു അന്ത്യമൊഴികളിലൊന്ന്. നഗ്നനാക്കി വെറും നിലത്ത് കിടത്താൻ ആവശ്യപ്പെട്ടു. പിറവിയിലെന്നതുപോലെ നഗ്നതയുടെ നിഷ്കളങ്കതയിൽ മടങ്ങിപ്പോയ അയാൾ ആരെയൊക്കെയാണ് ഓർമിപ്പിക്കുന്നത്? അപരാധത്തിനു മുൻപുള്ള ആദവും ഹവ്വയും, അനുസരണം പൂർത്തിയാക്കി കുരിശിന്റെ വക്ഷസിൽ നഗ്നനായി മടങ്ങിപ്പോയ യേശു, തെരുവീഥിയിലൂടെ ഭക്തിയുടെ ഉന്മാദത്തിൽ ചുവടുവയ്ക്കുന്ന അക്കമഹാദേവി, ദിക്കുകളെ വസ്ത്രമായി ധരിച്ചു എന്ന സങ്കല്പത്തിൽ നടന്നുപോകുന്ന നമ്മുടെ ദേശത്തെ ദിഗംബരജൈനർ, പ്രണയത്തിന്റെ ദീപ്തനിമിഷങ്ങളിൽ ലജ്ജ അനുഭവിക്കാതെ വിവസ്ത്രരാവുന്ന പങ്കാളികൾ… അങ്ങനെ നൈർമല്യത്തേയും സ്വാതന്ത്ര്യത്തേയും അർപ്പണത്തേയും ആനന്ദത്തേയും ദ്യോതിപ്പിക്കുന്ന ഒന്നായിരുന്നു ഫ്രാൻസിസിന്റെ വിവസ്ത്രത. മരണം ഒരു രണ്ടാം പിറവിയാണെന്നുള്ള സൗമ്യമായ ഓർമപ്പെടുത്തലുമാകാം.
മരണത്തെ ഭയക്കരുതെന്നാണ് അയാൾ ഇപ്പോൾ പറയുന്നത്. ചുറ്റിനും നിൽക്കുന്ന ദുഃഖിതരായ സഹോദരരെ വിലക്കിക്കൊണ്ട് ഇങ്ങനെ മന്ത്രിച്ചു: “ഇങ്ങനെയല്ല വേണ്ടത്. പാട്ടു പാടി, നൃത്തച്ചുവടുകളോടെ അവളെ സ്വാഗതം ചെയ്യുക- sister death.”
ഇതും പെങ്ങൾ തന്നെ!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment