🌲🎄 Jingle Bells  🎼🎻 ഡിസംബർ 06, 2020🍁

🌲🎄 Jingle Bells  🎼🎻 ഡിസംബർ 06, 2020🍁

ദേശാടനം

“സബ് രോം കി സിന്ദഗി ജോ കഭി നഹി കതം ഹോ ജാത്തി ഹേ”. ഹരിമുരളീരവം എന്ന ലോകം മുഴുവനും കീഴടക്കിയ ഗാനത്തിന് introductory note ആയി മോഹൻലാൽ പറഞ്ഞുവയ്ക്കുന്ന ഡയലോഗ് ആണ്. എന്തിനോവേണ്ടി അലയുന്നവന്റെ, പഥികന്റെ യാത്രകളൊന്നും ഒരിക്കലും അവസാനിക്കുന്നില്ലത്രേ..

ഒരർത്ഥത്തിൽ പറഞ്ഞാൽ നമ്മളെല്ലാവരും യാത്രയിൽ അല്ലേ?
മരണംവരെ തീരാത്ത യാത്ര..?

വേദപുസ്തകത്തിലെ ക്രിസ്തുമസ് വിവരണങ്ങളും യാത്രകളുടേതാണ്. അല്പം കൂടി ഒന്ന് മാറ്റി വായിക്കുകയാണ്.. ക്രിസ്തുമസ് വിവരണങ്ങളിലെ എല്ലാ കഥാപാത്രങ്ങളും displaced ആണ്..! ആരും സ്വന്തം മണ്ണിൽ ഇല്ല,
ആരും സ്വന്തം കൂരയ്ക്ക് കീഴെയുമില്ല. എങ്ങോട്ടൊക്കെയോ ചിതറിക്കപ്പെട്ടവർ !

പ്രസവത്തിന്റെ ഏറ്റവും അടുത്ത ദിവസങ്ങളിൽ ആ പാവം തച്ചനെയും നിറവയറുമായി നിന്ന അവന്റെ പെണ്ണിനെയും അവരുടെ ഭവനത്തിൽനിന്ന് കർത്താവ് ഓടിയ്ക്കുകയാണ്.. അങ്ങ് ദൂരേയ്ക്ക് !

മഞ്ഞത്ത് ഉണ്ണിയേശുവിന് കൂട്ടിരുന്ന ഇടയന്മാരാരും ആ നാട്ടുകാർ ആയിരുന്നില്ല, ആടുകൾക്ക് ഭക്ഷണം തേടി താൽക്കാലികമായി അവിടെ തമ്പടിച്ച നാടോടികളായിരുന്നു..

രക്ഷകനെ തേടിവന്ന ജ്ഞാനികളോ, അവരും ദൂരദേശത്തുനിന്നു വന്നവർ..

ഉണ്ണിയേശുവിനെ കണ്ട് നിർവൃതിയടഞ്ഞ പ്രവാചകരായ ശിമയോനും അന്നയും സ്വന്തം വീടുവിട്ട് ദേവാലയത്തിൽ താമസമാക്കിയവരായിരുന്നു..

ഒരു കാര്യം സത്യമാണ്, അവൻ്റെ ജനനത്തിന് സാക്ഷ്യംവഹിച്ചവരും അവനെ കണ്ട് നിർവൃതിയടഞ്ഞവരുമെല്ലാം
‘പ്രവാസ’ത്തിൽ ആയിരുന്നു..

അല്ലെങ്കിലും, ദൈവത്തെ ആരാണ് സ്വന്തം മണ്ണിൽ വച്ച് കണ്ടുമുട്ടിയിട്ടുള്ളത് ? വിശ്വാസികളുടെ പിതാവായ അബ്രാഹത്തോട് ദൈവം പറഞ്ഞത് നിൻ്റെ സ്വന്തദേശത്തെയും വീടിനെയും വിട്ട് ഞാൻ പറയുന്ന ദൂരദേശത്തേക്ക് പോവുക എന്നല്ലേ ?

തേനും പാലും ഒഴുകുന്ന കാനാൻദേശത്തേക്ക് മോശയും കൂട്ടരും എന്തോരം നാൾ എത്ര കാതം നടന്നു !

നിനെവേയിൽ സ്വർഗം സ്ഥാപിക്കാൻ വേണ്ടി യോനാപ്രവാചകൻ എത്ര ദൂരം യാത്ര ചെയ്യേണ്ടിവന്നു, ഏതൊക്കെ ദുരിതവഴികളിലൂടെ കടന്നുപോയി !

ക്രിസ്തുമസ് നമ്മെ ഓർമ്മപ്പെടുത്തുന്ന ലളിതമായ ഒരു പാഠം ഇതാണ് –
– ഒരു ദേശാടനത്തിൽ ആയിരിക്കുക..!
– ചവിട്ടി നിൽക്കുന്നിടം തരുന്ന സുരക്ഷിതത്വങ്ങളും സ്വസ്ഥതകളും താൽകാലികമാണെന്ന് മനസിനെ ഇടയ്ക്കിടെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുക..

ദൈവം വരുത്തുന്ന displaced അനുഭവങ്ങളിൽ കുഞ്ഞുണ്ണീശോയുടെ മുഖം ധ്യാനിക്കുക..

ചിലപ്പോഴെങ്കിലും ഒരു ദേശാടനം, ഒരു പ്രവാസം നമുക്കൊക്കെ നല്ലതല്ലേ? ഏറെ സങ്കടപ്പെട്ടും, ബുദ്ധിമുട്ടിയുമൊക്കെ സ്വന്തം നാട്ടിൽനിന്നും വീട്ടിൽനിന്നും പ്രിയപ്പെട്ടവരിൽ നിന്നും ഒക്കെ മാറി നിൽക്കേണ്ടിവന്നെങ്കിലും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അതെല്ലാം നന്മയ്ക്ക് ആയിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നു..

സത്യമാണ് സുഹൃത്തേ, എന്റെ സ്വന്തം എന്ന് നീ വിചാരിക്കുന്ന ഭൂമികയിൽ നിന്ന് മാറിനിൽക്കാതെ ദൈവാനുഭവങ്ങളുടെ ഒരു വസന്തവും നിന്റെ മുന്നിൽ വിരിയുന്നില്ല.

നോമ്പുകാലം ചില ദേശാടനങ്ങളുടെതായി മാറേണ്ടേ?

പുതപ്പിനുള്ളിലെ സുഖകരമായ ഉറക്കത്തിൽ നിന്ന് പരിശുദ്ധ അൾത്താരയുടെ മുന്നിലേക്ക്…

സുഹൃത് വലയങ്ങളുടെ ആനന്ദങ്ങളിൽ നിന്ന്  ദാരിദ്ര്യത്തോടും രോഗത്തോടും പടവെട്ടി തളർന്നുപോകുന്നവന്റെ കുടിലുകളിലേക്ക്..

എന്റെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് അപ്പൻ്റെ വിയർപ്പൊഴുകുന്ന മുഖത്തേക്ക്..

ഫേസ്ബുക്ക് പേജ് തരുന്ന നിർവൃതികളിൽ നിന്ന് അമ്മയുടെ തഴമ്പു പിടിച്ച് കരിവാളിച്ച കൈത്തലങ്ങളിലേയ്ക്ക്‌..

ജോലിത്തിരക്ക് സമ്മാനിക്കുന്ന ഉന്മാദങ്ങളിൽ നിന്ന് നിന്നെ മാത്രം ധ്യാനിച്ച് ജീവിക്കുന്ന നിൻ്റെ ഭാര്യയുടെ പ്രകാശം നിറഞ്ഞ കണ്ണുകളിലേക്ക്..

പാർട്ടികൾക്കും ബിസിനസ്സ് മീറ്റിംഗു കൾക്കുമപ്പുറം നിന്നെ ഹീറോയായി കാണുന്ന മക്കളുടെ ‘സില്ലി’ ആയ കളിക്കളങ്ങളുടെ വർണ്ണലോകത്തേക്ക് ..

ഒരു ദേശാടനം നടത്തേണ്ടേ  സഹോദരാ നമുക്ക് ?

ഉണ്ണിയെ ധ്യാനിച്ചു ജീവിക്കുന്ന ഈ മഞ്ഞണിഞ്ഞ പ്രഭാതങ്ങളിൽ ചില ഇടങ്ങളിൽ നിന്നെല്ലാം ഞാൻ പടിയിറങ്ങേണ്ട സമയമായി ..

ദൈവത്തെ കണ്ടുമുട്ടുന്ന ചില ദേശാടനങ്ങൾക്കു സമയമായി…

ദൈവമേ, നീ ഒരുക്കുന്ന ദേശാടനങ്ങളെ മനസ്സ് കൊണ്ട് സ്നേഹിക്കാനും..
പ്രവാസ അനുഭവങ്ങളെ ഹൃദയം കൊണ്ട് സ്വീകരിക്കാനും..
എന്റെയീ പ്രവാസങ്ങളുടെ ഊഷരതകൾക്ക് നടുവിൽ ക്രിസ്തു ജനിക്കുന്ന പുൽക്കൂടുകളെ കണ്ടെത്താനും..

ആത്മബലം തന്ന് അനുഗ്രഹിക്കേണമേ. ആമ്മേൻ.

പ്രാർത്ഥനകൾ !

✒️ ഫാ. അജോ രാമച്ചനാട്ട്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment