Fr P. K. Daniel Puthenpurayil (1906 – 1986)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr P. K. Daniel Puthenpurayil (1906 - 1986)

Fr P. K. Daniel Puthenpurayil (1906 – 1986)

സാത്വികനായ ദാനിയേലച്ചൻ

1906 ജനുവരി ആറാം തീയതി പത്തനംതിട്ട ജില്ലയിൽ തുമ്പമൺ നരിയാപുരം മുണ്ടയ്ക്കൽ ഇല്ലം പുത്തൻപുരയിൽ ഓർത്തഡോക്സ് സഭാംഗമായ കോരുതിന്റെയും അച്ചാമ്മയുടെയും മൂത്തമകനായി ജനിച്ചു. മെട്രിക്കുലേഷൻ പാസ്സായശേഷം അടൂർ അറപ്പുര ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരിക്കവെ വൈദീകവൃത്തിയിൽ ആകൃഷ്ടനായി, അമ്മാച്ചൻ നരിയാപുരത്ത് പറമ്പിൽ അച്ചന്റെ സഹായത്താൽ കോട്ടയം പഴയസെമിനാരിയിൽ ചേർന്നു. 1933 നവംബർ മാസം 26ന് ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയിൽ നിന്നും വൈദീകപട്ടം സ്വീകരിച്ച് ദയറാപട്ടക്കാരനായി ജീവിതം പൂർണ്ണമായും ക്രിസ്തുവിനായി സമർപ്പിച്ചു. പറമ്പിലച്ചന്റെ സ്വാധീനത്തിൽ മിഷൻ പ്രവർത്തനത്തിനായി ബ്രഹ്മവാറിലേക്ക് പോയി, അവിടെ തീക്ഷ്ണതയോടെ മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ടു.

മിഷൻ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന കാലയളവിൽ സഭകളെ സംബന്ധിച്ച നിരന്തരമായ പഠനങ്ങൾക്കൊടുവിൽ സത്യസഭയായ കത്തോലിക്കാ സഭയിലേക്ക് ചേരണമെന്ന് സ്വയം തീരുമാനിക്കുകയും തിരുച്ചിറപ്പള്ളിയിലെ ബിഷപ്പിന്റെ മുൻപാകെ 1933 ജനുവരി 25ന് പുനരൈക്യപ്പെടുകയും ചെയ്തു.
പുനരൈക്യപ്പെട്ടതിന് ശേഷം അദ്ദേഹം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മിഷൻ പ്രവർത്തനത്തിലേർപ്പെട്ടു. നാട്ടിലേക്ക് മടങ്ങി മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അംഗമായി ശുശ്രൂഷ ചെയ്യണമെന്ന ആഗ്രഹം അധികാരികളെ അറിയിച്ചതിനെ തുടർന്ന് അനുവാദം ലഭിക്കുകയും തിരുവനന്തപുരത്ത് വന്ന് മാർ ഈവാനിയോസ് പിതാവിനെ കാണുകയും പിതാവ് അദ്ദേഹത്തെ പട്ടം സെന്റ് മേരീസ്‌ കത്തീഡ്രൽ ഇടവക വികാരിയായി നിയമിക്കുകയും ചെയ്തു. ഭവനത്തിൽ മാതാവ് മാത്രമായിരുന്നതിനാലും മാതാവിനെയും കൂടി ശുശ്രൂഷിക്കേണ്ടിയിരുന്നതിനാലും മാർ ഈവാനിയോസ് പിതാവ് പുത്തൻകാവ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി നിയമിച്ചു. ചെറിയ ഇടവകയായിരുന്നെങ്കിലും തുമ്പമൺ മാമ്പിലാലി ഇടവകാംഗങ്ങൾ ഒരു വികാരി അച്ചൻ സ്ഥിരമായി താമസിച്ച് ശുശ്രൂഷ ചെയ്യണമെന്ന് മാർ ഈവാനിയോസ് പിതാവിനോട് അഭ്യർത്ഥിക്കുകയുണ്ടായി. ദേശത്തു പട്ടക്കാരെ വികാരിയായി നിയമിക്കുന്നതിന് പിതാവിന് താല്പര്യമില്ലായിരുന്നെങ്കിലും അച്ചനോടുള്ള സ്നേഹവാത്സല്യത്താൽ തുമ്പമൺ മാമ്പിലാലി ഇടവക വികാരിയായി നിയമിച്ചു, 1940 മുതൽ 1955 വരെ ദീർഘമായ 15 വർഷം മാമ്പിലാലി ഇടവകയിൽ അച്ചൻ ശുശ്രൂഷ ചെയ്തു.

പുനരൈക്യപ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ മലങ്കര കത്തോലിക്കാ സഭയെ വളർത്തുന്നതിൽ അച്ചൻ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ലളിതജീവിതവും സ്നേഹനിർഭരമായ പെരുമാറ്റവും കർമ്മോജ്വലമായ വൈദീകജീവിതവും പ്രദേശവാസികളെ വളരെയേറെ സ്വാധീനിക്കുകയും ധാരാളം ആളുകൾ ഇടവകാംഗങ്ങളാവുകയും ചെയ്തു. ബ്രഹ്മചാരിയായി സ്വജീവിതം സമർപ്പിച്ച അച്ചൻ ഒരു തികഞ്ഞ സസ്യഭുക്കായിരുന്നു, ഭാരതീയ സംന്യാസത്തെപ്പറ്റിയും സംസ്ക്കാരത്തെപ്പറ്റിയും ഉത്തമ ബോധ്യമുണ്ടായിരുന്ന അച്ചൻ സംന്യാസതുല്യമായ ജീവിതം നയിച്ച വ്യക്തിയാണ്. ഇംഗ്ലീഷ്, സുറിയാനി, കന്നഡ, തമിഴ് എന്നീ ഭാഷകൾ അനായാസേന കൈകാര്യം ചെയ്തിരുന്നു.

ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനിയുടെയും വന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും പ്രിയപ്പെട്ടവനായിരുന്നു ദാനിയേൽ അച്ചൻ. അതിനാൽതന്നെ 1977ൽ റിട്ടയർമെന്റിനു ശേഷം ബനഡിക്ട് പിതാവ് അച്ചനെ പട്ടം അരമനയിൽ തന്നെ താമസിപ്പിച്ചു. അതിനുശേഷം കേശവദാസപുരത്തെ ക്ലർജി ഹൗസിലും തുടർന്ന് തുമ്പമൺ മാമ്പിലാലിയിലെ ഭവനത്തിലും അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു.
1983ൽ പൗരോഹിത്യ സുവർണ്ണജൂബിലി ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് നേരിട്ട് നേതൃത്വം നൽകി മാതൃഇടവകയിലും ഭവനത്തിലുമായി ആഘോഷിക്കുകയുണ്ടായി.

യുവാക്കൾക്ക് വിദ്യാഭ്യാസം നല്കുന്നതിലും വായനാശീലം വർദ്ധിപ്പിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്ന അച്ചൻ തന്റെ വിപുലമായ ഗ്രന്ഥശേഖരം നൽകി തുമ്പമൺ മാമ്പിലാലി പബ്ലിക് ലൈബ്രറി സ്ഥാപിക്കുവാൻ മുൻകൈ എടുത്തു.

മാമ്പിലാലി പള്ളിയിൽ വികാരിയായിരുന്നുകൊണ്ട് പമ്പുമല പള്ളിയിലും വികാരിയായി സേവനം ചെയ്യുന്ന സമയത്ത് സഭയുടെ എതിരാളികൾ ഓലമേഞ്ഞ പമ്പുമല പള്ളിക്ക് തീയിടുകയും അവർ തന്നെ അവരുടെ പള്ളിയിൽ ചില നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തശേഷം അച്ചനെ പ്രതിയാക്കി കേസ് കൊടുക്കുകയും ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. അപ്പീലിൽ ആലപ്പുഴ സെഷൻസ് കോടതിയും ശിക്ഷ ശരി വച്ചു. പിന്നീട് ഹൈക്കോടതി റിവിഷൻ ഹർജിയിൽ അദ്ദേഹത്തെ വെറുതെ വിട്ടു. വാഹനസൗകര്യം തീരെ ഇല്ലാതിരുന്ന അക്കാലത്ത് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ ദിവസങ്ങളിൽ തുമ്പമൺ മാമ്പിലാലിയിൽ നിന്ന് കാൽനടയായിട്ടാണ് (18 Km) അദ്ദേഹം ഹാജരായിക്കൊണ്ടിരുന്നത്. കാരണം കൂടാതെ തനിക്കെതിരെ വ്യാജമായി പരാതികൾ നൽകിയവരോടോ അപകീർത്തിപ്പെടുത്താൻ പരിശ്രമിച്ചവരോടോ ഒന്നും യാതൊരു പരാതിയും പരിഭവുമില്ലാതെ ദുഖങ്ങളെല്ലാം ആ സംന്യാസി ഉള്ളിലൊതുക്കി.

1939ൽ തിരുവനന്തപുരത്ത് പട്ടം അരമനയിൽ പോയി മാർ ഈവാനിയോസ് പിതാവിനെ ആദ്യമായി കണ്ട അവസരത്തിൽ ചിരപരിചിതനെപ്പോലെ പിതാവ് ഗാഢമായി ആലിംഗനം ചെയ്ത് സ്വീകരിച്ചതും തിരുവനന്തപുരത്തെ താമസവുമെല്ലാം പിന്നീട് പലപ്പോഴും സന്തോഷത്തോടെ അച്ചൻ പങ്കുവെക്കാറുണ്ടായിരുന്നു.

പൗരോഹിത്യ ജീവിതത്തിന്റെ ആദ്യ നാളുകളിലെ മിഷൻ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച അച്ചൻ മാമ്പിലാലിയിലും സമീപ ഇടവകകളിലും വികാരിയായിരുന്നപ്പോൾ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത അനേകർക്ക് ക്രിസ്തുസ്നേഹം പകർന്നുനൽകി സഭാമക്കളാക്കി.

അച്ചന്റെ ജീവിത മാതൃക പിൻപറ്റി ധാരാളം യുവാക്കൾ പൗരോഹിത്യ ജീവിതത്തിൽ ആകൃഷ്ടരാകുകയും പിന്നീട് വൈദീകരാകുകയും ചെയ്തിട്ടുണ്ട്. മാമ്പിലാലി ഇടവകയിലെ ഫാ. ഇടിക്കുള പാണ്ടിയത്ത്, ഫാ.തോമസ് മാവിലേത്ത് O.I.C, ഫാ.ജോഷ്വ ചുട്ടിപ്പാറ എന്നിവർ ഇവരിൽ ചിലരാണ്.

ദീർഘകാലം മാമ്പിലാലി ഇടവകയിലെ വികാരിയായി ഇരുന്നുകൊണ്ടുതന്നെ സമീപ ഇടവകകളായ തട്ട, മുട്ടത്തുകോണം, പമ്പുമല, കൈപ്പട്ടൂർ, ഏറത്തുമ്പമൺ, അടൂർ, പഴകുളം, പെരിങ്ങനാട്, പാറക്കൂട്ടം എന്നീ ഇടവകകൾ രൂപീകരിക്കുന്നതിനും വളർത്തുന്നതിനും സ്തുത്യർഹമായ നേതൃത്വം നൽകി. അതിനുശേഷം പുലിയൂർ, പുത്തൻകാവ്, ചെറിയനാട്, പന്തളം സൗത്ത്, ഉളനാട്, കുമ്മല്ലൂർ (മുഖത്തല), ആദിച്ചനല്ലൂർ, ചെങ്കുളം, ഓടനാവട്ടം, ചാത്തന്നൂർ എന്നിവിടങ്ങളിൽ വികാരിയായിരുന്നിട്ടുണ്ട്.

ദാനിയേൽ അച്ചന്റെ അമ്മ നരിയാപുരം പറമ്പിൽ കുടുംബാംഗമായിരുന്നു. പിതാവായ കോരുത് പാർവ്വത്തിയാർ (വില്ലേജ് ഓഫീസർ) ആയിരുന്നു, വളരെ ചെറുപ്പത്തിൽ 33-ാം വയസ്സിൽ മരണമടഞ്ഞു. ഏക സഹോദരി മറിയാമ്മയെ തുമ്പമൺ പകലോമറ്റം വടക്കേടത്ത് മാവിലേത്ത് മത്തായി ഫിലിപ്പോസാണ് വിവാഹം കഴിച്ചത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായശേഷം ഇരുപത്തിയൊമ്പതാം വയസ്സിൽ സഹോദരി മരണമടഞ്ഞു. റവ. ഫാ. തോമസ് മാവിലേത്ത് O.I.C സഹോദരീ പുത്രനാണ്. ബാല്യത്തിലേ പിതാവും ജീവിതമാരംഭിച്ചപ്പോഴേ ഏക സഹോദരിയും നഷ്ടമായ സങ്കടങ്ങളെല്ലാം ദൈവസന്നിധിയിൽ ചേർത്തുവെച്ച് അച്ചൻ ജീവിച്ചു.

തുമ്പമണ്ണിലെ വീട്ടിൽ വിശ്രമജീവിതം നയിക്കവെ 1986 ഒക്ടോബർ 9ന് വാർദ്ധക്യസഹജമായ രോഗങ്ങളാൽ ദാനിയേലച്ചൻ അന്തരിക്കുകയും ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ തുമ്പമൺ മാമ്പിലാലി സെന്റ് തോമസ് പള്ളിയിൽ, മദ്ബഹായുടെ വടക്ക് ഭാഗത്തായി സംസ്കരിക്കുകയും ചെയ്തു.

കടപ്പാട്: സെബാസ്റ്റ്യൻ ഫിലിപ്പ് പുത്തൻപുരയിൽ (സഹോദരീ പൗത്രൻ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment