പുലർവെട്ടം 352

{പുലർവെട്ടം 352}

“Maybe that’s why life is so precious. No rewind or fast forward… just patience and faith.”

– Cristina Marrero

ഹൃദയൈക്യമുള്ള കുറച്ച് ഡോക്ടർമാരുടെ ഒത്തുചേരൽ ഈ കോവിഡ്‌കാലത്തിനു തൊട്ടുമുൻപുണ്ടായിരുന്നു. ‘താവു’ എന്നൊരു ചങ്ങാതിക്കൂട്ടത്തിന്റെ താല്പര്യത്തിലായിരുന്നു അത്. പതിനഞ്ചോളം വരുന്ന ഡോക്ടർമാരുടെ ഒരു സൗഹൃദസമൂഹം ഒരു ചെറിയ ക്ലിനിക്കിൽ മാസത്തിൽ രണ്ടു പ്രാവശ്യം ടേണെടുത്ത് വൈകുന്നേരങ്ങളിൽ ആ പരിസരത്തുള്ളവരുടെ ആരോഗ്യ ആശങ്കകൾക്ക് സമാധാനത്തിൽ ഉത്തരം നൽകുകയും ആരെ കാണണമെന്നൊക്കെ നിർദേശിക്കുകയും ചെയ്യുന്നു; ഒരുതരം ഹെൽത് കൺസൾട്ടൻസി. A patient doctor എന്നൊരു റ്റാഗാണ് അതിനുവേണ്ടി കരുതിയത്; സമാധാനമുള്ള ഒരു ഡോക്ടർ. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കർമമണ്ഡലങ്ങളിലും ആ ഒരു നാമവിശേഷണം ആഴത്തിൽ പതിയേണ്ടതുണ്ടെന്നു തോന്നുന്നു. ദൈവദൂതന്മാരെക്കണക്കാണ് ഇപ്പോഴും വൈദ്യന്മാരെ നമ്മൾ കരുതുന്നത്. ഒരു ആശുപത്രിവാർഡിലൊക്കെ റൗണ്ട്സിനു വരുന്ന ഡോക്ടറുടെ ഏരിയൽ ചിത്രമെടുത്താൽ വേദപുസ്തകത്തിലെ കുളിപ്പടവുകളിലേക്ക് തിരയിളക്കി വരുന്ന മാലാഖാമാരായിട്ടുതന്നെ തോന്നും. അവർ സമാധാനത്തിൽ പറഞ്ഞുതന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ?

സുവിശേഷഭാഷയിൽ പരിശുദ്ധാത്മാവിന്റെ ഒൻപതു ഫലങ്ങളിൽ ഒന്നാണ് patience. കുറേക്കൂടി പ്രശാന്തതയോടെ കേൾക്കാൻ കഴിയാത്തതുകൊണ്ടുമാത്രം ഞാൻ ചിതറിച്ച ചിലരുടെ ഓർമ കനമുള്ളതാണ്. ക്രോധത്തിന്റെ കനലിൽ ഭൂമിയിലെ വൈക്കോൽപ്പുരകൾക്ക് തീ പിടിക്കുന്നു.

മിഡിൽ ഈസ്റ്റിൽ നിന്ന് ഒരു പഴങ്കഥയുണ്ട്. മരുഭൂമിയിലെ ചൂടിനെ ഒഴിവാക്കാൻ സന്ധ്യ മയങ്ങുന്നതുവരെ പുഴയോരത്ത് കാത്തിരിക്കേണ്ടിവന്ന മൂന്ന് യാത്രികർ. അവരോട് തീരത്തുനിന്ന് വെള്ളാരങ്കല്ലുകൾ ശേഖരിക്കാനാണ് ഒരു അശരീരി ആവശ്യപ്പെട്ടത്. ‘ഇനി മതി’യെന്നു പറഞ്ഞുതീരുമ്പോൾ ഒരു കാര്യം കൂടി മുഴങ്ങി, “എങ്ങും നിർത്താതെ യാത്ര തുടരുക. നാളെ പ്രഭാതത്തിൽ ഒരേ നേരത്ത് ആനന്ദവും ദുഃഖവും തരുന്ന വർത്തമാനം നിങ്ങളെ കാത്തിരിപ്പുണ്ട്.” പുലരിയിൽ അത് അച്ചട്ട് സംഭവിച്ചു. കരുതിയ കല്ലുകൾ വൈഡൂര്യങ്ങളായി. ഒപ്പം, ഖേദവും വന്നുമൂടി; കുറേക്കൂടി ശേഖരിക്കാമായിരുന്നു. ഏതൊരു സുകൃതവുമായും ബന്ധപ്പെട്ട് സംഭവിക്കാവുന്ന വീണ്ടുവിചാരമാണിത്: കുറേക്കൂടി നന്നായി, കുറേക്കൂടി ശബ്ദം താഴ്ത്തി, കുറേക്കൂടി കണ്ണുകളിലേക്ക് ഉറ്റുനോക്കി, കുറേക്കൂടി ശ്രദ്ധയോടുകൂടി ചില കാര്യങ്ങൾ സംവദിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ!

‘പേഷ്യൻസി’ന്റെ ഗ്രീക്ക് പദം makrothumia എന്നാണ്; രണ്ടു പദങ്ങൾ ചേർന്നാണത്. ആദ്യപാതിയുടെ അർത്ഥം ‘ക്ഷോഭം’ എന്നും രണ്ടാമത്തേതിന്റേത് ‘മെല്ലെ’ എന്നും. ചുരുക്കത്തിൽ being able to handle one’s own anger slowly. ഒരു പുതിയ ദേശത്തേക്ക് യാത്ര ചെയ്യുന്നതുപോലെയാണ്. വശങ്ങളിലെ അടയാളപ്പലകകൾ നോക്കിയും ലാൻഡ്മാർക്കുകൾ ശ്രദ്ധിച്ചും ഗൂഗ്‌ൾ നിർദേശങ്ങൾ കേട്ടും തീരെ പതുക്കെയാണ് വണ്ടി പോകുന്നത്. അതുകൊണ്ടുതന്നെ ചുറ്റിനും നിന്ന് ഹോൺമുഴക്കങ്ങളും അമർഷത്തിന്റെ ശരീരഭാഷകളുമുണ്ടാവുന്നു. അതു സാരമില്ല. പുതിയൊരു ലോകത്തേക്ക് പ്രവേശിച്ച സാധകന് മെല്ലെ സഞ്ചരിച്ചേ തീരൂ.

സെമിനാരിയിൽ വച്ചാണ്. വളരെയേറെ അംബീഷ്യസായ ഒരു ചങ്ങാതി പെട്ടെന്ന് ബുദ്ധനാവുന്നു. വിലപിടിപ്പുള്ള ജീൻസുകൾ ചങ്ങാതിമാർക്ക് കൈമാറുന്നു. പേന, പുസ്തകമൊക്കെ പങ്കിടുന്നു. മുടിഞ്ഞ പ്രാർത്ഥന. പെട്ടെന്നുണ്ടായ ഭാവവ്യത്യാസത്തിന് കാരണം തിരക്കി.

“നിന്നോടായതുകൊണ്ട് പറയാം. എനിക്കധികം ദിനങ്ങളില്ല. ഇന്നോളം കേട്ടിട്ടില്ലാത്ത ഒരു അസുഖമുണ്ടെനിക്ക്, കണ്ണിൽ നിന്ന് രക്തത്തുള്ളികൾ പൊടിക്കുന്നു.”

സ്വാഭാവികമായി നമ്മളും ഭയന്നു. നേത്രഡോക്ടറുടെ മുറിയിൽ ഒറ്റയ്ക്ക് കയറാൻ ധൈര്യമില്ലാത്തതുകൊണ്ട് കൂടെ കയറി. രോഗവിവരം പറഞ്ഞു. അദ്ദേഹമാകട്ടെ, മരണാസന്നനായ ഈ രോഗിയെ നോക്കാൻ പോലും കൂട്ടാക്കാതെ ഒരു ഓയിൻമെന്റ് എഴുതിത്തന്നു. അന്നതിന് 20 രൂപയായിരുന്നു വില. മടങ്ങിവരുമ്പോൾ ചങ്ങാതി ചോദിച്ചു, “നമ്മുടെ ജീൻസ് തിരിച്ചുപിടിക്കാൻ വല്ല മാർഗവുമുണ്ടോ?”

Subconjunctival hemorrhage എന്നാണ് ഓയിൻമെന്റ് പോലും ആവശ്യമില്ലാത്ത ഈ കണ്ണിൽക്കേടിനു പേരെന്ന് ഡോ. മിലാനി.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment