❤️🎈🎆ക്രിസ്തുമസ് ബലൂൺ 🎈💞2020🌹🎉🎊 06 💞
അരുണാചൽ പ്രദേശിലെ റീജൻസി കാലഘട്ടം. ബിഷപ്ഹൗസിനോട് ചേർന്നുള്ള സെമിനാരിയിലെ ബ്രദേഴ്‌സിൻ്റെ കൂടെയാണ്. ചെന്നിട്ട് അതികം ദിവസങ്ങളായിട്ടില്ല. അതിനിടയിൽ സെമിനാരിയിലെ ഒരു കൊച്ചു ബ്രദറിൻ്റെ കാൽ, കളിക്കിടയിൽ വീണു പൊട്ടി. അറിയാവുന്ന വിധത്തിൽ മരുന്നൊക്കെ വച്ച് കിട്ടിയെങ്കിലും അത് ശരിയായില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും അല്പം കൂടി മോശമായി. ബിഷപ്ഹൗസിൽ അപ്പോൾ അച്ചന്മാരോ പിതാവോ ഇല്ല. ഇനിയും വൈകിയാൽ അപകടമാകും എന്നെനിക്കു തോന്നി. ആശുപത്രിയും ഡോക്ടറും ഒക്കെ പാവപ്പെട്ടവർക്ക് ഇന്നും അവിടെ വലിയ ആർഭാടങ്ങളാണ്. ഗവണ്മെന്റ് ആശുപത്രികളിൽ ആരും പോകണമെന്ന് ഗവണ്മെന്റിനുപോലും ആഗ്രഹമില്ലാത്ത അവസ്ഥ.
ഒരു 16 km അകലെയായി രൂപതയുടെ സോഷ്യൽ സർവീസ് സെൻ്ററിൽ ഒരു സിസ്റ്റർ ഉണ്ടെന്ന് കേട്ടു. ബോംബയിലെ അതിപ്രശസ്തമായ ആശുപത്രിയിൽ ഉയർന്ന നഴ്സിംഗ് പദവി രാജി വച്ച്, ശമ്പളമൊന്നും കിട്ടാത്ത, കറന്റോ വെളിച്ചമോ, ശുദ്ധ ജലമോ കിട്ടാൻ ബുദ്ധിമുട്ടുള്ള , ഈ നാട്ടിൽ പാവങ്ങളെ സേവിക്കാനായി എത്തിയ സിസ്റ്റർ വളരെ ‘കൈപ്പുണ്യം’ ഉള്ള ആളാണെന്നും സിസ്റ്റർ മുറിവ് വച്ചുകെട്ടിയാൽ ഏതു മുറിവും ഉണങ്ങുമെന്നും അവിടെയുള്ളവർ പറഞ്ഞു. കാല് വയ്യാത്ത ബ്രദറിനെയും, വഴി കാണിക്കാൻ ഒരു പയ്യനെയും കൂട്ടി ‘പ്ലാറ്റിന’ ബൈക്കിലാണ് യാത്ര. മഴ മത്സരിച്ചു പെയ്യുന്നുണ്ട്. കൂടെയുള്ള പയ്യന് ആസ്സാമീസും മുറി ഹിന്ദിയും മാത്രമേ അറിയൂ. എനിക്ക് പത്താം ക്‌ളാസ്, കേരള സിലബസ് ഹിന്ദിയും. മഴ കാരണം വഴി വളരെ പരിതാപകരമാണ്. ഞാൻ ആദ്യമായാണ് അരുണാചലിൽ ചെന്നിട്ട് പുറത്തിറങ്ങുന്നത്. ഒരു പരിചയവുമില്ല. എങ്കിലും യാത്ര തുടങ്ങി. പോകുന്ന വഴിയിൽ പോസ്റ്റ് ഓഫീസ് കണ്ടപ്പോൾ ഞാൻ കുറച്ചു ഇൻലൻഡും ഒരു കടയിൽ നിന്ന് മൂന്നു ബാറ്ററിയും വാങ്ങിയിരുന്നു. ഫോണും കറന്റും ഒന്നും ഇല്ലാത്ത അവിടെ ഇതൊക്കെ അത്യാവശ്യമാണ്. മടങ്ങിച്ചെന്നിട്ട് വീട്ടിലേക്ക് കത്തെഴുതണം എന്ന് കരുതിയിരുന്നു. പോകേണ്ടിടത്തേക്കുള്ള പാലം ഞങ്ങൾ ചെന്നപ്പോഴേക്കും മഴയിൽ ഒലിച്ചുപോയിരുന്നു. വേറെ ഒരു വഴിയിലൂടെയാണ് പിന്നെ ബൈക്കോടിച്ചത്. കുറെ കഴിഞ്ഞപ്പോൾ ബൈക്കിനു മുൻപോട്ട് പോകാൻ ആകാത്ത അവസ്ഥ വന്നു. പിന്നെ ഇറങ്ങി നടന്നു, കാല് വയ്യാത്ത ബ്രദറിനെ താങ്ങിപ്പിടിച്ചുകൊണ്ട്, മുട്ടുവരെ ചെളിയിൽ, എങ്ങനെയൊക്കെയോ സോഷ്യൽ സർവീസ് സെൻ്ററിൽ എത്തി. ചെന്നപ്പോൾ സിസ്റ്റർ ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു. മലയാളിയാണെന്നറിഞ്ഞപ്പോൾ സമാധാനമായി, സംസാരിച്ചു. സിസ്റ്റർ വേഗം കടും കാപ്പി നൽകി. മുറിവെല്ലാം കഴുകി വൃത്തിയാക്കി, മരുന്ന് നൽകി. എനിക്കും കൊച്ചുബ്രദറിനും ആശ്വാസവും സമാധാനവും ആയി. മൂന്നുദിവസം കഴിയുമ്പോൾ ഇനിയും വരണമെന്ന് പറഞ്ഞ് സിസ്റ്റർ യാത്രയാക്കി. പക്ഷേ, സിസ്റ്ററുടെ ആതിഥ്യം സ്വീകരിച്ച് മടങ്ങിയപ്പോൾ ഇൻലൻഡും ബാറ്ററിയും എടുക്കാൻ മറന്നു. തിരികെയെത്തി വൈകുന്നേരമായപ്പോഴേക്കും അതെവിടെയാണ് മറന്നുവച്ചതെന്ന് ഓർത്തെടുക്കാനും സാധിച്ചില്ല. വഴിയിലെവിടെയോ നഷ്ടപ്പെട്ടുപോയി എന്നാണു കരുതിയത്.
അൽപദിവസങ്ങൾക്കുശേഷം കൊച്ചുബ്രദറിൻ്റെ മുറിവ് വച്ചുകെട്ടുവാൻ സിസ്റ്ററെ കാണാൻ ചെന്നു. ചായ കുടിക്കുന്നതിനിടെ സിസ്റ്റർ ഒരു കാര്യം പറഞ്ഞു.
“എൻ്റെ ബ്രദറെ, അന്ന് ബ്രദർ വന്ന ദിവസം എനിക്കുവേണ്ടി ഈശോ ഒരത്ഭുതം പ്രവർത്തിച്ചു. കുറെ ദിവസമായി എനിക്ക് വീട്ടിലേക്ക് കത്തെഴുതണം എന്ന് തോന്നാൻ തുടങ്ങിയിട്ട്. അമ്മ സുഖമില്ലാതെ കിടപ്പിലാണ്. ഫോൺ വിളിച്ചാലൊന്നും ഇവിടെ കിട്ടില്ലല്ലോ. എൻ്റെ കയ്യിലെ ടോർച്ചിലെ ബാറ്ററി തീർന്നുപോയിട്ടും കുറെ ദിവസമായി. മഴയായതുകൊണ്ട് പുറത്തിറങ്ങാൻ ആകുന്നില്ല, മാത്രമല്ല, പാലം ഇല്ലത്തതിനാൽ കടയിൽ പോയി വാങ്ങാനും സാധിക്കാതെ വിഷമിച്ചിരിക്കുകയായിരുന്നു. അന്നേദിവസം ബ്രദർ വരുന്നതിനു മുൻപ് ഞാൻ ചാപ്പപ്പലിൽ കയറി ഈശോയോട് അല്പം ഗൗരവമായി വഴക്കിട്ടു. ഈ നാട്ടിലെ പാവങ്ങളുടെ ഇടയിൽ സേവനം ചെയ്യാൻ വന്നിട്ട് എനിക്ക് ഒരു ബാറ്ററി വാങ്ങാനോ അമ്മയ്ക്ക് ഒരു കത്തെഴുതാൻപോലും സാധിക്കുന്നില്ലല്ലോ എന്ന് ഞാൻ ഈശോയോട് പരിഭവം പറഞ്ഞു. അന്ന് വൈകീട്ട് എനിക്ക് ഒരു പ്ലാസ്റ്റിക് കൂടിൽ അഞ്ചു ഇൻലൻഡും എനിക്കാവശ്യമുള്ള ടൈപ്പ് 3 ബാറ്ററിയും കിട്ടി. അന്നിവിടെ, നിങ്ങളല്ലാതെ ആരും വന്നിട്ടില്ല. നിങ്ങൾ വേഗം പോവുകയും ചെയ്തല്ലോ. ആരാണ് ഇതിവിടെ എത്തിച്ചതെന്ന് അറിയില്ല. ഏതായാലും ദൈവം എൻ്റെ പ്രാർത്ഥന കേട്ടു. എനിക്ക് വലിയ സന്തോഷമായി. ചെറുതെങ്കിലും കർത്താവിൻ്റെ കരുതൽ എനിക്ക് അനുഭവിക്കാനായി”.
ഇത് പറഞ്ഞിട്ട് ആ സിസ്റ്റർ കരയുകയാണ്. “ചിലപ്പോളൊക്കെ കർത്താവ് നമുക്ക് വേണ്ടി മാലാഖമാരെ അയക്കും. പക്ഷെ അവരെ കാണാൻ പറ്റില്ല”
ഇതുപറഞ്ഞു കഴിന്നപ്പോൾ ആ ഇൻലൻഡും ബാറ്ററിയും എൻ്റെതായിരുന്നല്ലോ എന്ന് ഞാൻ ഓർത്തു. സിസ്റ്റർ കാണാത്ത മാലാഖ ഞാനാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ സിസ്റ്ററോട് സ്തുതിയും ചൊല്ലി ഇറങ്ങി, എന്നെ ഒരു മാലാഖയാക്കിയതിൽ ദൈവത്തിനു നന്ദിയും പറഞ്ഞുകൊണ്ട്.
ജോസഫ് ഈജിപ്തിലെ ഫറവോയുടെ വിശ്വസ്തനാകുന്നതിനുമുന്പ് അവനൊരു കഥയുണ്ട്. സ്വന്തം സഹോദരങ്ങളുടെ അസൂയ മൂലം കിണറ്റിലെറിയപ്പെട്ടവനും അടിമയായി വിലക്കപ്പെട്ടവനുമാണ് അവൻ. പക്ഷേ അതവനും ഇസ്രായേലിനു മുഴുവനും, എന്തിനു അവൻ്റെ സഹോദരങ്ങൾക്കുപോലും അനുഗ്രഹമായി മാറുന്നു. ജോസഫിൻ്റെ നിഷ്കളങ്കത ദൈവം എടുത്തുപയോഗിക്കുന്നു. അവനെ കിണറിൽ നിന്നും എടുത്ത് അടിമയാക്കി, അടിമയിൽ നിന്നും അവനെ കാരാഗൃഹത്തിലേക്കും അവിടെ നിന്ന് സേവകനിലേക്കും പിന്നെ ഉയർന്ന ഉദ്യോഗങ്ങളിലേക്കും അവസാനം ഫറവോ കഴിഞ്ഞാൽ ഏറ്റവും വലിയ ആൾ എന്ന ഉന്നത സ്ഥാനത്തേക്കും അവനെ ഉയർത്തി. അവൻ്റെ കനൽ വഴികൾ ഈജിപ്തിൻ്റെയും ഇസ്രയേലിൻ്റെയും നിലനിൽപിന് ആധാരമാക്കി ദൈവം മാറ്റി. എല്ലാവരും ഭക്ഷണം കിട്ടാതെ വിശന്നുമരിച്ച നാളുകളിൽ ഈജിപ്തും ഇസ്രായേലും പിടിച്ചു നിന്നത് ജോസഫ് സൂക്ഷിച്ചുവച്ചിരുന്ന ധാന്യങ്ങൾ ഉപയോഗിച്ചാണ്.
ജോസഫ് നൽകിയ ധാന്യമാണ് അവനെ ഉപദ്രവിച്ചവരെ പോലും വിശന്നുമരിക്കാതെ പിടിച്ചു നിറുത്തിയത്. അവരുടെ അതിജീവനം ജോസഫ് നൽകിയ കരുണയിൽ നിന്നാണ്.
പുൽക്കൂട്ടത്തിലെ ഈശോ സമ്മാനമായി അവനെത്തന്നെ നമുക്ക് നൽകുകയാണ്. പുൽക്കൂട് നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ജീവിതം സമ്മാനമാക്കി നാം ആരെയെങ്കിലുമൊക്കെ രക്ഷിക്കണം എന്നതാണ്. ഈ ക്രിസ്തുമസ്സ് ചുറ്റുമുള്ളവർക്ക് നാം നമ്മെത്തന്നെ സമ്മാനമാകുന്ന അനുഭവത്തിലേക്ക് നമ്മെ നയിക്കട്ടെ.
Fr Sijo Kannampuzha OM


Leave a comment