പുലർവെട്ടം 400

{പുലർവെട്ടം 400}
 
പഴയ സൂചിയുടേയും ഒരു പാത്രം ജലത്തിന്റേയും കഥ ആർക്കാണറിയാത്തത്. വാസുകി മരണക്കിടക്കയിലായിരുന്നു. തന്റെ ദുഃഖകാരണം മരണഭീതിയല്ലെന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണെന്നും തിരുവള്ളുവരോട് അവൾ ഏറ്റുപറഞ്ഞു. വിവാഹിതയായ നാൾ മുതൽ ഭക്ഷണം കഴിക്കുമ്പോൾ അടുത്തു കരുതിവയ്ക്കണമെന്ന് അയാൾ ശഠിച്ചിരുന്ന ഒരു കോപ്പ ജലത്തിന്റേയും സൂചിയുടേയും പൊരുളെന്താണെന്നാണ് അവൾക്കറിയേണ്ടത്. അതൊരിക്കലും ഉപയോഗിച്ചു കണ്ടിട്ടില്ലെന്നും അവൾ കൂട്ടിച്ചേർത്തു. അയാൾ പറഞ്ഞു: “അന്നം വിളമ്പുമ്പോൾ നിലത്തുവീണേക്കാവുന്ന വറ്റ് കുത്തിയെടുക്കാനായിരുന്നു സൂചി. ജലം അതു കഴുകിയെടുക്കാനും. നിന്റെ ശ്രദ്ധ കൊണ്ട് ഒരിക്കലുമതിന്റെ ആവശ്യം വന്നിട്ടുമില്ല.” കുരിശുമല ആശ്രമത്തിലെ രീതി ഓർക്കുകയാണ്. എത്ര അതിഥികൾ ഉണ്ടെങ്കിലും അവരെ ആശ്രമത്തിന്റെ ഊട്ടുമുറിയിലേക്ക് സ്വാഗതം ചെയ്യുന്നു. നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് ഭക്ഷണം. ഒരു സന്യാസി എല്ലാ പാത്രത്തിലും ചോറു വിളമ്പി പോകുന്നു. അയാൾക്കു പിറകേ മറ്റൊരാൾ ഒരു ഒഴിഞ്ഞ പാത്രവുമായി, ആവശ്യത്തിൽ കൂടുതൽ ഉണ്ടെങ്കിൽ അതിലേക്ക് തിരിച്ചിടാമെന്നു പറഞ്ഞ്.
 
ഇന്നലെ ലോക ഭക്ഷണദിനമായിരുന്നു. പാഴാക്കി കളയുന്ന ഭക്ഷണം നിശ്ചയമായും ഒരു വീണ്ടുവിചാരത്തിനു വിഷയമാകേണ്ടതുണ്ട്. കുട്ടികൾ പാത്രത്തിൽ ബാക്കിവയ്ക്കുന്ന ഒരു കഷണം ദോശയുടെ കഥയൊന്നുമല്ല അത്. അതൊരു ചെറിയ കളിയല്ല. ജെനറ്റിക്കലി മോഡിഫൈഡ് വിളകളുടെ അമിതവിളവു പോലെ കുഴപ്പം പിടിച്ച കാര്യങ്ങൾ അതിൽ അടക്കം ചെയ്തിട്ടുണ്ട്. പാരമ്പര്യകൃഷിക്കാരുടെ നട്ടെല്ലു തകർത്ത് കൊടിയ ദാരിദ്ര്യത്തിലേക്ക് മനുഷ്യരെ തള്ളിയിട്ട ഒന്നാണത്. അതിന്റെ വഴികൾ ഒരു ഗാർബേജ് വിചാരത്തേക്കാൾ സങ്കീർണവുമാണ്. ലോകത്ത് ഉണ്ടാക്കുന്നതിന്റെ മൂന്നിലൊന്ന് ഭക്ഷണം പാഴായിപ്പോകുന്നുവെന്നാണ് കണക്കുകൾ പറയുന്നത്; ഏകദേശം 1.3 ബില്യൻ റ്റൺ.
 
പീറ്റേഴ്സ് സ്ക്വയറിലെ തന്റെ പ്രതിവാര അഭിസംബോധനയിൽ ഏതാണ്ട് ഏഴു വർഷം മുൻപ് പോപ് ഫ്രാൻസിസ് പറഞ്ഞത് ഭക്ഷണം പാഴാക്കുന്നത് മോഷണം തന്നെയെന്നാണ്. മോഷ്ടിക്കുന്നത് ഭൂമിയിലെ ഏറ്റവും ദരിദ്രരായ മനുഷ്യരിൽ നിന്നാവുന്നതുകൊണ്ട് അതു പിന്നെയും ഹീനമാകുന്നു. ഭക്ഷണത്തോട് കൃതജ്ഞതയുണ്ടാവുകയാണ് അതു പാഴാക്കാതിരിക്കാനുള്ള ഏറ്റവും നല്ല അനുശീലനം.
Grace എന്ന മേശയിലെ പ്രാർത്ഥനയെ ഒന്നു തിരിച്ചുപിടിക്കാവുന്നതേയുള്ളു. ഒരർത്ഥത്തിൽ സുമേറിയൻ ആരാധന ഉൾപ്പടെയുള്ള എല്ലാ പുരാതന ആരാധനകളും ഭക്ഷണത്തിനു മീതെയുള്ള ആശീർവാദങ്ങളായിരുന്നു. അങ്ങനെ ഭക്ഷണത്തിന് ഒരു മെറ്റാഫിസിക്കൽ പ്രതലം ലഭിക്കുന്നു. അത് ഓരോ മണി ചോറിനേയും ഗൗരവമായി കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. മൂന്നു ചോറ് ഒരു കുഞ്ഞുവാവയുടെ ഉരുളയാണെന്ന ബോധമൊക്കെ ഉണ്ടാകണമെങ്കിൽ ഈ ബുദ്ധിസത്തിലൊക്കെ പറയുന്നതുപോലെ ഭക്ഷണത്തിലും ഒരു mindfulnes ആവശ്യമുണ്ട്.
 
പുരുഷാരത്തെ ഊട്ടിയതിനു ശേഷവും ബാക്കിയുള്ളത് ശേഖരിക്കാൻ ആവശ്യപ്പെടുന്ന ഒരു ഗുരു നിനവിൽ വരുന്നില്ലേ? അയാൾക്ക് നിരക്കാത്തതുകൊണ്ടാണ് wasting food is a sin എന്നൊരു സമവാക്യത്തിൽ നാം ഈ പുലർവിചാരം അവസാനിപ്പിക്കുന്നത്. Stop overbuying തുടങ്ങിയ ലളിതമായ അനുതാപങ്ങളെ ഓർമിച്ചെടുക്കുകയും ചെയ്യാം.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment