പുലർവെട്ടം 358

{പുലർവെട്ടം 358}

Now she was gone out, they left her in the earth

Flowers grow, butterflies flutter overhead…

She, the light one, scarcely dented the earth

How much pain was needed till she became so light!

  • Bertolt Brecht / Of My Mother

വിയോഗാനന്തരം അവരവളെ മണ്ണിൽ കിടത്തി,

അവൾക്കു മീതെ പൂക്കൾ വിരിഞ്ഞിരുന്നു, പൂമ്പാറ്റകൾ ചിറകടിച്ചു,

തീരെ കനമില്ലാതെ അവൾ, ഭൂമിയെ തെല്ലും ഭാരപ്പെടുത്താതെ.

എത്ര വേദനകളിലൂടെയായിരിക്കണം അവളിത്ര കനം കുറഞ്ഞവളായി മാറിയത്!

അമ്മ മരിച്ചിട്ട് ഇതിന്ന് രണ്ടാം വർഷമാണ്. പ്രായമുള്ളവരുടെ പ്രായമുള്ള അപ്പനമ്മമാർ മരിക്കുക എന്നത് പ്രകൃതിയുടെ കേവലനിയമമായി നിലനിൽക്കുന്നതുകൊണ്ട് അതിൽ കാര്യമായി ഖേദിക്കാനൊന്നുമില്ലെന്നുതന്നെയാണ് കരുതിയിരുന്നത്. ഒരിക്കൽ, പ്രായമായ അപ്പന്റെ മരണത്തെ യാഥാർത്ഥ്യബോധത്തോടെ അഭിമുഖീകരിക്കുവാൻ സ്നേഹിതയെ പ്രേരിപ്പിക്കുമ്പോൾ നിനച്ചിരിക്കാതെയാണ് അവർ ക്ഷുഭിതയായത്. അതൊരു എക്സപ്ഷനലായ വിക്ഷോഭമായി മാത്രം വിചാരിച്ചു. ഇപ്പോളറിയാം അതത്ര സരളമല്ലെന്ന്.

ഒരു മരണവീട്ടിൽ ഒരു അധ്യാപകൻ കാട്ടിയ കുസൃതി ചെറുപ്പത്തിൽ വീടിനകത്ത് ഞങ്ങൾക്കൊരു ഫലിതമായിരുന്നു. നൂറു വയസുള്ള അപ്പന്റെ മരണത്തിന് മഞ്ചത്തിനരികെ നിന്ന് ഫോട്ടോയെടുക്കുവാൻ എഴുപതു വയസിനപ്പുറവും ഇപ്പുറവുമുള്ള മക്കൾ നിരന്നുനിൽക്കുമ്പോൾ പന്തൽക്കാലിനെപ്പോലും ദുഃഖത്തിലാഴ്ത്തി അദ്ദേഹം ഉറക്കെ നിലവിളിച്ചു: “ഈ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങൾക്ക് ഇനിയാരുണ്ടപ്പാ!”

ഇതൊന്നും ഇനിമേൽ ഫലിതമായി പരാമർശിക്കപ്പെടുകയില്ല എന്നതാണ് ഇപ്പോഴെത്തിയിരിക്കുന്ന വിവേകം.

ചിലതൊക്കെ ആരാലും ഒന്നിനാനും പൂരണമില്ലാതെ നിൽക്കുന്നുണ്ട്. അതിലൊന്ന് നമ്മുടെ വൈകാരികലോകത്തെ ഖേദങ്ങളും നേട്ടങ്ങളും അത്രയും ജെനുവിൻ ആയി ഏറ്റെടുക്കുവാനും അതൊക്കെ ഏറ്റുപറയാനും നമുക്കൊരിടം ഇല്ലാതെ പോകുന്നു എന്നതുതന്നെ. സഞ്ജയ് പങ്കുവച്ച കഥ പോലെ, മരണാനന്തരം ദൈവസന്നിധിയിലെത്തിയ ഒരാൾ സർവാത്മാ നരകത്തിനു യോഗ്യനാണെന്നറിഞ്ഞിട്ടും അയാളുടെ ഇഷ്ടവിനോദമായ ഗോൾഫ് കളിക്കാനാണ് ദൈവം അയച്ചത്. കണ്ണെത്താദൂരത്തിലുള്ള പുൽമൈതാനത്ത് കളിക്കുന്നു, അയാളടിക്കുന്ന പന്തുകളെല്ലാം കൃത്യമായി കുഴിയിൽ വീഴുന്നു, ഒരടി പോലും പാഴാവുന്നില്ല. അങ്ങനെ കളി മുന്നേറുകയാണ്. മാലാഖ ദൈവത്തോട് അമ്പരന്നു, “ഇതെന്തു തരം ശിക്ഷയാണ്?” ദൈവം തല മറന്നു ചിരിക്കുകയാണ്. “ഈ തെണ്ടി ഇതൊക്കെ ആരോടു പോയി പറയും!”

അതാണ് ശരിയായ ശിക്ഷ. ചെറിയ ലാഭനഷ്ടങ്ങളുടെ കണക്കു പറഞ്ഞുകേൾപ്പിച്ചിരുന്ന ആ മുറി ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്.

Adult Orphan Club എന്നൊരു ഒത്തുചേരലുണ്ട് വിദേശരാജ്യങ്ങളിൽ. വൈകി അനാഥരാകുന്നവരെ, തിരിച്ചുപിടിക്കാനും യാഥാർത്ഥ്യബോധത്തോടെ നേരിടാനും പ്രാപ്തരാക്കുകയാണ് അതിന്റെ ധർമ്മം. അപ്പോൾ പ്രശ്നം നമ്മുടേതു മാത്രമല്ല, ഗോളാന്തരമാണ്. നിരവധി ഗ്രന്ഥങ്ങൾ ആ ദിശയിൽ രചിക്കപ്പെട്ടിട്ടുണ്ട്. ചിലതിന്റെയെങ്കിലും വായനകൾ സ്വയം സഹായിക്കാനോ ആരെയെങ്കിലും തുണയ്ക്കാനോ ഉപകാരപ്പെടും. വിശേഷിച്ചും ഫ്ലോറ ബേക്കറുടെ The Adult Orphan Club: How I Learned to Grieve the Loss of My Parents.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment