പുലർവെട്ടം 399

{പുലർവെട്ടം 399}
 
നമ്മുടെ ‘കപ്പൂച്ചിൻ മെസ്സി’ന്റെ പോസ്റ്റ് ബോക്സിൽ പണമിട്ട് പോകുന്ന വഴിയാത്രക്കാർ ഏതാണ്ട് ഒരു സാധാരണ കാഴ്ചയായിട്ടുണ്ട്; മെസ്സിന്റെ ഭാവിയേക്കുറിച്ച് സ്നേഹിതർക്ക് ഒരു ആശങ്കയ്ക്കും ഇടയില്ലാത്ത വിധത്തിൽ. ‘അഞ്ചപ്പ’ത്തിന്റെ ഒരു പശ്ചാത്തലം ഉള്ളതുകൊണ്ട് ഒരു അയോട്ട പോലും തർക്കമില്ലാത്ത കാര്യമായിരുന്നു അത്. അനുഭാവത്തിന്റേയും കരുതലിന്റേയും ഒരു ജാലകത്തിൽ തങ്ങളുടെ കരങ്ങൾ ചേർത്തുവയ്ക്കാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ലെന്നു തോന്നുന്നു. പഴയ ഔദാര്യത്തിന്റേയോ ഉപവിയുടെ ഴോൺറ് – genre – അല്ല എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. Self-made man എന്ന പദം പതുക്കെപ്പതുക്കെ വലിയ ഫലിതമാവുകയാണ്. തങ്ങളുടെ വളർച്ചയ്ക്ക് ജലവും വെളിച്ചവും സ്വീകരിച്ച അതേ സമൂഹത്തോടുള്ള ദക്ഷിണ കണക്കാണ് അതിപ്പോൾ അനുഭവപ്പെടുന്നത്; ഒരു തരം പലിശവീട്ടൽ.
വായിച്ചുതീർത്തത് നല്ലൊരു പുസ്തകമാണ് – ജോൻ ഹണ്ട്‌സ്‌മാന്റെ കുലീനവും ധാർമികവുമായ വ്യാപാരത്തിന്റെ കൈപ്പുസ്തകമായി ഗണിക്കപ്പെടുന്ന Winners Never Cheat: Everyday Values We Learned as Children (But May Have Forgotten). ഭൂതദയയെ – philanthropy – എല്ലാ ഭൗതികനേട്ടങ്ങളിലേയും അടിസ്ഥാന ചേരുവയായി എണ്ണണമെന്നാണ് അയാൾ പറയാൻ ശ്രമിക്കുന്നത്. ധനമല്ല അതിനു മാനദണ്ഡമെന്നും അയാൾക്കറിയാം. ഓക്സ്ഫഡ് ഡിക്ഷണറിയിലെ ആ പദത്തിന്റെ നിർവചനമിതാണ്- a love for humankind. വേദപുസ്തകത്തിന്റെ ഭാഷയിൽ ബാക്കിയുള്ളതൊക്കെ കൂട്ടിച്ചേർക്കപ്പെടാവുന്നതേയുള്ളു. നൽകുന്നതിന്റെ ആഹ്ലാദം അനുഭവിക്കാത്തതുകൊണ്ടാണ് മനുഷ്യർ ചുരുട്ടിപ്പിടിച്ച കരങ്ങളുമായി മടങ്ങിപ്പോകുന്നതെന്ന് അയാൾ കരുതുന്നു. ഇതൊരു ചാക്രിതതയാണ്. ഓരോ നൽകലിലൂടെയും ഒരാളുടെ ആനന്ദത്തിനു ചിറ്റോളങ്ങളുണ്ടാവുകയും അതു പുതിയ പുതിയ നൽകലിനുള്ള പ്രേരണയും ഉദ്ദീപനവുമായി മാറുകയും ചെയ്യുന്നു. ഒരു കലയായാണ് അയാളതിനെ എണ്ണുന്നത്. ആ കലയെ വികസിപ്പിക്കാനാണ് എല്ലാ മതങ്ങളുടേയും പ്രാഥമികശ്രദ്ധയെന്ന് അയാൾ നിരീക്ഷിക്കുന്നു; ‘ഉപവി’ എന്ന് ക്രിസ്റ്റ്യാനിറ്റിയും ‘സക്കാത്ത്’ എന്ന് ഇസ്ലാമും ‘സെഡെക്’ എന്ന് ജുഡായിസവും ‘ദക്ഷിണ’ എന്ന് നമ്മുടെ ദേശവും.
ജൂതതത്ത്വചിന്തകനായ മൈമൊണിഡീസ് നൽകലിന്റെ അഷ്ടതലങ്ങൾ എണ്ണിപ്പറയുന്നുണ്ട്. കോവണിയുടെ താഴത്തെ പടി, സമ്മർദ്ദം കൊണ്ടു മാത്രം മുറുമുറുപ്പോടെ ചിലതു കൈമാറുന്നതാണ്. ഏറ്റവും മേലേപ്പടി ഒരാൾ സ്വന്തം കാലിൽ നിൽക്കാനാവുന്നതുവരെ അയളറിയാതെ കൂടെപ്പോകുന്നതാണ്. വായനക്കാരാ, നമ്മൾ അങ്ങനെ എട്ടാം പടിയിലെത്തി. 😃
നൽകുന്നതിന്റെ ഹർഷം കുട്ടിക്കാലത്തുതന്നെ തങ്ങളെ കാട്ടിത്തന്ന കുടുംബാംഗങ്ങളെയാണ് അയാൾ നമ്രതയോടെ ഓർക്കുന്നത്. വളരെ കുറച്ചു കാര്യങ്ങൾ മാത്രം ഉണ്ടായിരുന്ന കൃഷിക്കാരനായ ഒരു അമ്മാവനെ അയാൾ എങ്ങനെ മറക്കാൻ! അയാൾക്ക് എട്ടു വയസുള്ളപ്പോൾ വിലപിടിപ്പുള്ള തന്റെ പോക്കറ്റ് വാച്ചാണ് അമ്മാവൻ അയച്ചുകൊടുക്കുന്നത്. തങ്ങൾക്ക് ആഹ്ലാദമുള്ള കാര്യങ്ങളിലാണ് മനുഷ്യർ നിരന്തരമായി ഏർപ്പെടുന്നത്. നൽകുന്നതാണ് ആനന്ദത്തിന്റെ പാഠമെന്ന് കുട്ടിക്ക് വെളിപ്പെട്ടു കിട്ടുകയായിരുന്നു. ഞാൻ ജയശേഖറിനെ പെട്ടെന്ന് ഓർക്കുന്നു. വർണപ്പകിട്ടുള്ള തെല്ലു വിചിത്രവസ്ത്രങ്ങളുമായി എത്തുന്ന എ. പി. ഉദയഭാനുവാണ് താരം. അച്ഛന്റെ സുഹൃത്താണ്. കോളജ് വിദ്യാർത്ഥിയായ ജയശേഖർ വീട്ടിലെത്തിയ ഗായകനോടു പറഞ്ഞു, “അങ്കിളേ, ഈ ഉടുപ്പ് എത്ര ഭംഗിയായിരിക്കുന്നു!” കുറച്ചു കഴിയുമ്പോൾ ആ ഉടുപ്പ് പൊതിഞ്ഞ് അയാൾ ചങ്ങാതിയുടെ മകനു നീട്ടി, “ഇതു നിനക്കുള്ളതാണ്!”
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment